ഇസ്രായേലിനെ പൂട്ടാന്‍ ബുദ്ധി ഉപദേശിച്ച് ഇറാന്‍: എണ്ണ ആയുധമാക്കണം, സൗദിയും യുഎഇയും തയ്യാറാകുമോ?
ഹമാസ്-ഇസ്രായേല്‍ സംഘർഷത്തില്‍ ഇസ്രായേലിനെതിരെ മുസ്ലിം രാജ്യങ്ങള്‍ കടുത്ത തീരുമാനം എടുക്കണമെന്ന ആവശ്യവുമായി ഇറാന്‍. ഇസ്രായേലിന് മേല്‍ എണ്ണ ഉപരോധം ഉൾപ്പെടെയുള്ള പൂർണ്ണവും അടിയന്തിരവുമായ ബഹിഷ്കരണത്തിന് തയ്യാറാവണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെടുന്നത്.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിൽ (ഒഐസി) ഉൾപ്പെട്ട രാജ്യങ്ങൾ ഇസ്രായേലിന് മേൽ എണ്ണ ഉപരോധം ഏർപ്പെടുത്തുകയും ഇസ്രായേല്‍ അംബാസഡർമാരുള്ള മുസ്ലീം രാജ്യങ്ങൾ അവരെ ഉടൻ ഉടൻ പുറത്താക്കണമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുള്ളഹിയാൻ ആവശ്യപ്പെടുന്നത്.

ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ യുദ്ധക്കുറ്റം ഏർപ്പെടുത്താന്‍ ഇസ്ലാമിക അഭിഭാഷകരുടെ ഒരു സംഘം രൂപീകരിക്കണമെന്നും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഒഐസി യോഗത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നു.
നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഗാസ സിറ്റിയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് ഇസ്രായേലിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായത്. ജോർദാൻ, ഈജിപ്ത്, പലസ്തീൻ അതോറിറ്റി നേതാക്കൾ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉച്ചകോടി റദ്ദാക്കി, ഇസ്രായേൽ-ഹമാസ് സംഘർഷം മേഖലയിലുടനീളം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ നീക്കത്തെ സങ്കീർണ്ണമാക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് ബൈഡൻ ഇസ്രായേലിലെത്തിയത്.
ഇസ്രായേല്‍ - ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട് വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ 91 ഡോളറിലാണ് ഇപ്പോൾ അസംസ്കൃത എണ്ണയുടെ വില്‍പ്പന. ഗാസയിലേക്ക് ഒരു കര ആക്രമണം നടത്താൻ ഇസ്രായേൽ തീരുമാനിച്ചാല്‍ ഹമാസിന് ഇറാന്‍ പ്രത്യക്ഷത്തില്‍ തന്നെ പിന്തുണ നല്‍കിയേക്കും. ഇത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും.
എണ്ണ വിപണിയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വഭാവം ഇസ്രയേലിന് ഏത് ഉപരോധത്തെയും മറികടക്കാൻ ധാരാളം അവസരങ്ങളും നല്‍കുന്നുണ്ട്. എന്നിരുന്നാലും നിലവില്‍ ഇസ്രായേലിന്റെ എണ്ണ ഇറക്കുമതിയില്‍ ഭൂരിഭാഗവും രണ്ട് ഭൂരിപക്ഷ മുസ്ലീം രാഷ്ട്രങ്ങളായ കസാക്കിസ്ഥാനിൽ നിന്നും അസർബൈജാനിൽ നിന്നുമാണ്. പശ്ചിമാഫ്രിക്കൻ നിർമ്മാതാക്കളിൽ നിന്നുമാണ് ഇവർ എണ്ണ ഇറക്കുമതി ചെയ്യുന്നു.
അതേസമയം, ഇസ്രായേലിന് മേല്‍ എണ്ണ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കമൊന്നും നിലവിലില്ലെന്ന സൂചനയാണ് ലോകത്തിലെ എണ്ണയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) വ്യക്തമാക്കുന്നത്. ഇത് ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും ഇറാന്റെ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ ഗ്രൂപ്പ് അടിയന്തര നടപടികളോ അടിയന്തര മീറ്റിംഗുകളോ ആസൂത്രണം ചെയ്തിട്ടില്ലെന്നും ഒപെക്ക് വ്യക്തമാക്കിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.
ഊർജ സുരക്ഷയിൽ ജിസിസി പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തിനിടയിൽ എണ്ണ ആയുധമായി ഉപയോഗിക്കരുതെന്നും അഭിപ്രായപ്പെട്ട് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസെം അൽ ബുദൈവിയും രംഗത്ത് വന്നു. "അന്താരാഷ്ട്ര സമൂഹവുമായി ഒരു എണ്ണ കയറ്റുമതിക്കാരൻ എന്ന നിലയിൽ വ്യക്തവും സത്യസന്ധവുമായ പങ്കാളിയായി ജിസിസി പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് അത് ഒരു ആയുധമായി ഉപയോഗിക്കാൻ കഴിയില്ല," ജാസെം അൽ-ബുദൈവി പറഞ്ഞു.












Click it and Unblock the Notifications