കുവൈത്തില്‍ വിവാഹ പൂര്‍വ ടെസ്റ്റ് ഇനി പ്രവാസികള്‍ക്കും; എന്തിനാണിത്, വിശദീകരിച്ച് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: വിവാഹത്തിന് മുമ്പ് വധുവിനും വരനും വൈദ്യ പരിശോധന നടത്തുന്ന നിയമമുണ്ട് കുവൈത്തില്‍. ഇതുവരെ കുവൈത്ത് പൗരന്മാര്‍ക്ക് മാത്രമാണ് ഈ നിയമം ബാധകമായിരുന്നത്. ഇപ്പോള്‍ കുവൈത്തില്‍ വച്ച് വിവാഹിതരാകുന്ന എല്ലാവരും നിയമത്തിന്റെ പരിധിയില്‍ വരികയാണ്. ഭരണകൂടം പുതിയ എക്‌സിക്യുട്ടീവ് ഉത്തരവ് പുറത്തിറക്കി.
ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നിയമം കുവൈത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. കുവൈത്തില്‍ വച്ച് വിവാഹിതരാകുന്ന പ്രവാസികള്‍ പുതിയ നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യമാണ് കുവൈത്ത്. ഈ ജിസിസി രാജ്യത്തെ പ്രധാന പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. എന്തിനാണ് പുതിയ നിയമം കൊണ്ടുവന്നത് എന്ന് പറയാം...

2008ലെ ലോ നമ്പര്‍ 31ല്‍ ചില ഭേദഗതികള്‍ വരുത്തിയാണ് പുതിയ ഉത്തരവ് ആരോഗ്യ മന്ത്രാലയം ഇറക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാധി ഉത്തരവിന് അംഗീകാരം നല്‍കി. പൊതുജനരാഗ്യം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ് എന്ന് ഭരണകൂടം വിശദീകരിച്ചു. വിവാഹ ജീവിതം കൂടുതല്‍ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കുകയും ലക്ഷ്യമാണ്.
വിവാഹ പൂര്‍വ വൈദ്യ പരിശോധനയ്ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കും. വിവാഹത്തിന് മുമ്പ് രണ്ടുപേര്‍ക്കും ഗുരുതരമായ അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കാനാണ് വൈദ്യപരിശോധന. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമാണ്. വിവാഹത്തിന് ആറ് മാസം മുമ്പ് വരെ എടുത്ത പരിശോധന ഫലം അധികൃതര്‍ സ്വീകരിക്കും.
വൈദ്യ പരിശോധനയില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വരനെയും വധുവിനെയും അറിയിക്കും. ഇത് വിവാഹത്തെ ബാധിക്കണം എന്നില്ല. വിവാഹം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വധൂവരന്മാരാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ചികില്‍സ തേടാനുള്ള അവസരവും ഇരുവര്‍ക്കുമുണ്ടായിരിക്കും.
റമദാന്‍ സംഭാവന, ഗാസ- കുവൈത്ത് നിലപാട് ഇങ്ങനെ
വിശുദ്ധ റമദാന്‍ മാസം വരുന്നതിനാല്‍ സംഭാവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത് ഭരണകൂടം. പണമായി സംഭാവന നല്‍കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കെ നെറ്റ് ഉള്‍പ്പെടെ ഡിജിറ്റല്‍ ഇടപാട് വഴി പണം സംഭാവന ചെയ്യുന്നതിന് തടസമുണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പലസ്തീന്‍കാരെ ഗാസയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത ഭാഷയില്‍ കുവൈത്ത് രംഗത്തുവന്നു. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത് എന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹിയ പറഞ്ഞു. ഗാസയില്‍ നിന്ന് പലസ്തീന്‍കാരെ മാറ്റുന്ന ചര്‍ച്ചയേ ഉദിക്കുന്നില്ല. പലസ്തീന്‍കാരുടെ ഭാവി അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications