കുവൈത്ത് വിവാഹ പ്രായം 18 ആക്കി ഉയര്‍ത്താന്‍ കാരണം ഇതാണ്; നിയമ ഭേദഗതി വരുത്തി സര്‍ക്കാര്‍
കുവൈത്ത് സിറ്റി: ജിസിസി രാജ്യമായ കുവൈത്ത് വിവാഹ പ്രായം 18 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തിയതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 1145 പേരുടെ വിവാഹമാണ് 18 വയസ് തികയും മുമ്പ് കുവൈത്തില്‍ നടന്നതെന്ന് നിയമ മന്ത്രി നാസിര്‍ അല്‍ സുമൈത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ കുവൈത്തില്‍ പുരുഷന്മാരുടെ കുറഞ്ഞ വിവാഹ പ്രായം 17 ആണ്. സ്ത്രീകളുടെത് 15 വയസും. ഇതാണ് 18ലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. വിവാഹ പ്രായം പല രാജ്യങ്ങളിലും വ്യത്യസ്തമാണ്.

ഇന്ത്യയില്‍ സ്ത്രീകളുടേത് 18 ഉം പുരുഷന്മാരുടെത് 21 വയസുമാണ്. ദക്ഷിണ കൊറിയയില്‍ പുരുഷന്മാരുടേത് 34 വയസും സ്ത്രീകളുടേത് 31.5 വയസുമാണ്. കുവൈത്തിന്റെ പുതിയ തീരുമാനത്തിന് കാരണം എന്താണ് എന്നറിയാമോ...
കുട്ടികളുടെ സുരക്ഷ, കുടുംബങ്ങളിലെ സുസ്ഥിരത എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് വിവാഹ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 26, ജഅഫരി പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15 എന്നിവയില്‍ മാറ്റം വരുത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഇതോടെ 18 വയസിന് മുമ്പ് വിവാഹം ചെയ്യുന്നത് കുവൈത്തില്‍ നിയമവിരുദ്ധമായി മാറി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, ലിംഗ വിവേചനം ഇല്ലാതാക്കണം എന്നിവയും പുതിയ നിയമ ഭേദഗതിയുടെ ലക്ഷ്യമാണ്. 2024ല്‍ 1145 പേരുടെ വിവാഹമാണ് 18 വയസ് തികയുംമുമ്പ് നടന്നത്. ഇതില്‍ 1079 പേരും പെണ്‍കുട്ടികളായിരുന്നു.
സമൂഹത്തിന്റെ അടിത്തറ കുടുംബമാണ് എന്ന് കുവൈത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒമ്പതില്‍ പറയുന്നുണ്ട്. കുട്ടിക്കാലവും മാതൃത്വ കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. കുട്ടികളെ ചൂഷണം ചെയുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആര്‍ട്ടിക്കിള്‍ 10ല്‍ പറയുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
ചെറുപ്പത്തില്‍ വിവാഹിതരാവുന്നര്‍ക്ക് ഇടയില്‍ വിവാഹ മോചനം കൂടുതലാണെന്ന് അടുത്തിടെ ചില പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിവാഹ മോചനം കുറയ്ക്കുക എന്ന ലക്ഷ്യവും വിവാഹ പ്രായം ഉയര്‍ത്തിയ തീരുമാനത്തിന് പിന്നിലുണ്ട്. വിവാഹിതരാകുന്നതിന് മുമ്പ് സാമൂഹിക ബോധവും പക്വതയും വധൂവരന്മാര്‍ക്ക് എത്തേണ്ടതെന്നും ഭരണകൂടം മനസിലാക്കുന്നു.












Click it and Unblock the Notifications