ഇറാന്‍ ഒരടി പിന്നോട്ടില്ല; 6 നിബന്ധന വച്ചു; അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല, കടുപ്പിച്ച് വിപ്ലവ സേനയും
തെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമാകുന്നു. ആറ് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. അമേരിക്ക എളുപ്പത്തില്‍ അനുവദിക്കാന്‍ സാധ്യതയില്ലാത്ത നിബന്ധനകാണിത്. അതേസമയം, അമേരിക്കയുമായി ചര്‍ച്ച നടക്കുന്നില്ലെന്നും ധാരണാപത്രം ലംഘിക്കുന്ന അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മില്‍ സമവായത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താനും ഖത്തറും ശ്രമം നടത്തിയത്. എന്നാല്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല എന്ന നിലപാടിലാണ് ഇറാന്‍. അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കും എന്നാണ് ഇറാന്‍ സൈന്യം പറയുന്നത്. പകരം ഒമാനുമായി ഇറാന്‍ ചര്‍ച്ച നടത്തി. അത് ഹോര്‍മുസ് യാത്രയുമായി ബന്ധപ്പെട്ടാണ്.

അമേരിക്കയും ഇറാനും തമ്മില്‍ നേരത്തെ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇത് അമേരിക്ക ലംഘിച്ചു എന്നാണ് ഇറാന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ധാരണ പാലിക്കുന്നത് വരെ അമേരിക്കയുമായി ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തങ്ങളുടെ ആവശ്യം അമേരിക്ക അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് പാത അടഞ്ഞു കിടക്കുമെന്നും ഇറാന്‍ മന്ത്രി പറഞ്ഞു.
അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടക്കുന്നില്ല. മധ്യസ്ഥര്‍ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള ഉപാധികള്‍ തയ്യാറാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് ചര്‍ച്ചയല്ല, സന്ദേശം കൈമാറലാണ്. അമേരിക്ക തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് പാത അടഞ്ഞുകിടക്കുമെന്ന് ഇറാന്‍ വിപ്ലവ സേന വക്താവ് ഹുസൈന്‍ മുഹിബി അറിയിച്ചു.
ഇറാന്‍ മുന്നോട്ടുവച്ച ഉപാധികള്‍ ഇവയാണ്
ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരെ അമേരിക്ക ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കണം. ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരായ സൈനിക നീക്കവും നിര്‍ത്തണം. മേഖലയില്‍ നിന്ന് അമേരിക്കയുടെ നാവിക-വ്യോമ സേനകള്‍ പിന്മാറണം. ഇറാന്റെ തുറമുഖങ്ങള്‍ക്ക് എതിരായ ഉപരോധം അവസാനിപ്പിക്കണം, യുദ്ധം കാരണം ഇറാന് വന്ന നഷ്ടം നികത്താന്‍ നഷ്ടപരിഹാരം വേണം, ഇറാനെതിരായ എല്ലാ ഉപരോധം അവസാനിപ്പിക്കുകയും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുതരികയും വേണമെന്നും ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഗിര്‍ സുല്‍ഖദിര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഈ നിബന്ധനകള്‍ അമേരിക്ക അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ യുദ്ധം വേഗത്തില്‍ അവസാനിക്കാന്‍ സാധ്യതയില്ല. ഹോര്‍മുസ് പാത തുറക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. വര്‍ഷങ്ങള്‍ യുദ്ധം ചെയ്ത പാരമ്പര്യമുള്ള രാജ്യമാണ് ഇറാന്‍. ഹോര്‍മുസ് തുറക്കാതിരുന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ചരക്കു വരവ് കൂടുതല്‍ പ്രതിസന്ധിയിലാകും. ഒപ്പം ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലാകുകയും ചെയ്യും.





Click it and Unblock the Notifications