സൗദി അറേബ്യ സഹായം തേടിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍; ഇറാന്‍ സംഘം റിയാദില്‍, സീന്‍ മാറുന്നു
പശ്ചിമേഷ്യയില്‍ പലതരം നീക്കങ്ങളാണ് നടക്കുന്നത്. യമനിലെ ഹൂതികളെ നേരിടാന്‍ സൗദി അറേബ്യ അമേരിക്ക വഴി ഇസ്രായേലിന്റെ സഹായം തേടി എന്നാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ പ്രതിനിധി സംഘം സൗദി അറേബ്യയില്‍ എത്തി എന്നാണ് മറ്റൊരു വിവരം. അതേസമയം, ഇറാന്‍ പ്രതിനിധികള്‍ നാളെ ചൈന സന്ദര്‍ശിക്കുന്നുമുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യമാണ് ചൈന. നേരത്തെ സൗദി അറേബ്യയും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയുടെ ഇടപെടലാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതും ഇരുരാജ്യങ്ങളും വീണ്ടും ബന്ധം പുനസ്ഥാപിക്കുന്നതിലേക്ക് എത്തിച്ചതും. ഇപ്പോള്‍ വീണ്ടും ചൈന ഇടപെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോര്‍മുസിന് പുറമെ ബാബുല്‍ മന്തിബ് കടല്‍പാത കൂടി അടയുന്നത് ലോകം വലിയ ആശങ്കയോടെയാണ് കാണുന്നത്. യുദ്ധത്തിന്റെ കെടുതി ലോകം മൊത്തം വ്യാപിക്കുമെന്ന മുന്നറിയിപ്പ് ഖത്തര്‍ നല്‍കി കഴിഞ്ഞു. ഹൂതികളുടെ ആക്രമണം സൗദി നേരിടുന്നുണ്ട്. യമനില്‍ ഹൂതികള്‍ക്കെതിരെ സൗദി തിരിച്ചടിയും നല്‍കുന്നുണ്ട്. ഈ വേളയിലാണ് ഇസ്രായേലിന്റെ സഹായം സൗദി തേടി എന്ന വാര്‍ത്ത.
സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും ഒപ്പുവെച്ച മക്ക പ്രതിരോധ കരാര്‍ സമധാനം പുനസ്ഥാപിക്കാന്‍ ഗുണം ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹായം തേടി പല രാജ്യങ്ങളെയും സൗദി അറേബ്യ സമീപിക്കുന്നുണ്ടത്രെ. അമേരിക്കയും ബ്രിട്ടനും പിന്നോട്ട് നിന്നതോടെ സൗദി പാകിസ്താന്റെ സഹായം തേടി. എന്നാല്‍ സൗദിയില്‍ നിന്നുള്ള ഇടപെടലിന് തയ്യാറാണെന്ന് അറിയിച്ച പാകിസ്താന്‍ മറ്റൊരു രാജ്യത്തേക്ക് കയറി ഇടപെടില്ലെന്നു വ്യക്തമാക്കി എന്നാണ് വാര്‍ത്ത.
ഈ സാഹചര്യത്തില്‍ സൗദി അറേബ്യ ഇസ്രായേലിന്റെ സഹായം തേടിയെന്നും അമേരിക്കയുടെ സൈന്യത്തിന്റെ മധ്യസ്ഥതയിലാണ് ഈ ചര്‍ച്ച നടന്നതെന്നും ജറുസലേം പോസ്റ്റ് ഉള്‍പ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയോ ഇസ്രായേലോ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് ഇറാന്‍ പ്രതിനിധികള്‍ റിയാദിലെത്തി എന്ന വിവരം വന്നിരിക്കുന്നത്.
ഇറാനില്‍ നിന്നുള്ള വിമാനം റിയാദില്‍ ഇറങ്ങി എന്നാണ് ആദ്യ വിവരം വന്നത്. ഇറാന്റെ ശാസ്ത്ര വകുപ്പ് മന്ത്രി യുനെസ്‌കോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തി എന്ന് തെഹ്‌റാന്‍ ടൈംസ് പിന്നീട് വാര്‍ത്ത നല്‍കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നു വിലയിരുത്തുന്നു. മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമോ എന്ന് വ്യക്തമല്ല. അതിനിടെ, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നാളെ ചൈനയിലെത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തും. സമാധാന ശ്രമങ്ങള്‍ ഒരുഭാഗത്തും മറുഭാഗത്ത് യുദ്ധവും നടക്കുകയാണ് പശ്ചിമേഷ്യയില്‍.





Click it and Unblock the Notifications
