കുവൈത്തില്‍ 2 ദിവസം പൊതു അവധി; ഫലത്തില്‍ 4 ദിവസം ആഘോഷിക്കാം, കൂടാതെ 18നും
കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനങ്ങളോടനുബന്ധിച്ച് കുവൈത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 25, 26 ദിവസങ്ങള്‍ എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അവധിയാകും. 65ാമത് ദേശീയ ദിനവും 35ാമത് വിമോചന ദിനവുമാണ് ഈ അവധിക്കാലത്ത് അനുസ്മരിക്കുന്നത്.
തൊട്ടുപിന്നാലെ വെള്ളി, ശനി അവധി വരുന്നതിനാല്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും. അതായത്, 24ലെ ജോലി കഴിഞ്ഞ ശേഷം അടയ്ക്കുന്ന ഓഫീസ് മാര്‍ച്ച് 1 ആയിരിക്കും തുറക്കുക. അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ അവധിയുണ്ടാകില്ല. ഇവരുടെ അവധി ക്രമീകരിക്കും.

പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അവധി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഫെബ്രുവരി 25 ലെ ദേശീയ ദിനം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ഷെയ്ഖ് അബ്ദുല്ല അല്‍ സലിം അല്‍ സബാഹിന്റെ സ്ഥാനാരോഹണത്തെയും അനുസ്മരിക്കുന്നു. ഇത് കുവൈത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷമാണ്.
1991ലെ ഇറാഖ് അധിനിവേശത്തില്‍ നിന്ന് കുവൈത്ത് നേടിയ മോചനം അടയാളപ്പെടുത്തുന്നതാണ് ഫെബ്രുവരി 26ലെ വിമോചന ദിനം. ഈ രണ്ട് ദിനങ്ങളും രാജ്യത്തിന്റെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദേശസ്നേഹപരമായ ആഘോഷങ്ങളില്‍പ്പെടുന്നു. ഈ ദിവസം പ്രത്യേകമായ ആഘോഷം രാജ്യത്ത് നടക്കാറുണ്ട്. 'മസീറ' എന്നറിയപ്പെടുന്ന ദേശീയ മാര്‍ച്ച് പ്രത്യേകിച്ചും ശ്രദ്ധേയമാണ്.
കുവൈത്ത് സിറ്റിയിലും മറ്റു പ്രധാന സ്ഥലങ്ങളിലും ഗംഭീര വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ആസ്വാദ്യകരമാണ്. സ്വദേശികളും വിദേശികളും പങ്കെടുക്കുന്ന സാമൂഹിക ആഘോഷങ്ങള്‍ ഈ വേളയില്‍ നടക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം നിര്‍ണായകമായ ചില തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
ഗാര്‍ഹിക പീഡന നിയമം (2020 ലെ 16ാം നമ്പര്‍) ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കൂടാതെ ധനമന്ത്രി ഡോ യാക്കൂബ് അല്‍-റിഫായി അവതരിപ്പിച്ച 2026-2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് മന്ത്രിസഭ അംഗീകരിച്ചു.
അവധിയോട് അനുബന്ധിച്ച് സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടുന്നത് ആഘോഷത്തിന് മാറ്റ് കൂട്ടും. സ്വകാര്യ മേഖലയിലെ കമ്പനികള്‍ സര്‍ക്കാരിന്റെ മാതൃക പിന്തുടരാറുണ്ടെങ്കിലും അവധി സംബന്ധിച്ച് ജീവനക്കാര്‍ അവരുടെ എച്ച്ആര്‍ സര്‍ക്കുലറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ആഘോഷത്തോട് അനുബന്ധച്ച നാല് ദിവസം നീളുന്ന അവധിക്ക് പുറമെ ഈ മാസം 18ന് അവധിയാകുമെന്നാണ് കരുതുന്നത്. റമദാന് വ്രതാരംഭത്തോട് അനുബന്ധിച്ച് അവധി ലഭിക്കാറുണ്ട്.












Click it and Unblock the Notifications