സൗദിക്ക് പിന്നാലെ കുവൈത്ത്; പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പിട്ടു, അമേരിക്ക പുറത്താകുമോ
കുവൈത്തും പാകിസ്താനും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയില്‍ സഹകരണം ശക്തമാക്കുന്നതാണ് കരാര്‍. പരിശീലനം, വിഭവശേഷി വര്‍ധിപ്പിക്കല്‍, അതിര്‍ത്തി ക്രമീകരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇരുരാജ്യങ്ങളും ഇനി സഹകരിച്ച് മുന്നോട്ട് പോകും. സൗദി അറേബ്യയുമായി പ്രതിരോധ കരാര്‍ ഒപ്പിട്ട പിന്നാലെയാണ് കുവൈത്തുമായി പാകിസ്താന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി അടുത്തിടെ പാകിസ്താന്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറിലേക്ക് കൂടുതല്‍ മുസ്ലിം രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്ന് പാകിസ്താന്‍ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ തുര്‍ക്കിയില്‍ നിന്ന് ആയുധങ്ങളുമായി പാകിസ്താനിലേക്ക് വിമാനങ്ങള്‍ വന്നു എന്ന റിപ്പോര്‍ട്ടുകളും ചര്‍ച്ചയായിരിക്കെയാണ് കുവൈത്തുമായി പുതിയ കരാര്‍.

അമേരിക്കയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ച രാജ്യങ്ങളാണ് ജിസിസിയില്‍ ഉള്ളത്. എന്നാല്‍ അടുത്ത കാലത്ത് ഇവര്‍ മാറി ചിന്തിക്കുകയാണ്. മറ്റു രാജ്യങ്ങളുമായും സമാനമായ കരാറില്‍ ഏര്‍പ്പെടുകയാണ്. അമേരിക്കയുടെ സ്വാധീനം മേഖലയില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് പുതിയ മാറ്റം. പശ്ചിമേഷ്യയില്‍ പുതിയ കളിക്കാരനായി പാകിസ്താന്‍ സജീവമാകുകയാണ്.
കുവൈത്തിന്റെ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി ആലുസ്സബാഹിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനില്‍ എത്തിയിരുന്നു. ഇവര്‍ക്ക് വലിയ സ്വീകരണമാണ് പാകിസ്താന്‍ ഒരുക്കിയത്. പാകിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റാവല്‍പിണ്ടിയിലെ കാര്യാലയത്തില്‍ വച്ചായിരുന്നു കരാര്‍ ഒപ്പിടല്‍. പാകിസ്താനു വേണ്ടി പ്രതിരോധ മന്ത്രി ഖവജ ആസിഫ് കരാറില്‍ ഒപ്പിട്ടു.
സഹകരണ സമവാക്യങ്ങളില്‍ മാറ്റം
പ്രോട്ടോകോള്‍ എഗ്രിമെന്റ് 2026 എന്ന പേരിലുള്ള കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. കുവൈത്തിന്റെ സൈനിക മേധാവി ലഫ്. ജനറല്‍ ഖാലിദ് അല്‍ ഷരിയാനും സന്നിഹിതനായിരുന്നു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ഇരു മന്ത്രിമാരും ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തു. പ്രതിരോധ സഹകരണം ശക്തമാക്കാനും സുരക്ഷാ കാര്യങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഇറാന്റെ ശക്തമായ ആക്രമണം നേരിട്ട രാജ്യമാണ് കുവൈത്ത്.
പാകിസ്താനും കുവൈത്തും തമ്മില്‍ നേരത്തെ സൈനിക സഹകരണം നിലവിലുണ്ട്. 2023ല്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടര്‍ കരാറാണ് ഇന്ന് ഒപ്പുവച്ചത്. സൈനിക പരിശീലനം, ശേഷി വര്‍ധിപ്പിക്കല്‍, അതിര്‍ത്തിയിലെ ഇടപെടല്‍, സൈനിക സഹകരണം എന്നിവയെല്ലാം കരാറിന്റെ ഭാഗമാണ്. പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ കുവൈത്തില്‍ നിന്നുള്ള സംഘവുമായി സൈനിക ആസ്ഥാനത്ത് പ്രത്യേകം ചര്‍ച്ച നടത്തി.
പാകിസ്താനും സൗദിയും തുര്‍ക്കിയും അടുത്തിടെ മക്ക പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിലേക്ക് കുവൈത്ത്, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ട്. ഇറാനെ ക്ഷണിച്ചു എന്ന വിവരവും പുറത്തുവന്നു. മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ സൈനിക സഹകരണം വേണമെന്നും പുറത്തുനിന്നുള്ള ശക്തികളെ പുറത്താക്കണമെന്നും ഇറാന്‍ ഏറെ കാലമായി ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് പുതിയ കരാര്‍ എന്നതും ശ്രദ്ധേയമാണ്.





Click it and Unblock the Notifications