ഗള്‍ഫില്‍ സന്തോഷം; ഇറാന്‍ ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്
ടെഹ്‌റാന്‍: ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കി ഇറാന്റെ പുതിയ പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍. നേരത്തെ നടന്ന ആക്രമങ്ങളില്‍ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു. ഗള്‍ഫില്‍ പ്രതിസന്ധി ഇരട്ടിയാകുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.
ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി ഇത് തുടരുകയാണ്. ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു എന്ന വിവരവും ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്ന് സന്തോഷം നല്‍കുന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇറാനില്‍ നിലവില്‍ ഭരണം നടത്തുന്നത് മൂന്നംഗ സമിതിയാണ്. പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, പണ്ഡിത സമിതി അംഗം എന്നിവരാണ് ഇതിലുള്ളത്. ഈ സമിതിയാണ് പുതിയ തീരുമാനം കൈകൊണ്ടത്. അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കേണ്ടതില്ല എന്നാണ് തീരുമാനം. അതേസമയം, അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ ആക്രമിക്കുകയും ചെയ്യും.
പ്രസിഡന്റ് പെഷസ്‌കിയാന്‍ ഇക്കാര്യം അറിയിച്ചു എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മാപ്പ് ചോദിച്ചു എന്ന് അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റിന്റെ തീരുമാനം നടപ്പായാല്‍ ജിസിസി രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഇനി വിമാനത്താവളങ്ങള്‍ക്കും മറ്റും നേരെ ആക്രമണം ഉണ്ടാകാനിടയില്ല.
ജിസിസി രാജ്യങ്ങളുടെ നിലപാട്
ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് അനുവദിക്കില്ലെന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഈ രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടിരുന്നത്. മിസൈലുകള്‍ വെടിവച്ച് വീഴ്ത്തുന്ന സാഹചര്യത്തില്‍ അവശിഷ്ടങ്ങള്‍ വീണതുകൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതിനിടെ മനപ്പൂര്‍വമായ ചില ആക്രമണങ്ങള്‍ ഇറാന്‍ നടത്തി എന്ന് സംശയിക്കാവുന്ന സംഭവങ്ങളുമുണ്ടായി. ഖത്തറിലെയും കുവൈത്തിലെയും യുഎഇയിലെയും സൗദിയിലെയും വാണിജ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. എണ്ണ, വാതക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ഗള്‍ഫ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
ഇറാന്‍ നേതൃത്വവുമായി കഴിഞ്ഞ ദിവസം ഖത്തര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇറാന്റെ പ്രതിനിധികളെ വിളിച്ചുവരുത്തി ജിസിസി രാജ്യങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഇറാന്‍ ഒരടി പിന്നോട്ട് വെക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനം ലംഘിക്കപ്പെടുമോ എന്ന ആശങ്കയും ബാക്കിയാണ്. തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത് തങ്ങളല്ല എന്നും ഇറാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications