700 പ്രവാസികളെ നാടുകടത്തി കുവൈത്ത്; ദിവസം ഏഴുപേര്‍!! ചെലവ് വഹിച്ചത് കൂടുതലും എംബസി
കുവൈത്ത് സിറ്റി: വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം കുവൈത്തില്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മറ്റു ജിസിസി രാജ്യങ്ങളെ പോലെ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള രാഷ്ട്രമാണ് കുവൈത്തും. വിദേശികള്‍ കാരണം സമ്പത്തിന്റെ ചോര്‍ച്ച സംഭവിക്കുന്നു എന്ന് അഭിപ്രായമുള്ള എംപിമാരും കുവൈത്തിലുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുകയാണ് കുവൈത്ത് ഭരണകൂടം. അനധികൃതമായി ജോലി ചെയ്യുന്നവര്‍, രേഖകളില്ലാതെ ജോലി ചെയ്യുന്നവര്‍, സാമ്പത്തിക കുറ്റകൃത്യത്തിലേര്‍പ്പെട്ടവര്‍ എന്നിവര്‍ക്കെതിരായ നടപടിയും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 700 പേരെ കുവൈത്ത് നാടുകടത്തിയത്. ദിവസം ഏഴ് പേര്‍ വീതം എന്ന കണക്കില്‍.

700 ഫിലിപ്പീന്‍സുകാരെയാണ് കുവൈത്ത് നാടുകടത്തിയത് എന്ന് പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടിലേക്ക് പറഞ്ഞയക്കുമ്പോഴുള്ള ചെലവ് പ്രവാസികള്‍ സ്വന്തമായി വഹിക്കുകയോ ഫിലിപ്പിനോ എംബസി എടുക്കുകയോ ആണ് ചെയ്തത്. കൂടുതല്‍ ചെലവും എംബസിയാണ് വഹിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌പോണ്‍സര്‍ക്ക് ഇക്കാര്യത്തില്‍ ചെലവ് വന്നിട്ടില്ല.
നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന ഫിലിപ്പിനോകളെ സംരക്ഷിക്കുന്നതിന് ആ രാജ്യത്തിന്റെ എംബസിയോട് ചേര്‍ന്ന് പ്രത്യേക അഭയ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. ഇത് അടപ്പിച്ചു. ഇവിടെയുണ്ടായിരുന്ന 500ഓളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെയാണ് ആദ്യഘട്ടങ്ങളില്‍ നാടുകടത്തിയത്. നാടുകടത്തലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പാണ് ഇതിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇതിന് പുറമെ 130 ഫിലിപ്പിനോകള്‍ കുവൈത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലുണ്ടായിരുന്നു. യാത്രാ നിയന്ത്രണങ്ങള്‍ ലംഘിച്ചതാണ് ഇവര്‍ പിടിയിലാകാന്‍ കാരണം. ഏതെങ്കിലും കേസുകളില്‍ പെട്ട് നിയമ നടപടികല്‍ നേരിടുന്നവരെയും ഈ കേന്ദ്രത്തിലാണ് താമസിപ്പിക്കുക. നിയമ നടപടികള്‍ പൂര്‍ത്തിയാകുംവരെയാണ് ഇവിടെ താമസിപ്പിക്കാറ്.
ഇത്തരത്തല്‍ കേസുകളില്‍ പ്രതികളായവരെ നാടുകടത്തുമ്പോള്‍ സ്‌പോണ്‍സര്‍മാര്‍ക്ക് സാമ്പത്തിക ഭാരമുണ്ടാകില്ല. തൊഴില്‍ കരാറുകളില്‍ ലംഘനം നടത്തി മുങ്ങിയവര്‍ക്കും സ്‌പോണ്‍സറില്‍ നിന്ന് നഷ്ടപരിഹാരമോ നാട്ടിലേക്ക് പോകുന്നതിനുള്ള ചെലവോ കിട്ടില്ല. 250 മുതല്‍ 350 ദിനാര്‍ വരെയാണ് യാത്രാ ടിക്കറ്റിന് വേണ്ട ചെലവ്.
കുവൈത്തിലെ പുതിയ നടപടികള്‍ പ്രകാരം ഇത്തരത്തില്‍ പിടിയിലാകുന്നവരെ നാടുകടത്തുമ്പോള്‍ ചെലവ് സ്വന്തമായി വഹിക്കണം. അല്ലെങ്കില്‍ എംബസി വഹിക്കണം. നിസാര കേസുകളില്‍ അകപ്പെടുന്ന വിദേശികള്‍ക്കെതിരെയും കുവൈത്ത് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
അതിനിടെ രാജ്യത്തെ 18 ലക്ഷം പ്രവാസികളെ നാടുകടത്തണം എന്നാവശ്യപ്പെട്ട് ഫാരിസ് അല്‍ ഉതൈബി എംപി രംഗത്തുവന്നു. സര്‍ക്കാരിന്റെ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കുവൈത്തിലെ 48 ലക്ഷം ജനങ്ങളില്‍ പകുതിയിലധികവും വിദേശികളാണ്. പ്രവാസികളെ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും എംപി കുറ്റപ്പെടുത്തി.












Click it and Unblock the Notifications