ഖത്തര്‍ പോലെ അല്ല, കുവൈത്ത് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചു, പ്രവാസികളുടെ യാത്രയ്ക്ക് പെര്‍മിറ്റ് വേണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് പുതിയ നിയന്ത്രണം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോകണം എങ്കില്‍ തൊഴില്‍ ഉടമയുടെ അനുമതി നിര്‍ബന്ധമാക്കി. കഫാല സംവിധാനം പല ഗള്‍ഫ് രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിന് നല്ല വശവും ചീത്ത വശവുമുണ്ട് എന്ന് പ്രവാസികള്‍ പറയുന്നു. തൊഴിലാളികളെ സ്‌പോണ്‍സറില്‍ കെട്ടിയിടുന്ന പരിപാടിയാണിത് എന്നാണ് വിമര്‍ശനം.
രാജ്യം വിട്ടുപോകുന്നതിന് മുമ്പ് ഔദ്യോഗിക സ്‌പോണ്‍സറെ പ്രവാസി വിവരം അറിയിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങുകയും ചെയ്യാം. തൊഴിലാളിയും തൊഴില്‍ ഉടമയും തമ്മിലുള്ള പൊരുത്തം മനസിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നത് കൂടിയാണ് ഈ സംവിധാനം. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

നിയന്ത്രണത്തിന് കാരണം
പ്രവാസി തൊഴിലാളികളുടെ യാത്ര സംബന്ധിച്ച വ്യക്തമായ വിവരം ഭരണകൂടത്തിന് ലഭിക്കുമെന്നതാണ് നേട്ടം. തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍ ഉടമയുടെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കേണ്ടതുണ്ട് എന്ന് മാനവവിഭവ ശേഷി സംബന്ധിച്ച പബ്ലിക് അതോറിറ്റി എക്‌സില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. ജൂലൈ ഒന്ന് മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക.
തട്ടിപ്പ് നടത്തി രാജ്യം വിടുന്ന പ്രവാസികളുടെ സംഭവങ്ങള്‍ നേരത്തെ പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളില്‍ സ്‌പോണ്‍സര്‍ വെട്ടിലാകുന്ന സാഹചര്യമുണ്ട്. എന്നാല്‍ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയതോടെ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാം. പ്രവാസികള്‍ എപ്പോള്‍ രാജ്യംവിട്ടു പോകുന്നു, തിരിച്ചുവരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരം സ്‌പോണ്‍സര്‍ക്ക് ലഭിക്കുകയും ചെയ്യും.
എന്നാല്‍ അടിയന്തര ആവശ്യങ്ങളില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് ഇത്തരം നിയന്ത്രണങ്ങള്‍ തടസമാണ് എന്ന് എക്‌സിറ്റ് പെര്‍മിറ്റിനെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. മികച്ച ജോലി ലഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനും ഈ നിയന്ത്രണം തടസമായേക്കാം. എന്നാല്‍, ഭരണകൂടം പുതിയ സംവിധാനം നടപ്പാക്കുമ്പോള്‍ പാലിക്കാന്‍ ഓരോ പ്രവാസിയും ബാധ്യസ്ഥരാണ്.
ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സംവിധാനം
സൗദി അറേബ്യയില്‍ രാജ്യം വിട്ട് പോകണമെങ്കില്‍ പ്രവാസികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാണ്. തിരിച്ചുവരുന്നതിനുള്ള അനുമതിയും വേണം. ഖത്തറില്‍ നേരത്തെ ഈ സംവിധാനം ഉണ്ടായിരുന്നു എങ്കിലും 2017ല്‍ അവസാനിപ്പിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് മുന്നോടിയായി ഒട്ടേറെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ ഖത്തര്‍ നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കഫാല സംവിധാനം നിര്‍ത്തിവച്ചത്.
2018ല്‍ മുതല്‍ ഖത്തറിലെ ഏത് പ്രവാസിക്കും രാജ്യം വിട്ടുപോകാന്‍ തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമില്ല. 2020 മുതല്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്കും ഈ ഇളവ് ലഭിച്ചു. അതേസമയം, യുഎഇയില്‍ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് വാങ്ങിവയ്ക്കാന്‍ തൊഴില്‍ ഉടമയ്ക്ക് സാധിക്കില്ല. രാജ്യം വിട്ടുപോകുന്നതിന് ഉടമ തടസം നില്‍ക്കാനും പാടില്ല.












Click it and Unblock the Notifications