പണം ഇല്ലെങ്കിലും വിമാന യാത്ര ചെയ്യാം; പുതിയ പദ്ധതിയുമായി കുവൈത്തിന്റെ ജസീറ എയര്‍വേയ്‌സ്
കുവൈത്ത് സിറ്റി: വിമാന യാത്രയ്ക്ക് പലപ്പോഴും തടസം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. സീസണില്‍ യാത്രക്കാരെ 'പിഴിയാന്‍' എല്ലാ വിമാന കമ്പനികളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്ക് കുറച്ചുള്ള പ്രഖ്യാപനങ്ങളും ഇടയ്ക്ക് കാണാം. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഓഫര്‍ ആണ് കുവൈത്തിലെ ജസീറ എയര്‍വേയ്‌സ് മുന്നോട്ട് വച്ചിരിക്കുന്നത്.
ടിക്കറ്റിന് കാശില്ലെങ്കിലും വിമാന യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് ജസീറ എയര്‍വേയ്‌സ് മുന്നോട്ട് വച്ച പദ്ധതി. ഇപ്പോള്‍ പറക്കൂ, പണം പിന്നീട് അടയ്ക്കാം എന്ന പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ആനകൂല്യം ലഭിക്കും. പണം പിന്നീട് കൊടുത്താല്‍ മതി.

പ്രാദേശിക ഫിന്‍ടെക് കമ്പനിയായ ദീമയുമായി സഹകരിച്ചാണ് ജസീറ എയര്‍വേയ്‌സ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ടിക്കറ്റ് എടുക്കുമ്പോള്‍ ദീമയും യാത്രക്കാരനും തമ്മിലാണ് ഇടപാട്. ടിക്കറ്റ് നിരക്ക് ജസീറ എയര്‍വേയ്‌സിന് ദീമ പൂര്‍ണമായി നല്‍കും. ദീമയ്ക്ക് യാത്രക്കാരന്‍ ഘട്ടങ്ങളായി പണം നല്‍കിയാല്‍ മതിയാകും. രണ്ടോ നാലോ തവണകളായി പലിശ ഇല്ലാതെ പണം നല്‍കാന്‍ കഴിയുന്നതാണ് പദ്ധതി.
ടിക്കറ്റ് നിരക്ക് കൂടുന്നത് കാരണം പലപ്പോഴും യാത്ര ഒഴിവാക്കുന്നവരുണ്ട്. യാത്രയ്ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കണം എന്നുമില്ല. എല്ലാ വെല്ലുവിളികളും പുതിയ പദ്ധതിയിലൂടെ മറികടക്കാന്‍ സാധിക്കും. യാത്രക്കാരന് എപ്പോഴാണോ തോന്നുന്നത് ആ വേളയില്‍ യാത്ര ചെയ്യാം. പണം തവണകളായി അടച്ചുതീര്‍ത്താല്‍ മതിയാകും.
കൂടുതല്‍ വിമാന കമ്പനികള്‍ എത്തും
നേരത്തെ ടിക്കറ്റ് നിരക്ക് കുറച്ചായിരുന്നു പല വിമാന കമ്പനികളും യാത്രക്കാരെ ആകര്‍ഷിച്ചിരുന്നത്. ഇനി മുതല്‍ ജസീറ എയര്‍വേയ്‌സ് മുന്നോട്ട് വെക്കുന്ന പദ്ധതിക്ക് ജനപ്രിയത ഏറുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിമാന കമ്പനികള്‍ പുതിയ പദ്ധതി മുന്നോട്ട് വെക്കാനാണ് സാധ്യത. ഇതാകട്ടെ, കൂടുതല്‍ പേര്‍ വിമാന യാത്ര തിരഞ്ഞെടുക്കാനും വഴിയൊരുക്കും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി യാത്രക്കാരുടെ ഭാരം കുറയ്ക്കുകയാണ് കമ്പനി ചെയ്യുന്നത് എന്ന് ജസീറ എയര്‍വേയ്‌സ് സിഇഒ ഭരതന്‍ പശുപതി പറഞ്ഞു. കുവൈത്തിലെ യാത്രക്കാര്‍ക്കാണ് ഈ പദ്ധതി ഉപയോഗപ്പെടുക. കൂടുതല്‍ വിമാന കമ്പനികള്‍ പദ്ധതി തുടങ്ങിയാല്‍ ഇന്ത്യക്കാര്‍ക്കും നേട്ടമാകും. ജസീറ എയര്‍വേയ്‌സ് ഇന്ത്യയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് നേട്ടമാകും.
കനേഡിയന്‍ വിമാന കമ്പനികള്‍ ഈ പദ്ധതി നേരത്തെ തുടങ്ങിയിരുന്നു. യുഎഇ വിമാന കമ്പനികള്‍ ആരംഭിക്കുമെന്ന് വാര്‍ത്തകളുണ്ട്. കാനഡയിലെ ഫ്‌ലെയര്‍ എയര്‍ലൈന്‍സും വെസ്റ്റ്ജെറ്റും പോലുള്ള മറ്റ് വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാന്‍ ഫ്‌ലെക്‌സിബിള്‍ പേയ്മെന്റ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം കൂടുതല്‍ പ്രചാരം നേടിയാല്‍, ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലെ ഒരു സാധാരണ ഫീച്ചറായി മാറിയേക്കാം.












Click it and Unblock the Notifications