ഇറാന്‍ നേരിട്ടത് അപ്രതീക്ഷിത പ്രതിസന്ധി; മുജ്തബയെ പുറത്തെടുത്തത് അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്ന്
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുതവണ മുജ്തബ ഖാംനഇ കുടുങ്ങിയെന്ന് വെളിപ്പെടുത്തല്‍. ആദ്യ ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിന്നാലെ അവിടെയും ആക്രമണമുണ്ടായി. തുടര്‍ന്ന് തകര്‍ന്ന ആശുപത്രിയുടെ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്ന് മുജ്തബയെ പുറത്തെടുക്കുകയായിരുന്നു.
ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ട്‌സ് അംഗമായ മുഹ്‌സിന്‍ ഹൈദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തറിലെ മാധ്യമമായ അല്‍ അറബി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സുപ്രധാനമായ കാര്യങ്ങള്‍ വിശദീകരിച്ചു. എന്തുകൊണ്ട് മുജ്തബയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു എന്നതുള്‍പ്പെടെ അദ്ദേഹം പറഞ്ഞു.

പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയും കുടുംബാംഗങ്ങളും ഭരണത്തിലുണ്ടായിരുന്ന മുതിര്‍ന്ന വ്യക്തികളും ആദ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നിന്ന് പരിക്കേറ്റ മുജ്തബയെ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടുപിന്നാലെയാണ് മൂന്ന് ആശുപത്രികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതില്‍ മൂന്നാമത്തെ ആശുപത്രിയിലായിരുന്നു മുജ്തബ. അദ്ദേഹം തകര്‍ന്ന ആശുപത്രിക്ക് അടിയില്‍പ്പെട്ടു. അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്നാണ് അദ്ദേഹം പുറത്തെടുത്തത്- ഹൈദരി പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം നടത്തിയത്. അലി ഖാംനഇ കൊല്ലപ്പെട്ടതോടെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നു. മാര്‍ച്ച് 8നാണ് മുജ്തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. പ്രഖ്യാപനം വരുന്നതു വരെ ആരാണ് അടുത്ത പരമോന്നത നേതാവ് എന്ന് മുജ്തബ പോലും അറിയില്ലായിരുന്നു എന്നും ഹൈദരി വിശദീകരിച്ചു.
പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ട്‌സ് ആണ്. ഇവരെയും അമേരിക്കയും ഇസ്രായേലും ലക്ഷ്യമിട്ടിരുന്നു. ഇവര്‍ യോഗം ചേരുന്ന ഖും സെക്രട്ടേറിയറ്റിന് നേരെ മിസൈല്‍ ആക്രമണമുണ്ടായി. എട്ടു പേര്‍ കൊല്ലപ്പെടുകയും പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ നശിക്കുകയും ചെയ്തുവെന്ന് ഹൈദരി പറയുന്നു.
പുതിയ പരമോന്നത നേതാവ് ആരാകണം എന്ന് അസംബ്ലി അംഗങ്ങള്‍ പിന്നീട് കടലാസില്‍ രേഖപ്പെടുത്തി രഹസ്യ മുറിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ വച്ചാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. മുജ്തബയെ പരമോന്നത നേതാവാക്കണം എന്ന് ആദ്യം നിര്‍ദേശിച്ചത് താനാണ് എന്ന് ഹൈദരി പറയുന്നു. അമേരിക്കക്കും ഇസ്രായേലിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ യോഗ്യന്‍ മുജ്തബയാണ്. അദ്ദേഹം ആരോഗ്യവാനാണ് എന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നു. മതപരവും നിയമപരവുമായ അറിവുള്ള യോഗ്യനായ വ്യക്തിയാണ് മുജ്തബ. നേരത്തെ പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടില്ലെങ്കിലും പിതാവിന്റെ ഉപദേശകനായിരുന്നു എന്നും ഹൈദരി സൂചിപ്പിച്ചു.


Click it and Unblock the Notifications
