കുവൈത്ത് വക പ്രവാസികള്‍ക്ക് പുതിയ വിസ; ഏഴ് ദിവസത്തേക്ക് മാത്രം, മാനുഷിക പരിഗണന
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണകൂടം പുതിയ ട്രാന്‍സിറ്റ് വിസ അനുവദിച്ചു. ഏഴ് ദിവസം കാലാവധിയുള്ള വിസയാണിത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തിപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കര മാര്‍ഗം കുവൈത്തിലെത്തുന്ന ജിസിസിയിലെ പ്രവാസികള്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്കാണ് ഏഴ് ദിവസം മാത്രം കാലാവധിയുള്ള വിസ നല്‍കുക.
പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്ക് യാത്രാ സൗകര്യവും താമസവും ഒരുക്കാന്‍ വേണ്ടി മാത്രമാണ് ഈ ഇളവ്. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദേശ പ്രകാരമാണിത്. ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, പ്രവാസികള്‍, യൂറോപ്യന്‍ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്കാണ് ഇളവ്. ഇറാഖ് വഴി കടക്കുന്നവര്‍ക്കും ഇറാനില്‍ നിന്ന് എത്തുന്നവര്‍ക്കും ആശ്വാസമാണ് കുവൈത്തിന്റെ തീരുമാനം.

AI Image
അബ്ദാലി അതിര്‍ത്തി വഴി കുവൈത്തിലേക്ക് കടക്കുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കും. മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം കുവൈത്തില്‍ തങ്ങാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ട്രാന്‍സിറ്റ് വിസ. അബ്ദാലി തുറമുഖത്ത് നിന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാന്‍ ഇത് ഉപകാരപ്പെടും.
അതിര്‍ത്തി കടന്ന് എത്തുന്നവരെ സഹായിക്കാന്‍ എംബസി ഉദ്യോഗസ്ഥരുണ്ടാകും. അവര്‍ പരിശോധിച്ച ശേഷമാകും ഏഴ് ദിവത്തേക്കുള്ള ട്രാന്‍സിറ്റ് വിസ അനുവദിക്കുക. ഇത് ലഭിച്ചാല്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ തടസമുണ്ടാകില്ല എന്ന് കേണല്‍ വലീദുല്‍ അസ്മി പറഞ്ഞു. അബ്ദാലി അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്‌റൈന്‍ നിയന്ത്രണം
പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കി ബഹ്‌റൈന്‍. കലാലയങ്ങളില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. ഞായറാഴ്ചയാണ് ഈ നിര്‍ദേശം നല്‍കിയത്. പൊതു നിരത്തിലൂടെയുള്ള യാത്ര കുറയ്ക്കാനും മെയിന്‍ റോഡ് ഉപയോഗിക്കുന്നത് അവശ്യത്തിന് വേണ്ടി മാത്രമാക്കാനും നിര്‍ദേശിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം ഇടപെടുന്നതിനാണിത്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും പകുതിയില്‍ അധികം ഉദ്യോഗസ്ഥരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങൡ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ക്കാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഈ രീതി തുടരും. അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതോടെ ഇറാന്‍ തിരിച്ചടിക്കുമെന്ന ആശങ്ക മേഖലയിലുണ്ട്.
അമേരിക്കയുടെ സൈനികര്‍ നിരവധിയുള്ള രാജ്യമാണ് ബഹ്‌റൈന്‍. അമേരിക്കയുടെ നാവിക സേന ബഹ്‌റൈനില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറാന്‍ ബഹ്‌റൈന് നേരെ ആക്രമണം നടത്തുമോ എന്ന ആശങ്കയും ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. കടല്‍വഴി 200 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ബഹ്‌റൈനും ഇറാനും.












Click it and Unblock the Notifications