മലയാളികളുടെ ഗൾഫ് യാത്രകൾ അനിശ്ചിതത്വത്തിൽ; ഫ്ലൈറ്റുകൾ കൂട്ടത്തോടെ റദ്ദാക്കി
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ വ്യോമപാത അടച്ചതാണ് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
റദ്ദാക്കിയ സർവീസുകൾ
ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദുബായ്, ഷാർജ, ദോഹ, അബുദാബി തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടത്.

യാത്രക്കാരുടെ സുരക്ഷ പ്രധാനം
വിവിധ വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സമയം മാറുന്നതിനോ അല്ലെങ്കിൽ പൂർണ്ണമായി റദ്ദാക്കുന്നതിനോ സാധ്യതയുള്ളതിനാൽ, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ടിക്കറ്റ് റദ്ദാക്കുന്നതിനും തീയതി മാറ്റുന്നതിനും ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ വിമാനക്കമ്പനികൾ ഒരുക്കുന്നുണ്ട്. പല യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമാനമായ രീതിയിൽ തന്നെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ തടസ്സപ്പെട്ടിട്ടുണ്ട്. കരിപ്പൂരിൽ നിന്നുള്ള സർവീസുകളും തടസപ്പെട്ടിട്ടുണ്ട്.
കരിപ്പൂരിൽ റദ്ദാക്കിയ പ്രധാന വിമാനങ്ങൾ: ഇൻഡിഗോ
ഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.
വൈകിട്ട് 4:25-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.
നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ - അബുദാബി സർവീസ്.
എയർ ഇന്ത്യ
ഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.
രാത്രി 7:40-നുള്ള കരിപ്പൂർ - റിയാദ് സർവീസ്.
രാത്രി 7:50-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.
രാത്രി 8:25-നുള്ള കരിപ്പൂർ - ദമ്മാം സർവീസ്.
ആഗോളതലത്തിൽ തന്നെ വ്യോമപാതകളിൽ നിയന്ത്രണം വന്നതോടെ പല വിമാനങ്ങൾക്കും വഴിതിരിച്ചുവിടേണ്ടി വരികയോ തിരിച്ചിറക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്. വ്യോമപാത വീണ്ടും തുറക്കുന്നതിനെക്കുറിച്ചോ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുന്നതിനെക്കുറിച്ചോ വ്യക്തമായ അറിയിപ്പ് വരുന്നത് വരെ അനിശ്ചിതത്വം തുടരുമെന്നാണ് വിലയിരുത്തൽ. പ്രവാസികളെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവകരമായ സാഹചര്യമാണിത്. അതുകൊണ്ട് തന്നെ യാത്രക്കാർ അതീവ ജാഗ്രത പുലർത്തുകയും വിമാനക്കമ്പനികളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും ചെയ്യുക.












Click it and Unblock the Notifications