ചര്‍ച്ചയ്ക്ക് എത്തുന്നവരെ ഇസ്രായേല്‍ കൊന്നേക്കാം, ഖത്തര്‍ മുഖേന അമേരിക്ക ഇറാനെ അറിയിച്ചു, റിപ്പോര്‍ട്ട്
ഇറാന്‍ പ്രതിനിധികളായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തുന്നവരെ ഇസ്രായേല്‍ കൊലപ്പെടുത്തുമോ എന്ന ആശങ്ക അമേരിക്കക്ക് ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്ക ഇറാനെ അറിയിച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ച നിലയ്ക്കുമോ എന്ന ആശങ്കയായിരുന്നു അമേരിക്കക്ക്.
പശ്ചിമേഷ്യയിലെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും ഒരുഭാഗത്ത് ഇസ്രായേലാണ്. പലസ്തീനുമായും സിറിയയുമായും ലബ്‌നാനുമായും ഇറാഖും ഇറാനുമായും ഇസ്രായേല്‍ യുദ്ധം ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ ലബ്‌നാനുമായിട്ടാണ് ഇസ്രായേലിന്റെ യുദ്ധം. യുദ്ധ മേഖലയില്‍ ഇസ്രായേല്‍ മനുഷ്യാവകാശം ലംഘിക്കുന്നു എന്ന് യുഎന്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല, ചര്‍ച്ചയ്ക്ക് എത്തുന്നവരെ ഇസ്രായേല്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

പലസ്തീനുമായുള്ള യുദ്ധ വേളയില്‍ ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ ഹമാസ് നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സമാനമായ നീക്കം ഇറാന്റെ കാര്യത്തിലും ഇസ്രായേല്‍ നടത്തുമോ എന്ന സംശയം അമേരിക്കക്കുണ്ടായിരുന്നു. ഇസ്രായേല്‍ ഇങ്ങനെ ഒരു നീക്കം നടത്തിയാല്‍ എല്ലാ ചര്‍ച്ചകളും നിലയ്ക്കും. ഇത് യുദ്ധം നീണ്ടുപോകാന്‍ ഇടയാക്കുമെന്നതായിരുന്നു അമേരിക്കയുടെ ആശങ്ക.
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗാലിബഫ് എന്നിവരാണ് പ്രതിനിധികളായി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പാകിസ്താനിലും ജനീവയിലും ഖത്തറിലുമായി പല തവണ ചര്‍ച്ചകള്‍ നടന്നു. ഈ വേളയില്‍ ഇസ്രായേല്‍ ഇവരെ കൊലപ്പെടുത്തുമോ എന്ന ആശങ്ക അമേരിക്കക്കുണ്ടായിരുന്നു.
ഇസ്രായേല്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി
കൊലപ്പെടുത്തേണ്ട ഇറാന്‍ നേതാക്കളുടെ പട്ടിക ഇസ്രായേല്‍ സൈന്യം തയ്യാറാക്കിയിരുന്നു. ഇതില്‍ പ്രധാനിയായിരുന്നു ഗാലിബഫ്. മധ്യസ്ഥ ചര്‍ച്ച നടക്കുന്ന വേളയില്‍ ഇദ്ദേഹത്തെ ആക്രമിക്കരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാലിബഫും അരഗ്ചിയും ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട് എന്ന് നേരത്തെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇസ്രായേലിന്റെ നീക്കത്തില്‍ ഇറാനും സംശയങ്ങളുണ്ടായിരുന്നു. ഗാലിബഫും അരഗ്ചിയും കഴിഞ്ഞ ഏപ്രിലില്‍ ആണ് പാകിസ്താനിലെ ഇസ്ലാമാബാദില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി ആദ്യ ചര്‍ച്ച നടത്തിയത്. ഇരു പ്രതിനിധികളെയും ഇസ്രായേല്‍ ആക്രമിക്കില്ല എന്ന് ഉറപ്പ് നല്‍കണം എന്നായിരുന്നു ഇറാന്റെ ആവശ്യം. ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ മുഖേന ഇറാന്‍ ഇക്കാര്യത്തില്‍ അമേരിക്കയോട് ഉറപ്പ് ചോദിച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പാകിസ്താന്‍ വ്യോമ സേന അകമ്പടി സേവിച്ചിരുന്നു. ഇറാനിലേക്കുള്ള മടക്ക യാത്രയില്‍ ഇവരെ ആക്രമിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചുവെന്ന സംശയവും ഉയര്‍ന്നു. ഇറാഖ് വഴി ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ഇറാനിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് മശ്ഹദ് നഗരത്തില്‍ വിമാനം അടിയന്തരമായി ഇറക്കി റോഡ് മാര്‍ഗമാണ് പ്രതിനിധികള്‍ തെഹ്‌റാനിലെത്തിയത്.














Click it and Unblock the Notifications