ഖത്തറിനെയും യുഎഇയെയും വെറുതെ വിടാതെ ഇറാന്‍; എന്തുകൊണ്ട് ഒമാനെ തൊടുന്നില്ല, ഇതാണ് കാരണം
മസ്‌കത്ത്: 137 മിസൈലുകളും 209 ഡ്രോണുകളുമാണ് യുഎഇയെ ലക്ഷ്യമിട്ട് ഇറാന്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ തൊടുത്തുവിട്ടത്. ഖത്തറിലേക്കുമെത്തി 16 മിസൈലുകള്‍. യുഎഇയില്‍ ഒരാള്‍ മരിക്കുകയും ഖത്തറില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളെയും ഇറാന്‍ ആക്രമിച്ചു.
ബഹ്‌റൈനില്‍ അമേരിക്കയുടെ നാവിക സേന ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെയാണ് ഇറാന്‍ സൈന്യം ആദ്യ ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ തുരുതുരാ മിസൈലുകള്‍ വന്നു. പലതും പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞു. ചിലത് ലക്ഷ്യം കണ്ടു. ചിലത് ആകാശത്ത് വച്ച് തകര്‍ത്തപ്പോള്‍ അവശിഷ്ടങ്ങള്‍ വീണും അനിഷ്ട സംഭവങ്ങളുണ്ടായി.

ദുബായ് വിമാനത്താവളം, ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍, പാം ജുമൈറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം യുഎഇയില്‍ ആക്രമണം ഉണ്ടായി. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ദുബായിലെ ഓഫീസും ആക്രമിക്കപ്പെട്ടു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. നിരവധി യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന വാദം അമേരിക്ക നിഷേധിച്ചു.
ആറ് രാജ്യങ്ങളാണ് ജിസിസിയില്‍. മധ്യസ്ഥ ചര്‍ച്ചകള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും പേരുകേട്ട ഖത്തറും ഇതില്‍പ്പെടും. എന്നാല്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിന്ന് ഖത്തറിനും രക്ഷ കിട്ടിയില്ല. ഒമാനെ മാത്രമാണ് ഇറാന്‍ ആക്രമിക്കാത്തത്. എന്തുകൊണ്ട് ഒമാനെ മാത്രം ഇറാന്‍ വെറുതെ വിടുന്നു എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അവിടെയാണ് ഒമാന്റെ വ്യത്യസ്തമായ നയം ചര്‍ച്ചയാകുന്നത്.
ഒമാന്‍ വേറിട്ട രാജ്യം, ഇറാന്‍ തൊടാത്തതിന് കാരണം ഇതാണ്
ഒമാനില്‍ സ്ഥിരമായ അമേരിക്കന്‍ സൈനിക താവളമില്ല എന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഒമാന്റെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് കഴിയും. അത്തരത്തിലുള്ള കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒമാന്റെ സേനാ താവളങ്ങള്‍, തുറമുഖം എന്നിവ അമേരിക്കന്‍ സൈന്യം ഉപയോഗിക്കാറുണ്ട്. എങ്കിലും മറ്റു രാജ്യങ്ങളെ പോലെ സ്ഥിരം യുഎസ് താവളം ഒമാനില്‍ ഇല്ല.
50 വര്‍ഷത്തില്‍ അധികമായി ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഒമാന്‍. 1970കളില്‍ ദോഫാര്‍ മാര്‍ക്‌സിസ്റ്റ് കലാപം നടന്നപ്പോള്‍ സുല്‍ത്താന്‍ ഖാബൂസിനെ സഹായിക്കാന്‍ ആയിരക്കണക്കിന് സൈനികരെ ഇറാന്‍ അയച്ചിരുന്നു. 1979ല്‍ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നപ്പോഴും ഒമാന്‍ അടുത്ത സൗഹൃദം തുടര്‍ന്നു.
ഹോര്‍മുസ് കടലിടുക്കിലും നിര്‍ണായകം ഒമാന്‍
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചയ്ക്ക് വേദിയായത് ഒമാന്‍ ആയിരുന്നു. സൗദിയും ഹൂത്തികളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും ഒമാന്‍ തന്നെ. മേഖളയിലെ ഏത് വിഷയത്തിലും നിഷ്പക്ഷ നിലപാടാണ് ഒമാന്. മറ്റു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ ഒമാന്‍ ഇടപെടില്ല. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാകുകയും ചെയ്യും.
ഒമാനെ ആക്രമിക്കുന്നത് ഇറാന് വലിയ തിരിച്ചടിയാകുമെന്ന കാര്യവും എടുത്തു പറയണം. തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാനും ഒമാനുമാണ് നോക്കുന്നത്. ഇറാനെ പിണക്കിയാല്‍ ഒമാനും ഒമാനെ പിണക്കിയാല്‍ ഇറാനും ഹോര്‍മുസില്‍ തിരിച്ചടി ലഭിക്കും. ഇറാന്‍-ഒമാന്‍ എണ്ണ പൈപ്പ് ലൈന്‍ പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൗദി ഉള്‍പ്പെടെയുള്ളവര്‍ പല വിഷയങ്ങളിലും ഇറാനെ കുറ്റപ്പെടുത്തുമ്പോള്‍ ഒമാന്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കാറുള്ളത്.












Click it and Unblock the Notifications