ഇസ്രായേല്‍ കൂറ്റന്‍ വാതക കരാറിന്; ഈ അറബ് രാജ്യം റെഡി, നേതാക്കളെ ഒരുമിച്ചിരുത്താന്‍ അമേരിക്ക
ടെല്‍ അവീവ്: അറബ് രാജ്യങ്ങളില്‍ ഇസ്രായേലിനുള്ള അകല്‍ച്ച കുറയ്ക്കുന്നതിന് അമേരിക്കയുടെ ശ്രമം. അബ്രഹാം കരാര്‍ വിപുലീകരിക്കാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആലോചന. അറബ് രാജ്യങ്ങളുമായി സഹകരണ കരാറുകള്‍ ഒപ്പുവയ്ക്കാന്‍ ഇസ്രായേല്‍ തയ്യാറാകുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ ഈജിപ്തുമായി വാതക കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണ് ഇസ്രായെലിന്റെ പുതിയ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ കരാറാണ് ഈജിപ്തുമായി ഒപ്പുവയ്ക്കാന്‍ പോകുന്നത്. 3500 കോടി ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക എന്ന് നെതന്യാഹു പറഞ്ഞു. ഇതിനിടെയാണ് അമേരിക്കയുടെ മറ്റൊരു നീക്കം.

ഗാസയില്‍ വംശഹത്യ നടത്തിയതില്‍ നെതന്യാഹുവിനെതിരെ പല രാജ്യങ്ങളിലും പ്രതിഷേധമുണ്ട്. അന്താരാഷ്ട്ര കോടതി നടപടിയും നെതന്യാഹു നേരിടുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര നെതന്യാഹുവിന് എളുപ്പമല്ല. ഈ വേളയില്‍ ഈജിപ്തുമായി കരാര്‍ ഒപ്പിടുമ്പോള്‍ രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച കൂടി നടത്തണം എന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ ചേരുന്ന ഉച്ചകോടിയാണ് ചര്‍ച്ചയില്‍. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താന്‍ നെതന്യാഹു വൈകാതെ അമേരിക്കയിലെത്തി ട്രംപിനെ കാണും. ശേഷമാണ് അന്തിമ തീരുമാനം എടുക്കുക.
പരസ്പരം കാണാത്ത രാഷ്ട്ര നേതാക്കള്‍
ഇസ്രായേലിലെ തീര മേഖലയില്‍ നിന്ന് പ്രകൃതി വാതകം ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് നിര്‍ദിഷ്ട കരാര്‍. അമേരിക്കന്‍ ഊര്‍ജ കമ്പനിയായ ഷെര്‍വോണ്‍ ഇതിന്റെ ഭാഗമാകും. ഇസ്രായേലും ഈജിപ്തും അയല്‍ രാജ്യങ്ങളായതിനാല്‍ വാതക കയറ്റുമതിക്ക് അധിക ചെലവ് വരില്ല എന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയില്‍ വാതക ശേഖരമുള്ള പ്രധാന രാജ്യമാണ് ഇസ്രായേല്‍. അതുകൊണ്ടുതന്നെ ഈജിപ്തുമായുള്ള കരാര്‍ ഇസ്രായേലിന്റെ പദവി ഉയര്‍ത്തുമെന്നാണ് നെതന്യാഹു പറയുന്നത്.
ഇസ്രായേലുമായി ആദ്യം സമാധാന കരാര്‍ ഒപ്പുവച്ച രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. 1979ലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവച്ചത്. എങ്കിലും ഈജിപ്ഷ്യന്‍ ജനതക്കിടയില്‍ കരാറിനെ എതിര്‍ക്കുന്നവര്‍ കൂടുതലാണ്. മാത്രമല്ല, പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കടുത്ത അമര്‍ഷമുള്ളവരാണ് ഈജിപ്തിലെ ജനങ്ങള്‍.
സമാധാന കരാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഇസ്രായേല്‍ നേതാക്കളുമായി ഈജിപ്തിലെ ഭരണാധികാരികള്‍ ചര്‍ച്ച നടത്തുന്നത് അപൂര്‍വമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാഷ്ട്രത്തലവന്‍മാരുടെ ചര്‍ച്ച നടന്നിട്ടേയില്ല. ഈ സാഹചര്യത്തിലാണ് ട്രംപ് ഉച്ചകോടിക്ക് നിര്‍ബന്ധിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സമാധാന ചര്‍ച്ചയ്ക്ക് നെതന്യാഹു കെയ്‌റോയില്‍ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും അവസാന നിമിഷം പിന്മാറി.












Click it and Unblock the Notifications