കുട്ട നിറയും കോടികള്‍; കുവൈത്ത് മോദി വെറുതെ തിരഞ്ഞെടുത്തതല്ല, ഈ കണക്ക് ആശ്ചര്യപ്പെടുത്തും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനം ഇന്ന് അവസാനിക്കും. അമീര്‍, കിരീടവകാശി ഉള്‍പ്പെടെയുള്ള പ്രമുഖ കുവൈത്ത് നേതാക്കളുമായി ചര്‍ച്ച നടത്തി സുപ്രധാന കരാറുകള്‍ ധാരണയായ ശേഷമായിരിക്കും മോദിയുടെ മടക്കം. 43 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്.
ഒമ്പത് ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന രാജ്യമാണ് കുവൈത്ത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യന്‍ ജനതയാണ്. ഒരു കാലത്ത് ഇന്ത്യന്‍ രൂപയ്ക്ക് നിയമ പിന്‍ബലമുണ്ടായിരുന്ന രാജ്യം കൂടിയാണ് കുവൈത്ത്. കുവൈത്തുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചില കണക്കുകള്‍ പറയാം...

ലോകത്ത് അതിവേഗം വളരുന്ന അല്ലെങ്കില്‍ വളരാന്‍ ശേഷിയുള്ള രാജ്യമായ ഇന്ത്യയുമായി അടുത്ത സൗഹൃദം മോഹിക്കുന്ന രാജ്യമാണ് കുവൈത്ത്. യഥേഷ്ടം എണ്ണ, വാതക വിഭവങ്ങളുള്ള കുവൈത്തുമായി അടുത്ത് നില്‍ക്കണമെന്ന് ഇന്ത്യയും ആഗ്രഹിക്കുന്നു. പ്രതിരോധം, വ്യാപാരം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ കുവൈത്തുമായി കൂടുതല്‍ സഹകരണം വേണമെന്ന ആവശ്യം കൂടിയുണ്ട് മോദിയുടെ സന്ദര്‍ശനത്തിന്.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിവര്‍ഷ വ്യാപാരം 1047 കോടി ഡോളറിന്റേതാണ്. 200 കോടി ഡോളറിന്റെ വസ്തുക്കള്‍ ഇന്ത്യ കുവൈത്തിലേക്ക് ഓരോ വര്‍ഷവും കയറ്റി അയക്കുന്നുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ പ്രവാസികള്‍ ഓരോ വര്‍ഷവും 300 കോടി ഡോളറിലധികം രൂപ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ സാമ്പത്തിക ഭദ്രതയ്ക്ക് നിര്‍ണായകവുമാണ്.
വിദേശ രാജ്യങ്ങളില്‍ കുവൈത്ത് ഭരണകൂടം നിക്ഷേപം നടത്തുന്നത് കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി വഴിയാണ്. ഇന്ത്യയില്‍ 1000 കോടി ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട് കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. എന്‍ജിനിയേഴ്‌സ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നവയിലെല്ലാം കുവൈത്തിന്റെ നിക്ഷേപമുണ്ട്. പുതിയ നിക്ഷേപം ക്ഷണിക്കുക എന്നതും മോദിയുടെ സന്ദര്‍ശന ലക്ഷ്യമാണ്. കുവൈത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യയും പങ്കാളിയാണ്.
ഇന്ത്യയുടെ യുപിഐ സംവിധാനം യുഎഇ ഉള്‍പ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. കുവൈത്തും ഇതില്‍ വൈകാതെ ഭാഗമായേക്കും. ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ച കുവൈത്തിനെയും ആകര്‍ഷിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ മൂന്ന് ശതമാനം ഇന്ത്യ വാങ്ങുന്നത് കുവൈത്തില്‍ നിന്നാണ്. ഇനിയും വില കുറച്ച് നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെടുന്നുമുണ്ട്. മോദിയുടെ സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുമോ എന്നത് നിര്‍ണായകമാണ്.
സൈനിക സഹകരണത്തിന് പാകിസ്താനെ കൂടുതല്‍ ആശ്രയിക്കുന്നതാണ് കുവൈത്തിന്റെ പതിവ്. എന്നാല്‍ ഇന്ത്യയുമായുള്ള സൈനിക സഹകരണത്തിന് കുവൈത്ത് തയ്യാറായാല്‍ അത് മറ്റൊരു നേട്ടമാകും. മറ്റു പല ജിസിസി രാജ്യങ്ങളും ഇന്ത്യയുമായി സൈനികമായി സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ ആയുധങ്ങള്‍ കുവൈത്ത് വാങ്ങുമോ എന്നും കണ്ടറിയണം. ജിസിസി അധ്യക്ഷ പദവി നിലവില്‍ കുവൈത്ത് ആണ് അലങ്കരിക്കുന്നത്. ജിസിസി രാജ്യങ്ങളുമായി സ്വതന്ത്ര്യ വ്യാപാര കരാര്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ യുഎഇയുമായി മാത്രമാണ് കരാര്‍ ആയിട്ടുള്ളത്.












Click it and Unblock the Notifications