സൗദിയുടെ കാര്യം 'കട്ടപ്പൊക'; സൗദി അറേബ്യയും യുഎഇയും കനിഞ്ഞാല്‍ കുവൈത്ത് രക്ഷപ്പെട്ടു
ഇറാന്‍-അമേരിക്ക യുദ്ധം പ്രതിസന്ധിയിലാക്കിയ ജിസിസി രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ യുദ്ധം കാരണം കയറ്റുമതി വലിയ പ്രതിസന്ധി നേരിടുകയാണ്. ഹോര്‍മുസ് കടല്‍പാത അടഞ്ഞതിനാല്‍ ചില മാസങ്ങളില്‍ കുവൈത്തിന് തീരെ കയറ്റുമതി സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ മാസം മുതല്‍ ചില നീക്കങ്ങള്‍ കുവൈത്ത് നടത്തുന്നുണ്ട്.
സ്വന്തമായി കപ്പലുകളില്‍ കയറ്റുമതി ചെയ്യുകയാണ് കുവൈത്ത് കണ്ടെത്തിയ ഒരു പരിഹാരം. എന്നാല്‍ തുടര്‍ച്ചയായ ആക്രമണം നേരിടുന്ന കുവൈത്ത് ഈ നടത്തുന്നത് കൈവിട്ട കളിയാണ്. കപ്പലിന് നേരെ ആക്രമണം ഉണ്ടായാല്‍ വലിയ നഷ്ടമാകും. ചെറുകപ്പലുകളില്‍ ഇന്ധനം നിറച്ച് ഉള്‍ക്കടലില്‍ വച്ച് ആവശ്യമുള്ള വലിയ കപ്പലുകള്‍ക്ക് കൈമാറുന്ന മറ്റൊരു വഴിയും കുവൈത്ത് പയറ്റുന്നു. ഇറാന്റെ ശ്രദ്ധ തെറ്റിക്കാന്‍ ജിപിഎസ്, സിഗ്നല്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്താണ് ചെറുകപ്പലുകളുടെ യാത്ര.

മൂന്നാമത് കുവൈത്ത് കണ്ടെത്തിയ മറ്റൊരു കയറ്റുമതി മാര്‍ഗം സൗദി അറേബ്യയെയും യുഎഇയെയും ആശ്രയിച്ചാണ്. സൗദി അറേബ്യയ്ക്കും യുഎഇക്കും പൈപ്പ് ലൈന്‍ ഉണ്ട്. എണ്ണപ്പാടങ്ങളില്‍ നിന്ന് തുറമുഖത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് ഈ രണ്ടു രാജ്യങ്ങളും കയറ്റുമതി ചെയ്യുന്നത്. ഈ പൈപ്പ് ലൈന്‍ തങ്ങളുടെ എണ്ണ കൊണ്ടുപോകാനും അനുവദിക്കുമോ എന്ന് ആരായുകയാണ് കുവൈത്ത്.
അബ്‌ഖൈഖ്, ഗവാര്‍ എണ്ണപ്പാടങ്ങളെ ചെങ്കടലിലെ യാമ്പു തുറമുഖത്തേക്ക് ബന്ധിപ്പിക്കുന്നതാണ് സൗദി അറേബ്യയിലെ പൈപ്പ് ലൈന്‍. അബുദാബിയിലെ ഹബ്ഷാന്‍ എണ്ണപ്പാടങ്ങളെ ഒമാന്‍ ഉള്‍ക്കടലിലെ ഫുജൈറ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് യുഎഇയിലെ പൈപ്പ് ലൈന്‍. ഇറാന്‍ ഹോര്‍മുസ് പാത അടച്ചതിനാല്‍ ഈ രണ്ട് പൈപ്പ് ലൈന്‍ വഴിയാണ് ജിസിസിയിലെ പ്രധാന കയറ്റുമതി. ഇവ ഉപയോഗിക്കാന്‍ അവസരം നല്‍കാമോ എന്നാണ് കുവൈത്ത് അഭ്യര്‍ഥിക്കുന്നത്.
അതേസമയം, സൗദി അറേബ്യയുടെ എണ്ണപൈപ്പ് ലൈന്‍ ലക്ഷ്യമിട്ട് ഇറാഖില്‍ നിന്ന് ആക്രമണം നടന്നതോടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് സൗദി. അതുകൊണ്ടുതന്നെ അവരുടെ കയറ്റുമതി വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ കുവൈത്തിന്റെ അഭ്യര്‍ഥന അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. സൗദിയുടെ എണ്ണ ലഭ്യമായില്ലെങ്കില്‍ ആഗോള വിപണിയില്‍ വില കുത്തനെ ഉയരും.
യുഎഇക്ക് മാത്രമാണ് നേരിയ ആശ്വാസം. കാരണം ഫുജൈറ വഴി പോകുന്ന കപ്പലുകള്‍ക്ക് ഹോര്‍മുസ് പാത കടക്കേണ്ടതില്ല. അല്ലാതെ തന്നെ ഏഷ്യയിലേക്കുള്ള കയറ്റുമതി സാധ്യമാകും. ഒമാനും വെല്ലുവിളി കുറവാണ്. അതേസമയം, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് വലിയ പ്രതിസന്ധി നേരിടുന്നത്. കുവൈത്തിന്റെ പോലെ ഖത്തറും സൗദിയുടെ എണ്ണ പൈപ്പ് ലൈന്‍ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നുണ്ട്. ശാശ്വതമായ പരിഹാരത്തിന് ഇറാനും ജിസിസി രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ചര്‍ച്ച ഒമാനില്‍ തിങ്കളാഴ്ച നടന്നേക്കും. ഇത് വിജയിച്ചാല്‍ ഗള്‍ഫ് മേഖലയ്ക്ക് വലിയ ആശ്വാസമാകും.




Click it and Unblock the Notifications
