ഉടക്കിട്ടത് സൗദി അറേബ്യ; വെളിപ്പെടുത്തി ഇറാന്‍, ഒമാനിലെ യോഗം മാറ്റിയതിന് കാരണം ഇതാണ്
ഹോര്‍മുസ് കടല്‍പാത സംബന്ധിച്ച് ഇറാനും ജിസിസി രാജ്യങ്ങളും സംയുക്തമായി ഒമാനില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത് ഇന്നാണ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് യോഗം നടക്കില്ലെന്നും പങ്കെടുക്കേണ്ട രാജ്യങ്ങള്‍ യോഗം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടു എന്നും ഒമാന്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്ന് യോഗം നടക്കില്ലെന്ന് ഇറാനും അറിയിച്ചു.
ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ഇറാന്‍. യോഗം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത് സൗദി അറേബ്യയാണ് എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗാഇ പറഞ്ഞു. വാരാന്ത്യ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ഇര്‍ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഒമാനും ഇറാനും. ഈ രണ്ട് രാജ്യങ്ങളും ഹോര്‍മുസിലൂടെ കപ്പലുകള്‍ പോകേണ്ടത് സംബന്ധിച്ച് ധാരണ തയ്യാറാക്കിയിരുന്നു. ഈ ധാരണ ജിസിസി രാജ്യങ്ങളെ അറിയിക്കാനാണ് സലാലയില്‍ യോഗം വിളിച്ചത്. യോഗത്തിന് എത്തില്ലെന്ന് ബഹ്‌റൈന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. എങ്കിലും യോഗം നടക്കുമെന്ന് വിചാരിച്ചിരിക്കെയാണ് ഞായറാഴ്ച രാത്രി മാറ്റിവെക്കുന്ന അറിയിപ്പ് വന്നത്.
ഏത് രാജ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് യോഗം മാറ്റുന്നത് എന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇറാന്‍ തന്നെ ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തീരുമാനം എന്ന് ഇറാന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ജിസിസി-ഇറാന്‍-ഇറാഖ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിക്കുന്നത്. ഈ നീക്കം മേഖല സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന തോന്നലുണ്ടാക്കുകയും ചെയ്തു.
അതേസമയം, ഇന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് സൈനിക കമാന്ററും തമ്മില്‍ ജിദ്ദയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയെ ഒഴിവാക്കിയുള്ള ചര്‍ച്ചകളും കൂടിയാലോചനകളുമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. അമേരിക്കന്‍ സൈന്യം എത്രയും വേഗം പശ്ചിമേഷ്യ വിട്ടുപോകണം എന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഒമാനുമായുള്ള ചര്‍ച്ചയില്‍ ഇറാന്‍ അമേരിക്കയെ ഉള്‍പ്പെടുത്തിയിരുന്നുമില്ല.
അതേസമയം, സൗദി കിരീടവകാശിയും യുഎസ് കമാന്ററും തമ്മിലുള്ള ചര്‍ച്ച നിര്‍ണായകമാണ്. കാരണം, ഹൂതികള്‍ സൗദിക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. സൗദി സഖ്യസേന ഹൂതികള്‍ക്ക് സ്വാധീനമുള്ള യമനിലെ പ്രദേശങ്ങളിലും ആക്രമണം തുടരുകയാണ്. ഈ വേളയില്‍ സൗദി പക്ഷത്ത് അമേരിക്ക കൂടി ചേരുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കെയാണ് ബിന്‍ സല്‍മാന്‍ യുഎസ് കമാന്ററെ കാണുന്നത്. ഹൂതികള്‍ക്കെതിരായ നീക്കത്തില്‍ സഹകരിക്കണം എന്ന് അമേരിക്കയോട് സൗദി അറേബ്യ ആവശ്യപ്പെട്ടുവെന്നും അമേരിക്ക തയ്യാറായില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.





Click it and Unblock the Notifications
