കുവൈത്ത് തീപിടിത്തം: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, 47 മരണവും പുക ശ്വസിച്ച്..!
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപില്‍ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം. കുവൈത്ത് അഗ്‌നിരക്ഷാ സേനാ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദുരന്ത സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തി എന്നും അതിന് ശേഷമാണ് അപകട കാരണം കണ്ടെത്തിയതെന്നും കുവൈത്ത് അഗ്‌നിശമന സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഫ്‌ളാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ കാരണമായി എന്നാണ് ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറയുന്നത്. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതോടെ കനത്ത പുക ഉയരുന്നു. ഇത് അതിവേഗം മുകളിലത്തെ നിലയിലേക്കു പടരുകയായിരുന്നു. ആറ് നില കെട്ടിടത്തില്‍ 24 ഫ്‌ളാറ്റുകളാണ് ഉള്ളത്.

ഇവിടങ്ങളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ അപകടം നടക്കുമ്പോള്‍ 176 പേരായിരുന്നു ക്യാംപിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നു. അതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്ക് കയറാനായതുമില്ല. ഗോവണിപ്പടി വഴി ടെറസിലേത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ കുഴഞ്ഞുവീണു.
അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തീ പടര്‍ന്നതിന് പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വര്‍ധിപ്പിച്ചത് എന്നാണ് കുവൈത്ത് അധികൃതര്‍ പറയുന്നത്. അതേസമയം പൊള്ളലേറ്റ് മരിച്ചത് രണ്ട് പേര്‍ മാത്രമാണ് എന്നും ബാക്കി 47 പേരും പുക ശ്വസിച്ചാണ് മരിച്ചത് എന്നുമാണ് എന്‍ബിടിസി കമ്പനി അറിയിച്ചത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
നേരത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണ് തീപിടിത്തമുണ്ടായത് എന്നായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത് എന്ന് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി.
അതേസമയം ചിലവ് കുറയ്ക്കുന്നതിനായി വളരെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ധാരാളം വിദേശ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ നിയമം ലംഘിക്കുന്ന ഭൂവുടമകള്‍ക്കും കമ്പനി ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കുവൈത്ത് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച മുതല്‍ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകളില്‍ അധികൃതര്‍ പരിശോധന ആരംഭിച്ചതായും മുന്നറിയിപ്പില്ലാതെ എല്ലാ നിയമലംഘനങ്ങളും തടയുമെന്നും വിദേശ തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങള്‍ പരിശോധിക്കുന്നതിനുള്ള നടപടിക്ക് നേരിട്ട് നേതൃത്വം നല്‍കുന്ന കുവൈത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് പറഞ്ഞു.
കുവൈത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കെട്ടിട തീപിടിത്തമാണ് ഈ സംഭവം. മരണസംഖ്യയില്‍ കുവൈത്തിലെ രണ്ടാമത്തെ വലിയ തീപിടുത്തമാണ് ഇത്. 2009 ഓഗസ്റ്റില്‍, തന്റെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതില്‍ രോഷാകുലയായ ഒരു സ്ത്രീ വിവാഹ പന്തലിന് തീയിട്ടതിനെ തുടര്‍ന്ന് 56 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications