കുവൈത്തിന്റെ ആ നീക്കം ഫലം കണ്ടു; ദിവസങ്ങള്‍ക്കകം ചരക്ക് എത്തും, സൗദി അടുത്ത ലക്ഷ്യം
കുവൈത്ത് സിറ്റി: അവശ്യമുള്ള മിക്ക വസ്തുക്കളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ജിസിസിയിലേത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചരക്ക് എത്തുന്നത്. മിക്ക ചരക്കുകളും വരുന്നത് കപ്പല്‍ വഴിയും വിമാനം വഴിയുമാണ്. എന്നാല്‍ കുവൈത്ത് അടുത്തിടെ നടത്തിയ പരിഷ്‌കാരം വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുന്നു.
തുര്‍ക്കിയില്‍ നിന്ന് ഇറാഖ് വഴി റോഡ് മാര്‍ഗം കുവൈത്തിലേക്ക് ചരക്കുകള്‍ എത്തുകയാണ് ഇപ്പോള്‍. സാധാരണ തുര്‍ക്കിയില്‍ നിന്ന് കടല്‍മാര്‍ഗം ചരക്കുകള്‍ എത്തിയിരുന്ന വേളയില്‍ 45 ദിവസം എടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും നാല് ദിവസം കൊണ്ടാണ് ചരക്കുകള്‍ എത്തിയത്. ഇതേ വഴി സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും ഇനി വിദേശത്ത് നിന്ന് ചരക്കുകള്‍ വരും.

AI Generated Image
ടിഐആര്‍ സംവിധാനം നടപ്പാക്കിയതാണ് കുവൈത്തിന് നേട്ടമായത്. അന്താരാഷ്ട്ര ചരക്കു ഗതാഗതം എളുപ്പമാക്കാനുള്ള സംവിധാനമാണിത്. ട്രാന്‍സ്‌പോര്‍ട്ട് ഇന്റര്‍നാഷണല്‍ റൂട്ട് എന്നതാണ് ടിഐആര്‍. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ചരക്കുകള്‍ കൊണ്ടുപോകുമ്പോല്‍ എല്ലാ അതിര്‍ത്തികളിലും പരിശോധന ഉണ്ടാകില്ല. അതിര്‍ത്തികളില്‍ ടിഐആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. അതുകൊണ്ടുതന്നെ വേഗത്തില്‍ ലക്ഷ്യത്തിലെത്താം.
കഴിഞ്ഞ ദിവസം ഈ സംവിധാനം വഴിയാണ് തുര്‍ക്കിയില്‍ നിന്ന് കുവൈത്തിലേക്ക് ചരക്കുകള്‍ എത്തിയത്. ഇറാഖിലെ റോഡ് വഴി ചരക്കുകള്‍ കൊണ്ടുവരികയായിരുന്നു. മൂന്ന് രാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളുമാണ് തുര്‍ക്കിയില്‍ നിന്ന് വന്നത്. നേരത്തെ ഒന്നര മാസം വേണ്ടി വന്നിടത്താണ് ഇപ്പോള്‍ നാല് ദിവസം കൊണ്ട് ലക്ഷ്യം കാണുന്നത്.
ടിഐആറിന്റെ മെച്ചം ഇതാണ്
ചരക്കുകള്‍ കേടുവരാതെ ലക്ഷ്യത്തിലെത്തിക്കാം, ചെലവ് കുറയ്ക്കാം, കേടുവന്ന് നഷ്ടം സംഭവിക്കുമോ എന്ന ആശങ്ക ഒഴിവാക്കാം എന്നതെല്ലാം ടിഐആര്‍ സംവിധാനത്തിന്റെ നേട്ടമാണ്. തുര്‍ക്കി-ഇറാഖ്-കുവൈത്ത് റോഡ് പാത അടുത്തിടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. തുര്‍ക്കിയിലെ ഹസ്ബയ്‌റാക് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനിയുടെ വാഹനങ്ങളിലാണ് ചരക്കുകള്‍ എത്തിയത്.
കുവൈത്ത് ഉപപ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ സംവിധാനനും പാതയും ഉപയോഗിക്കാന്‍ തുടങ്ങിയത്. സമയത്തില്‍ 90 ശതമാനം കുറവ് വരുത്താന്‍ സാധിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ഈ വഴി തന്നെ സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും ചരക്കുകള്‍ എത്തിക്കുമെന്ന് ഹസ്ബയ്‌റാക് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമ ഹസന്‍ ബയ്‌റാക് പറഞ്ഞു. ഇറാഖിലെ രാഷ്ട്രീയ സാഹചര്യം സമാധാനപൂര്‍ണമായതാണ് എല്ലാത്തിനും വഴിയൊരുക്കിയത്.
2003ല്‍ അമേരിക്ക അധിനിവേശം തുടങ്ങിയതോടെ ഇറാഖിലെ രാഷ്ട്രീയ സാഹചര്യം തകിടം മറിഞ്ഞിരുന്നു. പിന്നീട് അധികാരത്തിലെത്തിയ സര്‍ക്കാരിനും ആഭ്യന്തര കലഹം അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്ത് രാജ്യം പഴയ രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ടിഐആര്‍ സംവിധാനം ഇറാഖ് നടപ്പാക്കി തുടങ്ങി. ഇതാണ് ഗള്‍ഫിലേക്ക് ചരക്കുകള്‍ എത്താന്‍ എളുപ്പവഴി ഒരുക്കിയത്.












Click it and Unblock the Notifications