ഇറാന്‍ ഗള്‍ഫ് രാജ്യമാണോ? യുഎഇ എമിറേറ്റ്‌സ് ഏതൊക്കെ, ജിസിസിയില്‍ എത്ര രാജ്യങ്ങളുണ്ട്, അറിയാം
ദുബായ്: പശ്ചിമേഷ്യ കലുഷിതമായതോടെ പലവിധ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. മേഖലയിലെ ഭൗമരേഖകള്‍ സംബന്ധിച്ചാണ് പലര്‍ക്കും സംശയം. ഗള്‍ഫ് രാജ്യങ്ങള്‍ ഏതൊക്കെയാണ്. ഇറാന്‍ ഗള്‍ഫ് രാജ്യമാണോ. ഇസ്രായേലും ഇറാനും തൊട്ടടുത്ത രാജ്യങ്ങളാണോ. ദുബായ് ഒരു രാജ്യമാണോ. എമിറേറ്റ്‌സ് എന്നാല്‍ എന്താണ്. യുഎഇയില്‍ എത്ര എമിറേറ്റ്‌സുണ്ട്...
എന്താണ് എബ്രഹാം കരാര്‍, ഇസ്രായേലും ഇറാനും തമ്മില്‍ ശത്രുത ഉണ്ടാകാന്‍ കാരണമെന്ത്... നിരവധി ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ഇക്കാര്യത്തിലുള്ള ചെറു വിവരണം ഇവിടെ അറിയാം. യുഎന്‍ എന്നത് ലോകരാജ്യങ്ങളുടെ കൂട്ടായ്മയാണ്. അതുപോലെ രാജ്യങ്ങളുടെ കൂട്ടായ്മ അല്ല യുഎഇ. ഏതാനും എമിറേറ്റ്‌സുകളുടെ കൂട്ടായ്മയാണ് യുഎഇ. അറിയാം വിശദ വിവരങ്ങള്‍...

ഗള്‍ഫ് സഹകരണ സമിതി അഥവാ ജിസിസി രാജ്യങ്ങളെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് വിളിക്കുക. ആറ് രാജ്യങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്. സൗദി അറേബ്യയാണ് ഇവിടെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. എന്നാല്‍ സാമ്പത്തിക-വിനോദ സഞ്ചാര മേഖലയില്‍ വലിയ മുന്നേറ്റം നടത്തിയത് യുഎഇയാണ്. ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും കണ്ടെത്തലോടെയാണ് ആറ് രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളായി മാറിയത്.
സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ജിസിസി. യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇറാന്‍ പക്ഷേ ഗള്‍ഫ് രാജ്യമല്ല. എന്നാല്‍ പശ്ചിമേഷ്യയിലെ പ്രധാന രാജ്യമാണ്. ഇറാനും ഇസ്രായേലും തൊട്ടടുത്ത രാജ്യങ്ങളല്ല. ജോര്‍ദാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ കടന്നു വേണം ഇറാനിലുള്ളവര്‍ക്ക് ഇസ്രായേലില്‍ എത്താന്‍.
യുഎഇയിലെ എമിറേറ്റ്‌സ് ഏതൊക്കെ
1979 വരെ ഇസ്രായേലും ഇറാനും അടുത്ത ബന്ധമുണ്ടായിരുന്നു. ഇസ്ലാമിക വിപ്ലവത്തോടെയാണ് ഇരുരാജ്യങ്ങളും അകന്നത്. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതയാണ് ഇസ്രായേലിനെ ഇറാന്‍ എതിര്‍ക്കാന്‍ കാരണം. ഇസ്രായേലിനെ അടുത്ത കാലംവരെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ എന്നീ മുസ്ലിം രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായലുമായി നയതന്ത്ര ബന്ധമുള്ളത്.
ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ മുസ്ലിം രാജ്യങ്ങളോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ഒപ്പുവയ്ക്കുന്ന കരാറാണ് അബ്രഹാം കരാര്‍. ഏഴ് എമിറേറ്റ്‌സുകള്‍ ചേര്‍ന്നതാണ് യുഎഇ. അബുദാബിയാണ് യുഎഇയുടെ തലസ്ഥാനം. യുഎഇയില്‍ ഏറ്റവും വികസനമുള്ള എമിറേറ്റ്‌സ് ആണ് ദുബായ്.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവയാണ് യുഎഇയിലെ എമിറേറ്റ്‌സുകള്‍. എല്ലാ എമിറേറ്റ്‌സിനും ഓരോ ഭരണാധികാരികളുണ്ട്. എങ്കിലും യുഎന്നില്‍ യുഎഇ എന്ന ഒരു രാജ്യത്തെ മാത്രമാണ് പരിഗണിക്കുക. എമിറേറ്റ്‌സ് എന്നാല്‍ സംസ്ഥാനം, പ്രവിഷ്യ എന്നിവയെ പോലെയാണ് പ്രവര്‍ത്തിക്കുക.












Click it and Unblock the Notifications