കുവൈത്തില്‍ എഞ്ചിനീയറിംഗ് ജോലി ലഭിക്കാന്‍ ഇനി ബുദ്ധിമുട്ടും... വ്യവസ്ഥകള്‍ കര്‍ശനമാക്കി, അറിയേണ്ടതെല്ലാം
കുവൈത്ത് സിറ്റി: എഞ്ചിനീയറിംഗ് മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്. എഞ്ചിനീയറിംഗ് തൊഴിലുകളില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും എഞ്ചിനീയറിംഗ് യോഗ്യതയുടെ തുല്യത വേണം എന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ മര്‍സൂഖ് അല്‍ ഒതൈബിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
എഞ്ചിനീയറിംഗ് പ്രൊഫഷണലുകളുടെ അംഗീകാരം വ്യവസ്ഥാപിതമാക്കുന്നതിനും ഈ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്ന് അറബിക് ദിനപത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. എഞ്ചിനീയറിംഗ്, എഞ്ചിനീയറിംഗ് സയന്‍സസ്, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച വിദേശ സര്‍വകലാശാലകള്‍, കുവൈത്തിലെ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ബിരുദം നേടിയവര്‍ക്ക് മാത്രമേ ജോലി ലഭിക്കൂ.

പിഎഎം പോര്‍ട്ടലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി വേണം ജോലിക്ക് യോഗ്യത നേടാന്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാണ്. 2024 സെപ്റ്റംബര്‍ 8 മുതല്‍ പിഎഎമ്മിന്റെ സിസ്റ്റങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഞ്ചിനീയര്‍മാര്‍ക്ക് അവരുടെ യോഗ്യതകള്‍ തുല്യമാകുന്നത് വരെ അവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ താല്‍ക്കാലികമായി പുതുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയും.
വര്‍ക്ക് പെര്‍മിറ്റില്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്ന എഞ്ചിനീയര്‍മാര്‍ യോഗ്യതാ തുല്യത അന്തിമമാക്കുന്നതിന് ബന്ധപ്പെട്ട കമ്മിറ്റിയില്‍ നിന്ന് പ്രാഥമിക അംഗീകാരം നേടുകയും രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടുകയും വേണം. അംഗീകൃതമല്ലാത്ത തൊഴിലാളികള്‍ക്ക് പ്രൊഫഷനുകള്‍ മാറുകയും പിന്നീട് അംഗീകാരത്തിന് ശേഷം എഞ്ചിനീയറിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുകയും ചെയ്യാം.
കുടുംബാംഗങ്ങള്‍, ബിസിനസ് പങ്കാളികള്‍, അല്ലെങ്കില്‍ എഞ്ചിനീയര്‍മാരായി സ്വകാര്യ മേഖലയിലേക്ക് മാറുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് യോഗ്യത തുല്യത കൈവരിക്കുന്നത് വരെ താല്‍ക്കാലിക രജിസ്‌ട്രേഷന് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.
അനുവദിച്ച സമയത്തിനുള്ളില്‍ തുല്യതാ പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലാളികള്‍ എഞ്ചിനീയറിംഗ് ഇതര തൊഴിലുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
സ്വകാര്യ മേഖലയിലേക്ക് മാറുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ എഞ്ചിനീയറിംഗ് റോളില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സ്ഥിരീകരിച്ച് സിവില്‍ സര്‍വീസ് ബ്യൂറോയില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷന്‍ നല്‍കണം. കുവൈത്തിലെ സ്വകാര്യമേഖലയിലെ എഞ്ചിനീയറിംഗ് പ്രൊഫഷണലുകളുടെ നിലവാരവും സമഗ്രതയും മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പിഎഎം അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications