കാശുകൊടുത്ത് ഇനി ഒരു തരി സ്വർണം വാങ്ങാന്‍ സാധിക്കില്ല: പുതിയ നിയമവുമായി കുവൈത്ത് സർക്കാർ
കുവൈത്ത് സിറ്റി: സ്വര്‍ണവും മറ്റു വിലയേറിയ ലോഹങ്ങളും വാങ്ങുമ്പോള്‍ കാശില്‍ ഇടപാട് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈത്ത് സർക്കാർ. ഇനി മുതല്‍ ഇത്തരം ലോഹങ്ങള്‍ കാശ് ഇടപാടിലൂടെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പൂര്‍ണമായായ നിരോധനമാണ് രാജ്യത്തുടനീളം കൊണ്ടുവന്നിരിക്കുന്നത്. വ്യാപാര വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഇനി മുതല്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും കേന്ദ്രബാങ്ക് അംഗീകരിച്ച നോൺ-കാഷ് (ഡിജിറ്റല്‍/ബാങ്ക്) മാര്‍ഗ്ഗങ്ങള്‍ വഴി മാത്രമാണ് നടത്താന്‍ കഴിയൂ.
പുതിയ നിയമപ്രകാരം സ്വര്‍ണം, വിലയേറിയ രത്നങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഹോള്‍സെയിലര്‍മാര്‍, റീട്ടെയിലര്‍മാര്‍ തുടങ്ങി മുഴുവന്‍ മേഖലയ്ക്കും കാഷ് ഇടപാടുകള്‍ പൂര്‍ണമായി നിരോധിച്ചു. കരാറുകള്‍ ഒപ്പിടുമ്പോഴോ വ്യാപാര ഇടപാടുകള്‍ നടത്തുമ്പോഴോ കാഷ് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സ്ഥാപനം അടച്ചുപൂട്ടുകയും ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളിലേക്ക് കേസു കൈമാറുകയും ചെയ്യും. സ്വര്‍ണ്ണവും വിലയേറിയ ലോഹങ്ങളും കള്ളപ്പണ ഇടപാടിനും നിയമരമല്ലാത്ത ഇടപാടുകള്‍ക്കുമുള്ള പ്രധാന വഴി എന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതുകൊണ്ടാണ് ഈ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കാശ് ഇടപാടുകള്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നത് വഴി അനിയന്ത്രിതമായ സാമ്പത്തിക പ്രവാഹങ്ങളും കള്ളപ്പണം ഉപയോഗിച്ചുള്ള വ്യാപാരങ്ങളും കുറയ്ക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ നീക്കത്തിലൂടെ കുവൈത്ത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങളിലെ സാമ്പത്തിക നിയന്ത്രണങ്ങളുമായി തുല്യമായ നിലപാട് സ്വീകരിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഒമാന്‍ എന്നിവയും ഇതിനോടു സമാനമായ നിയന്ത്രണങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
2022-ൽ യുഎഇ 'ഗോൾഡ് ചെയിൻലിങ്ക് സിസ്റ്റം' അവതരിപ്പിച്ച് സ്വർണ ഇടപാടുകളുടെ ഇലക്ട്രോണിക് ട്രാക്കിങ് നിർബന്ധമാക്കിയിരുന്നു. അതിനെ തുടർന്ന് സൗദി അറേബ്യയും ഒമാനും സ്വർണ ഇടപാടുകളിൽ കാഷ് ഉപയോഗം നിരോധിച്ച് ഡിജിറ്റൽ മാർഗങ്ങൾ മാത്രം അനുവദിച്ചു. ഫിനാൻഷ്യൽ വിദഗ്ധർ പറയുന്നതനുസരിച്ച് ജി സി സി രാജ്യങ്ങളുടെ ഈ കൂട്ടായ നീക്കം സ്വർണ വ്യാപാരത്തിലെ ഡിജിറ്റൽ നിയന്ത്രണവും മേൽനോട്ടവും ശക്തിപ്പെടുത്തും. വ്യവസായ വിദഗ്ധർ പ്രതീക്ഷിക്കുന്നത്, ഈ നടപടികൾ കുവൈത്തിലെ സ്വർണ വിപണിയെ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കും എന്നതാണ്.












Click it and Unblock the Notifications