കുവൈത്തിന്റെ വല്ലാത്ത പണി: സന്ദർശകർക്ക് ഇനി മുതല്‍ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയില്ല
കുവൈത്ത് സിറ്റി: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനം സ്വീകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. താൽക്കാലിക അല്ലെങ്കിൽ സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് സർക്കാർ ആശുപത്രികൾ, സ്പെഷലിസ്റ്റ് സെന്ററുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇനിമുതല്‍ ചികിത്സ ലഭ്യമാകില്ല. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദേശീയ ആരോഗ്യ സംവിധാനത്തിന് കീഴിലുള്ള പൗരന്മാർക്കും താമസക്കാർക്കും കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.
കുവൈത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുക, സേവന നിലവാരം നിലനിർത്തുക, ഏറ്റവും അർഹരായവർക്ക് മെഡിക്കൽ വിഭവങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. "വിശാല ആരോഗ്യ വിഷൻ" എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ നയത്തിൽ മാറ്റം വരുത്തിയിരിക്കുന്നതെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഡോ. അൽ അവാദി കഴിഞ്ഞ വ്യാഴാഴ്ച അഹ്മദി ഗവർണറേറ്റിലെ താമസക്കാരുമായും പ്രതിനിധികളുമായും ഒരു യോഗം നടത്തിയിരുന്നു. യോഗത്തിൽ അഹ്മദി ആരോഗ്യ ജില്ലയെ പൂർണ്ണ മെഡിക്കൽ സിറ്റിയായി മാറ്റുന്നതിനുള്ള നിർദ്ദേശവും സബഹ് അൽ അഹ്മദ് മെഡിക്കൽ സിറ്റി പദ്ധതിയുടെ പുരോഗതി പരിശോധനയും ചർച്ച ചെയ്യപ്പെട്ടു. ഈ പദ്ധതികൾ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം തന്നെ രാജ്യത്തേക്കുള്ള പ്രവേശന നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരത്തിന് കുവൈത്ത് അടുത്തിടെ നിർദേശം നല്‍കിയിരുന്നു. തുറന്ന സമീപനം വളര്‍ത്തുന്നതിനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവേശന നിയമങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായി, വിസിറ്റ് വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വിദേശ താമസക്കാര്‍ക്കുള്ള മിനിമം ശമ്പള നിബന്ധന നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനമാണ് കുവൈത്ത് സ്വീകരിച്ചത്.
ജനറല്‍ റെസിഡന്‍സി വകുപ്പിന്റെ ഇലക്ട്രോണിക് സര്‍വീസസ് അഡ്മിനിസ്‌ട്രേഷനിലെ കേണല്‍ അബ്ദുല്‍ അസീസ് അല്‍ കന്ദരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് മുമ്പ് പ്രവാസികള്‍ ഒരു പ്രത്യേക വരുമാന പരിധി പാലിക്കേണ്ടിയിരുന്നു. പുതിയ പരിഷ്‌കാരം പ്രവാസികള്‍ക്ക് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമ്പത്തിക തടസം ഇല്ലാതാക്കുകയും ചെയ്യുന്നു. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന അപേക്ഷകര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്












Click it and Unblock the Notifications