ഇറാന്‍ വീണാല്‍ അമേരിക്കയില്‍ 35 വര്‍ഷം വെളിച്ചം; ഖത്തര്‍ കൂടി സമ്മതിക്കണം, ട്രംപ് ലക്ഷ്യമിടുന്നത്
ദുബായ്: വെനസ്വേലയ്ക്ക് ശേഷം അമേരിക്ക ലക്ഷ്യമിടുന്ന രാജ്യം ഇറാന്‍ ആണ്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങളെയാണ് അമേരിക്ക വരുതിയില്‍ ആക്കുന്നത്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. നേരത്തെ വെനസ്വേലയുമായി വ്യാപാരം നടത്തുന്നവര്‍ക്കെതിരെയും അമേരിക്ക ഭീഷണി മുഴക്കിയിരുന്നു.
വെനസ്വേല നിയന്ത്രണത്തിലാക്കിയത് ആ രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരം കണ്ടിട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്ന് 50 മില്യണ്‍ ബാരല്‍ എണ്ണ അമേരിക്ക വാങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. വെനസ്വേലയിലെ ക്രൂഡ് ഓയില്‍ ലഭ്യമാക്കണം എന്ന റിലയന്‍സിന്റെ ആവശ്യത്തോട് അമേരിക്ക അനുകൂലമായി പ്രതികരിച്ചു എന്ന വാര്‍ത്തകളുമുണ്ട്. അതിനിടെയാണ് അമേരിക്കയുടെ ഇറാന്‍ വിരുദ്ധ നീക്കം.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക ശേഖരമുള്ള രാജ്യമാണ് ഇറാന്‍. ഇറാനോട് ചേര്‍ന്ന പേര്‍ഷ്യന്‍ ഗള്‍ഫിലാണ് ഈ വാതകം. വാതക പാടത്തിന്റെ ഒരു ഭാഗത്ത് ഇറാന്‍ ആണ്. മറുഭാഗത്ത് ഖത്തറും. ഇറാനില്‍ സൗത്ത് പാര്‍സ് എന്നാണ് ഈ മേഖല അറിയപ്പെടുക. ഖത്തറില്‍ നോര്‍ത്ത് ഡോം എന്നും. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. അമേരിക്കന്‍ ഉപരോധം കാരണം ഇറാന് വാതക കയറ്റുമതി സാധ്യമായിട്ടില്ല.
1990ലാണ് ഇറാന്റെയും ഖത്തറിന്റെയും അതിര്‍ത്തി മേഖലയില്‍ പ്രകൃതി വാതകം കണ്ടെത്തിയത്. 9700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ വാതക മേഖല. ഇതില്‍ 3700 കിലോമീറ്ററാണ് ഇറാന്റെ കൈവശം. ബാക്കി ഖത്തറിന്റെ അതിര്‍ത്തിക്കുള്ളിലാണ്. 14 ലക്ഷം കോടി ക്യൂബിക് മീറ്റര്‍ വാതകമാണ് ഇറാനിലുള്ളത്. കൂടാതെ 18 ബില്യണ്‍ ബാരല്‍ കണ്ടന്‍സേറ്റും.
ഇറാന്‍ അമേരിക്കയുടെ വരുതിയില്‍ വരുമോ?
ഇറാനില്‍ ഇതുവരെ കണ്ടെത്തിയ വാതകത്തിന്റെ കണക്ക് പ്രകാരം ലോകത്തെ മൊത്തം വാതകത്തിന്റെ എട്ട് ശതമാനം വരും. ഈ മേഖലയില്‍ മൊത്തം 1800 ലക്ഷം കോടി ക്യൂബിക് അടി വാതകമുണ്ട്. 13 വര്‍ഷം ലോകത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന അത്രയും വരുമിത്. അമേരിക്കയില്‍ 35 വര്‍ഷം വൈദ്യുതി ഉപയോഗത്തിന് പര്യാപ്തമായ അളവിലുള്ളതാണ് ഈ വതാകം.
വിദേശ കമ്പനികളുടെ സഹകരണത്തോടെ ഖത്തര്‍ എല്‍എന്‍ജിയാക്കി മാറ്റി വാതകം കയറ്റുമതി ചെയ്യുന്നുണ്ട്. ഇറാന് വേണ്ടത്ര കയറ്റുമതിയില്ല. ആഭ്യന്തര ആവശ്യത്തിനാണ് അവര്‍ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര ഉപരോധവും കയറ്റുമതി നിയന്ത്രണവുമാണ് ഇറാനെ വെട്ടിലാക്കിയത്. തുടര്‍ച്ചയായ ഉപരോധം ഇറാനെ സാമ്പത്തികമായി തകര്‍ത്തിട്ടുണ്ട്. ഇറാന്‍ റിലായിന്റെ മൂല്യം കുത്തനെ വീഴുകയും ചെയ്തു. ഇതെല്ലാമാണ് ഇപ്പോള്‍ ജനകീയ പ്രക്ഷോഭമായി മാറിയിക്കുന്നത്.
ഇറാന്‍ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ ഇറാനില്‍ എന്താണ് നടക്കുന്നത് എന്ന വ്യക്തമായ ചിത്രം ലഭ്യമല്ല. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയാണ് എന്നാണ് വാര്‍ത്തകള്‍. മരണം 500 കവിഞ്ഞു എന്നും കേള്‍ക്കുന്നു. ഇറാനിലെ സംഭവങ്ങളില്‍ മനുഷ്യാവകാശ സംഘടനകളും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. അമേരിക്ക ഇറാനിലെ വാതകവും മറ്റുമാണ് ലക്ഷ്യമിടുന്നത് എങ്കിലും ഖത്തര്‍ കൂടി സഹകരിച്ചാലേ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കൂ.












Click it and Unblock the Notifications