ഈ ഗള്‍ഫ് രാജ്യത്ത് നിഖാബ് ധരിച്ച് വാഹനം ഓടിച്ചാല്‍ കുറ്റകരം; കാഴ്ച തടസം മാത്രമല്ല കാരണം
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണകൂടം നാല് പ്രധാനപ്പെട്ട നിയമ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം കുവൈത്തിനെ അഭിനന്ദിക്കാന്‍ കാരണമായ നിയമ ഭേദഗതിയും ഇതില്‍ ഉള്‍പ്പെടും. മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് കുറ്റകരമാക്കുന്നതാണ് ഒരു നിയമം. ഡ്രൈവിങ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
30 മുതല്‍ 50 വരെ കുവൈത്ത് ദിനാര്‍ പിഴയാണ് നിഖാബ് ധരിച്ച് വാഹനം ഓടിച്ചാലുള്ള ശിക്ഷ. ജയില്‍ ശിക്ഷ ലഭിക്കില്ല. വാഹനം ഓടിക്കുന്ന സമയം ഡ്രൈവര്‍ മുഖം പാതി മറക്കുന്നത് കാഴ്ച കൃത്യമായി ലഭിക്കുന്നതിന് തടസമുണ്ടാക്കും. നിഖാബ് ധരിച്ച് വാഹനം ഓടിക്കുന്നത് നിരോധിക്കാന്‍ ഒരു കാരണം ഇതാണ്. എന്നാല്‍ മറ്റൊരു കാരണവും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം. നിഖാബ് ധരിച്ച് വാഹനം ഓടിക്കുമ്പോള്‍ അപകടത്തിനുള്ള സാധ്യത കൂടുതലാണ്. ഡ്രൈവര്‍മാരെ തിരിച്ചറിയാന്‍ സ്ഥാപിച്ചിട്ടുള്ള കാമറകളില്‍ നിഖാബ് ധരിച്ച് പോകുന്ന വ്യക്തിയെ മനസിലാക്കാന്‍ പ്രയാസമാണ്. ഇത് സുരക്ഷാ വിഷയമായും ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നു.
അതേസമയം, ഈ നിയമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നു. 1984ലെ പഴയ നിയമം ചൂണ്ടിക്കാട്ടിയാണ് മറിച്ചുള്ള പ്രചാരണം നടക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. വനിതാ പോലീസ് ഓഫീസര്‍മാര്‍ നിരവധിയുള്ളതിനാല്‍ നിലവില്‍ വനിതാ ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനും തടസമില്ല.
കുറഞ്ഞ വിവാഹ പ്രായം 18 ആക്കി ഉയര്‍ത്തിയതാണ് കുവൈത്തിലെ അടുത്ത നിയമ ഭേദഗതി. 18 വയസ് തികയുന്നതിന് മുമ്പ് വിവാഹിതരാകാന്‍ ഇനി പാടില്ല. അത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കില്ല. ഇസ്ലാമിക ശരീഅത്തും കുട്ടികളുടെ അവകാശങ്ങള്‍ക്കുള്ള യുഎന്‍ നിയമവും അടിസ്ഥാനമാക്കിയാണ് വിവാഹ പ്രായം 18 ആക്കി ഉയര്‍ത്തിയത്.
കുവൈത്തിലെ ഔദ്യോഗിക ഗസറ്റില്‍ പുതിയ നിയമത്തിന്റെ വിജ്ഞാപനം ഇറങ്ങി. നിയമം നടപ്പാക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും ഉറപ്പാക്കണമെന്നും നിയമത്തിന്റെ വിശദീകരണ രേഖയില്‍ പറയുന്നു. ദുരഭിമാന കൊലപാതകവുമായി ബന്ധപ്പെട്ട നിയമത്തിലാണ് കുവൈത്ത് മറ്റൊരു ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ദിയാധനം വര്‍ധിപ്പിച്ചു
വ്യഭിചരിക്കുന്നത് കണ്ട പ്രകോപനത്തില്‍ സ്ത്രീകളെ പുരുഷ ബന്ധുക്കള്‍ കൊലപ്പെടുത്തിയാല്‍ മൂന്ന് വര്‍ഷം തടവും 3000 ദിര്‍ഹം പിഴയുമായിരുന്നു ഇതുവരെയുള്ള ശിക്ഷ. ഇസ്ലാമിക ശരീഅത്ത് പ്രകാരം ഇത് ഉചിതമായ ശിക്ഷയല്ല എന്ന് കുവൈത്ത് നിയമ മന്ത്രി നാസര്‍ അല്‍ സുമൈത്ത് പറഞ്ഞു. കൊലപാതത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വിചാരണ ചെയ്ത് ശിക്ഷ വിധിക്കുമെന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. മറ്റു കൊലപാതകങ്ങളെ പോലെ തന്നെ ഇത്തരം ദുരഭിമാന കൊലകളെയും കണക്കാക്കും.
ദിയാധനവുമായി ബന്ധപ്പെട്ടാണ് കുവൈത്ത് മന്ത്രിസഭ മറ്റൊരു തീരുമാനം എടുത്തിരിക്കുന്നത്. ദിയാധനം ഇതുവരെ 10000 ദിനാര്‍ ആയിരുന്നു. പുതിയ തീരുമാന പ്രകാരം ഇത് 20000 ദിനാര്‍ ആക്കി ഉയര്‍ത്തി. 1980ലെ സിവില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് ദിയാധനം ഉയര്‍ത്തിയത്. കുറ്റം ചെയ്ത വ്യക്തിക്ക് ഇരയുടെ ബന്ധുക്കള്‍ മാപ്പ് നല്‍കുമ്പോള്‍ കൈമാറുന്ന തുകയാണ് ദിയാധനം.












Click it and Unblock the Notifications