അറ്റകൈ നോക്കി കുവൈത്ത്; സൗദി അറേബ്യയും യുഎഇയും കനിയുമോ? മറ്റു മാര്‍ഗമില്ല
കുവൈത്ത് സിറ്റി: ഹോര്‍മുസ് പാത ഇറാന്‍ അടച്ചതോടെ വലിയ കുരുക്കിലായ ജിസിസി രാജ്യമാണ് കുവൈത്ത്. ഹോര്‍മുസ് വഴിയാണ് കുവൈത്ത് ഇതുവരെ എണ്ണ കയറ്റുമതി ചെയ്തിരുന്നത്. യുദ്ധം തുടങ്ങിയതോടെ വഴി മുടങ്ങി. മറ്റു ജിസിസി രാജ്യങ്ങള്‍ ബദല്‍മാര്‍ഗങ്ങള്‍ ഒരുക്കി പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുവൈത്തിന് മറ്റു കടല്‍ മേഖലയുമായി ബന്ധമില്ലാത്തതിനാല്‍ വഴിമുട്ടിയ മട്ടാണ്.
ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്. ഇന്ത്യ കുവൈത്തിന്റെ എണ്ണ വലിയ അളവില്‍ വാങ്ങുന്നുണ്ട്. ഹോര്‍മുസ് അടച്ചതോടെ കുവൈത്ത് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. എണ്ണ കിണറുകള്‍ നിലനിര്‍ത്താന്‍ വേണ്ടി നാമമാത്രമായ ഖനനമാണ് ഇപ്പോള്‍ നടത്തുന്നത്. ഹോര്‍മുസ് തുറന്നാല്‍ രണ്ട് മാസത്തിനകം പഴയ പോലെ കയറ്റുമതി സാധിക്കും. ഹോര്‍മുസ് തുറക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ സൗദിയെയും യുഎഇയെയും സമീപിച്ചിരിക്കുകയാണ്.

സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് ശ്രമിക്കുന്നുണ്ട് എന്ന് കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സിഇഒ ശൈഖ് നവാഫ് അല്‍ സബാഹ് അമേരിക്കയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കവെ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും എണ്ണ കയറ്റുമതിക്ക് പൈപ്പ് ലൈന്‍ ഉണ്ട്. ഇതിലൂടെ തങ്ങളുടെ ക്രൂഡ് ഓയിലും കയറ്റുമതി ചെയ്യാന്‍ സാധിക്കുമോ എന്നാണ് കുവൈത്ത് പരിശോധിക്കുന്നത്.
ഹോര്‍മുസിന് പുറത്തുള്ള കടലുമായി കുവൈത്തിന് ബന്ധമില്ല. പൈപ്പ് ലൈന്‍ ഒരുക്കിയിട്ടുമില്ല. ഇതാണ് കുവൈത്ത് കുരുക്കിലാകാന്‍ കാരണം. മാര്‍ച്ച് മുതല്‍ ഹോര്‍മുസ് അടഞ്ഞുകിടക്കുകയാണ്. സൗദി അറേബ്യയ്ക്ക് എണ്ണ കയറ്റുമതി ചെയ്യാന്‍ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈന്‍ ഉണ്ട്. അബ്‌ഖൈകില്‍ നിന്ന് യാമ്പു തുറമുഖത്തേക്ക് 1200 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പൈപ്പ് ലൈന്‍. 70 ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഇതിലൂടെ കയറ്റുമതി ചെയ്യുന്നുണ്ട്.
ഹബ്ഷാനില്‍ നിന്ന് ഫുജൈറ തുറമുഖത്തേക്കാണ് യുഎഇയുടെ എണ്ണ പൈപ്പ് ലൈന്‍ ഉള്ളത്. 15 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ യുഎഇ ഇതുവഴി കയറ്റുമതി ചെയ്യുന്നുണ്ട്. മറ്റൊരു പൈപ്പ് ലൈന്‍ കൂടി യുഎഇ ഒരുക്കുകയാണിപ്പോള്‍. പകുതിയില്‍ അധികം ജോലികള്‍ കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രവര്‍ത്തന സജ്ജമാകും. ഇതോടെ കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാമെന്നാണ് യുഎഇയുടെ കണക്കുകൂട്ടല്‍.
കുവൈത്ത് ആദ്യമായി എണ്ണ കയറ്റുമതി ചെയ്തു
യുദ്ധത്തെത്തുടര്‍ന്ന് കുവൈറ്റിന്റെ എണ്ണ കയറ്റുമതി വലിയ പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ ഏഷ്യന്‍ വിപണിയിലേക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ അവര്‍ ഒരുങ്ങുന്നു. ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് എണ്ണ നല്‍കുന്നത്. രണ്ട് വലിയ ടാങ്കറുകളിലായി നാല് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് കയറ്റി അയക്കുന്നത്. ഓരോ ടാങ്കറിലും രണ്ട് ദശലക്ഷം ബാരല്‍ എണ്ണ വീതമുണ്ട്.
ഈ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടുകഴിഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ വലിയ പ്രതിസന്ധിയായിരുന്നു. കടലിടുക്ക് തടസ്സപ്പെട്ട ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം. ഇപ്പോള്‍ കപ്പലുകള്‍ ഏഷ്യന്‍ തുറമുഖങ്ങളിലേക്ക് നീങ്ങുകയാണ്.















Click it and Unblock the Notifications