കപ്പല്‍ കത്തി, ഡ്രോണ്‍ വെടിവെച്ചിട്ടു; ജോര്‍ദാന് പിന്നാലെ യുഎഇയിലും ആക്രമണം നടത്തി ഇറാന്‍
പശ്ചിമേഷ്യ വീണ്ടും പുകയുന്നു. ജോര്‍ദാന് പിന്നാലെ യുഎഇയിലും ഇറാന്‍ ആക്രമണം നടത്തി. അമേരിക്ക ആക്രമിക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് ഷെസഷ്‌കിയാന്‍ പറഞ്ഞു. ജോര്‍ദാനില രണ്ട് യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടയിരുന്നു ഇറാന്റെ ആക്രണം. എട്ട് മിസൈല്‍ തടഞ്ഞു എന്ന് ജോര്‍ദാന്‍ സൈന്യം അറിയിച്ചു.
യുഎഇയിലെ അല്‍ മിന്‍ഹാദ് വ്യോമതാവളത്തിലാണ് ഇറാന്‍ സൈന്യം ആക്രമണം നടത്തിയത്. ഇവിടെ കേടുപാടുകള്‍ സംഭവിച്ചോ എന്ന് വ്യക്തമല്ല. ഹോര്‍മുസ് കടലില്‍ അമേരിക്കയുടെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു. കൂടാതെ കൂറ്റന്‍ എണ്ണ ടാങ്കറിന് തീപിടിക്കുകയും ചെയ്തു. മൈനുകള്‍ പൊട്ടിയതാണ് തീപിടിക്കാന്‍ കാരണം. പശ്ചിമേഷ്യയില്‍ യുദ്ധം ഏത് സമയവും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചേക്കാം...

ഇറാനിലെ ലറാക് ദ്വീപ് അമേരിക്ക ആക്രമിച്ചതാണ് പുതിയ സംഭവങ്ങള്‍ക്കെല്ലാം കാരണം. ഇവിടെയുള്ള ഇറാന്‍ സൈനികര്‍ പുതിയ നീക്കത്തിന് ഒരുങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് സൈന്യത്തിന്റെ ആക്രമണം. ലറാക്കില്‍ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു എന്ന് ഇറാന്‍ അറിയിച്ചു. യുദ്ധത്തിന് താല്‍പ്പര്യമില്ലെന്നും അമേരിക്ക ആക്രമിക്കുമ്പോള്‍ അടങ്ങിയിരിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
യുഎഇയിലെ അല്‍ മിന്‍ഹാദ് താവളത്തിലെ യുഎസ് സൈനിക ആസ്തികള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ഡ്രോണുകള്‍ അയച്ചത്. ഇവിടെ പിന്നീട് എന്തു നടന്നു എന്ന വിവരം വന്നിട്ടില്ല. ആക്രമണവും തിരിച്ചടിയും കാരണം ആശങ്കയിലായ വിപണി താളംതെറ്റി. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന് വീണ്ടും 90 ഡോളറിന് മുകളിലായി. എല്ലാ രാജ്യങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.
ഇറാനെതിരെ ആക്രമണം വ്യാപിപ്പിക്കരുത് എന്ന് അമേരിക്കയുടെ സൈനിക ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ ആക്രമിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും യുഎസ് യുദ്ധ വിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുകയാണ് അമേരിക്ക. കൂടുതല്‍ സൈനികരെയും എത്തിച്ചിട്ടുണ്ട്. ഇത് മറ്റിടങ്ങളിലെ യുഎസ് സൈനിക സാന്നിധ്യത്തെ ബാധിക്കുന്നു എന്നാണ് ഓഫീസര്‍മാര്‍ പറയുന്നത്.
യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിന്യസിച്ച യുഎസ് സൈനിക യൂണിറ്റുകളിലെ കമാന്റര്‍മാരാണ് എതിര്‍പ്പ് അറിയിച്ച് രംഗത്തുവന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പസഫിക് സമുദ്രത്തില്‍ വിന്യസിച്ച യുഎസ് യുദ്ധക്കപ്പലുകള്‍ അമേരിക്ക അടുത്തിടെ പശ്ചിമേഷ്യയിലേക്ക് മാറ്റിയിരുന്നു. ജപ്പാന്‍, തായ്‌ലാന്റ് എന്നിവരെല്ലാം ഇതില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. പുതിയ ആക്രമണത്തില്‍ ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്ന സ്ഥിരീകരണം വന്നിട്ടുണ്ട്. അമേരിക്കന്‍ ഭാഗത്ത് എന്തൊക്കെ സംഭവിച്ചു എന്ന് ഇതുവരെ വ്യക്തമല്ല. ഇറാന്‍ പ്രസിഡന്റ് വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇസ്താംബൂറില്‍ തുര്‍ക്കി, സൗദി, പാകിസ്താന്‍ മന്ത്രിമാരുടെ ചര്‍ച്ചയും ഇന്ന് നടക്കും.




Click it and Unblock the Notifications