യുഎഇ കപ്പല്‍ ഹോര്‍മുസില്‍ ആക്രമിച്ചു; പ്രതികരിച്ച് അഡ്‌നോക്, പിന്നാലെ ഉപാധികളുമായി ഇറാന്‍
ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന വേളയില്‍ യുഎഇയുടെ എണ്ണ കപ്പല്‍ ആക്രമിച്ചു. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോകിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആര്‍ക്കും പരിക്കില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അഡ്‌നോക് പ്രസ്താവനയില്‍ അറിയിച്ചു, മിസൈല്‍ ആക്രമണമാണ് നടന്നത് എന്ന് അഡ്‌നോക് പറയുന്നു.
അതേസമയം, പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ഹോര്‍മുസ് പാത തുറക്കണം എങ്കില്‍ ചില ഉപാധികള്‍ അമേരിക്ക പാലിക്കണം എന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ഇറാനെതിരെ ചുമത്തിയ ഉപരോധം പൂര്‍ണമായി പിന്‍വലിക്കണം എന്നാണ് പ്രധാന ഉപാധി. പശ്ചിമേഷ്യയില്‍ നിന്ന് യുഎസ് സൈന്യം മടങ്ങിപ്പോകണം എന്നും ഉപാധിയുണ്ട്.

ഇറാനിലെ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹമ്മദ് ബാഗിര്‍ സുല്‍ഖദര്‍ ആണ് അമേരിക്കക്ക് മുമ്പാകെ പുതിയ ഉപാധികള്‍ വച്ചിരിക്കുന്നത്. യുദ്ധത്തില്‍ ഇറാന് സംഭവിച്ച നഷ്ടങ്ങള്‍ക്ക് അമേരിക്ക പരിഹാരം നല്‍കണം. ഇറാന്റെ തടഞ്ഞുവച്ച ആസ്തികള്‍ വിട്ടുതരണം എന്നീ ഉപാധികളും അദ്ദേഹം മുന്നോട്ടുവച്ചു. ഇറാന്‍ യുദ്ധം തുടങ്ങിയതു മുതല്‍ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
ഇറാന്റെ സഖ്യകക്ഷികളെ ആക്രമിക്കുന്നത് അമേരിക്ക അവസാനിപ്പിക്കണം, ഇറാനെതിരെ ഭീഷണി മുഴക്കുന്നത് നിര്‍ത്തണം എന്നും ഇറാന്‍ പ്രതിനിധി ആവശ്യപ്പെട്ടു. അമേരിക്ക വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഖത്തറും പാകിസ്താനും ഒമാനും മധ്യസ്ഥത വഹിച്ചതിനെ തുടര്‍ന്ന് നേരത്തെ 60 ദിവസത്തെ സമാധാന കരാര്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ കരാര്‍ ലംഘിക്കപ്പെട്ടു എന്ന് ആരോപിച്ച് അമേരിക്കയും ഇറാനും പരസ്പരം ആക്രമണം പുനരാരംഭിക്കുകയാണ് ചെയ്തത്.
അതേസമയം, ഹോര്‍മുസ് കടല്‍പാതയിലൂടെയുള്ള ഗതാഗത്തിന് പ്രത്യേക ചട്ടം കൊണ്ടുവരാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഒമാനുമായി വിഷയം ചര്‍ച്ച ചെയ്തു. ഇറാനും ഒമാനും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഹോര്‍മുസ് കടല്‍പാത. ഇതിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ചരക്കിന്റെ 5 മുതല്‍ 7 ശതമാനം വരെ ടോള്‍ ചുമത്തണം എന്നാണ് ഇറാന്റെ ആവശ്യം. ടോള്‍ പിരിക്കില്ലെന്ന് ഇറാന്‍ തങ്ങളെ അറിയിച്ചു എന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറയുന്നത്.
അതിനിടെ, സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചത് ഇറാന്‍ സംശയത്തോടെയാണ് കാണുന്നത്. സുന്നി രാജ്യങ്ങളുടെ ഐക്യം വരുന്നതാണ് ഇറാന് ആശങ്ക പരത്തുന്നത്. അതേസമയം, മൂന്ന് രാജ്യങ്ങളും പലസ്തീന് ഒപ്പം നില്‍ക്കുന്നവരാണ്. ഇത്തരം ഐക്യം ആശങ്കയോടെയാണ് ഇസ്രായേലും കാണുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും അവരെ തങ്ങള്‍ക്ക് എതിരാക്കുന്നത് അമേരിക്കയാണ് എന്നും ഇറാന്‍ പ്രതികരിച്ചു.





Click it and Unblock the Notifications