പിതാവിന്റെ ഖബറടക്കം നടക്കുമ്പോള്‍ മുജ്തബ എവിടെ? ഇറാന്‍ സുപ്രീം ലീഡറുടെ പരിക്ക് ഗുരുതരമോ
തെഹ്‌റാന്‍: ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ എവിടെ? ഏറെ കാലമായി അദ്ദേഹം പൊതുരംഗത്തില്ല. ഇടയ്ക്ക് ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷനുകളില്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വരുമെങ്കിലും ആളെ കണ്ടവരില്ല. കൊല്ലപ്പെട്ട പിതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഖബറടക്ക ചടങ്ങുകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നിട്ടും മുജ്തബ എവിടെയും ഇല്ല.
അലി ഖാംനഇയെ വളരെ സൗമ്യനായിട്ടാണ് ഇറാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ മുജ്തബ മറിച്ചാണ്. ഇസ്രായേല്‍ വിരുദ്ധ നിലപാടില്‍ ഇറാനിലെ മിക്ക നേതാക്കള്‍ക്കും ഒരേ നിലപാട് ആണെങ്കിലും മുജ്തബ ഇക്കാര്യത്തില്‍ കണിശത പുലര്‍ത്തുന്നുണ്ട്. ആണവായുധ വിഷയത്തിലും ഇദ്ദേഹം ചുമതലയേറ്റതോടെ ഇറാന്റെ നിലപാട് മാറുമോ എന്ന് അമേരിക്കയും യൂറോപ്പും ഭയപ്പെടുന്നുണ്ട്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി തെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിലാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. മകന്‍ മുജ്തബയ്ക്ക് സാരമായി പരിക്കേറ്റു. മുജ്തബയുടെ ഭാര്യയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പേരുടെ മൃതദേഹങ്ങളാണ് സംസ്‌കരിക്കാന്‍ പോകുന്നത്.
ഫെബ്രുവരിയില്‍ 28ന് കൊല്ലപ്പെട്ട ഇവരുടെ മൃതദേഹം ഇറാനില്‍ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കുകയായിരുന്നു. യുദ്ധ സാഹചര്യത്തില്‍ മാറ്റം വന്നതോടെയാണ് ഖബറടക്കത്തിന് ഒരുങ്ങുന്നത്. ഈ മാസം ഒമ്പതിന് മഷ്ഹദ് നഗരത്തിലെ പുണ്യ കേന്ദ്രത്തിലാണ് നാലു പേരുടെയും ഖബറടക്കം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തെഹ്‌റാനിലെ ഇമാം ഖുമൈനി ഗ്രാന്‍് മുസല്ലയ്ക്ക് പുറത്ത് ശനിയാഴ്ച മുതല്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്.
ശനിയാഴ്ച ആളുകള്‍ വിലപിക്കുകയും നെഞ്ചില്‍ അടിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇറാനില്‍ നിന്ന് വന്നിരുന്നത് എങ്കില്‍ ഇന്ന് ബഹളമായ പ്രതികരണങ്ങള്‍ കുറവാണ്. എന്നാല്‍ ജനക്കൂട്ടം വര്‍ധിച്ചുവന്നിട്ടുണ്ട്. ലോക നേതാക്കളും വന്നുകൊണ്ടിരിക്കുന്നു. ഇനി ഖും നഗരത്തിലേക്ക് മൃതദേഹം കൊണ്ടുപോയ ശേഷമാണ് മഷ്ഹദിലെത്തിക്കുക.
എല്ലാവരും വന്നിട്ടും മുജ്തബ വന്നില്ല
ലോക നേതാക്കളും ഇറാനിലെ ആഭ്യന്തര നേതാക്കളുമെല്ലാം എത്തിയിട്ടും മുജ്തബ വന്നിട്ടില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്. ഇറാനിലെ ഭരണഘടന അനുസരിച്ച് പരമോന്നത നേതാവാണ് രാഷ്ട്രത്തലവന്‍. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെ കാണുന്നില്ല. മാത്രമല്ല, ഇസ്ലാമിക വിപ്ലവ ശേഷമുള്ള ഇറാനില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഖബറടക്കം നടക്കാന്‍ പോകുന്നത്.
മുജ്തബ ഖാംനഇ കൊല്ലപ്പെട്ടു എന്നായിരുന്നു ഫെബ്രുവരി 28ന് ശേഷം വന്ന വാര്‍ത്തകള്‍. എന്നാല്‍ ഭരണകൂടം ഇക്കാര്യം നിഷേധിച്ചു. അദ്ദേഹത്തിന് പരിക്കേറ്റു എന്നാണ് വിശദീകരണം. പരിക്ക് ഗുരുതരമായതു കാരണമാണ് അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ പറ്റാത്തത് എന്നാണ് മറ്റുചില റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇസ്രായേലിന്റെയും അമേരിക്കയുടെയും ചാരന്മാര്‍ ആക്രമിക്കാനുള്ള സാധ്യത കണ്ട് അദ്ദേഹം പൊതുരംഗത്ത് വരാതിരിക്കുകയാണ് എന്നും പറയപ്പെടുന്നു. പൊതുരംഗത്തില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം പോലും വരാത്തതാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ കാരണം.














Click it and Unblock the Notifications