ഖത്തര്‍ തൊട്ടതെല്ലാം പൊന്ന്!! സാല്‍വക്ക് പുറമെ കടല്‍ വഴി എത്തിയവരും കൂടി... എണ്ണ ഇല്ലെങ്കിലും പ്രശ്‌നമില്ല
ദോഹ: ലോകത്തെ പ്രധാന സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തര്‍ വരുമാന വര്‍ധനവിന് കണ്ടെത്തിയ പുതിയ വഴിയില്‍ മികച്ച നേട്ടം. ടൂറിസം മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഈ ഗള്‍ഫ് രാജ്യം. 2024ല്‍ 47.9 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്നതായിരുന്നു ഖത്തറിന്റെ ലക്ഷ്യം. എന്നാല്‍ 50 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ഖത്തറിലെത്തിയത്.
2023നേക്കാള്‍ 25 ശതമാനം പേര്‍ അധികമായി ഖത്തറിലെത്തിയത് സമീപകാലത്ത് നടപ്പാക്കിയ പദ്ധതികളുടെ വിജയമായി വിലയിരുത്തുന്നു. ആഗോള ടൂറിസം ഹബ്ബായി ഖത്തര്‍ വളരുകയാണോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിനും സന്ദര്‍ശകരുടെ ഒഴുക്ക് സഹായകമായി. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 60 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.

നിലവിലെ സാഹചര്യത്തില്‍ ലക്ഷ്യം അതിവേഗം മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. പുതിയ കണക്കുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. ഖത്തറിലേക്ക് വന്നവരില്‍ 41 ശതമാനം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കി ഇന്ത്യ, യുഎസ്, യുകെ, ജര്‍മനി തുടങ്ങി പല രാജ്യങ്ങളില്‍ നിന്നും.
ഖത്തറിലേക്ക് വരാന്‍ കൂടുതല്‍ പേരും ആശ്രയിച്ചത് വിമാന മാര്‍ഗം തന്നെയാണ്. എന്നാല്‍ കടല്‍ വഴി എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 56 ശതമാനം പേര്‍ വിമാന മാര്‍ഗവും 37 ശതമാനം പേര്‍ കര മാര്‍ഗവും ഏഴ് ശതമാനം പേര്‍ കടല്‍ വഴിയും ഖത്തറിലേക്ക് എത്തി. സൗദി അറേബ്യയുമായി മാത്രമാണ് ഖത്തറിന് കരാതിര്‍ത്തിയുള്ളത്.
2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കാണാന്‍ പതിനായിരങ്ങളാണ് ഖത്തറിലെത്തിയത്. തൊട്ടടുത്ത വര്‍ഷവും ഈ ഒഴുക്ക് നിലച്ചില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച എഎഫ്‌സി ഏഷ്യന്‍ കപ്പ്, ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്റ് പ്രിക്‌സ് എന്നിവയെല്ലാം ഗുണം ചെയ്തു. നവംബറിലെ സ്‌കൂള്‍ അവധി കാലത്ത് വന്‍തോതില്‍ വിദേശികള്‍ ഖത്തറിലേക്ക് എത്തി. സൗദിയില്‍ നിന്നായിരുന്നു ഈ വേളയില്‍ കൂടുതല്‍ പേര്‍ വന്നത്.
എണ്ണയേക്കാള്‍ കൂടുതല്‍ പ്രകൃതി വാതകത്തെ ആശ്രയിച്ചാണ് ഖത്തറിന്റെ സാമ്പത്തിക രംഗം നിലനില്‍ക്കുന്നത്. എങ്കിലും എണ്ണയും ഖത്തര്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ടൂറിസം മേഖല പരിപോഷിക്കുന്നതിലൂടെ ജിഡിപിയിലേക്ക് പുതിയ ആദായ മാര്‍ഗം കൂടി വരികയാണ്. 2030 ആകുമ്പോഴേക്കും ജിഡിപിയുടെ 12 ശതമാനം ടൂറിസം മേഖലയില്‍ നിന്നാകണം എന്നാണ് ലക്ഷ്യം.
ജിസിസി ടൂറിസ്റ്റ് വിസ കൂടി തയ്യാറാകുന്നതോടെ കൂടുതല്‍ പേര്‍ ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വിസയില്‍ തന്നെ ആറ് ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രീതിയിലാകും ഈ വിസ. സൗദിയില്‍ ഉംറയ്ക്കും ഹജ്ജിനുമായി എത്തുന്ന വിദേശികളെ ഇതുവഴി ഖത്തറിലേക്കും ആകര്‍ഷിക്കാന്‍ സാധിച്ചേക്കും. ഹമദ് വിമാനത്താവളം, ദോഹ തുറമുഖം, സാല്‍വ ബോര്‍ഡര്‍ എന്നിവയുടെ നവീകരം എല്ലാ മാര്‍ഗത്തിലൂടെയുമുള്ള വിദേശികളുടെ വരവ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്.












Click it and Unblock the Notifications