കുവൈത്ത് അതിന് തയ്യാറാകുമോ? ഇസ്രായേല്‍ അംബാസഡര്‍ തട്ടിവിട്ടതാണോ, മൂന്നാം ജിസിസി രാജ്യം
ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള മുസ്ലിം രാജ്യങ്ങള്‍ വളരെ കുറവാണ്. അമേരിക്ക മുന്‍കൈ എടുത്ത് എല്ലാ മുസ്ലിം രാജ്യങ്ങളെയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് അബ്രഹാം കരാര്‍. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളാണ് അബ്രഹാം കരാറില്‍ ഒപ്പുവെക്കുന്നത്. നിലവില്‍ ജിസിസിയില്‍ നിന്ന് രണ്ട് രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്.
മൂന്നാമത്തെ രാജ്യമായി കുവൈത്ത് എത്തുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. യുഎഇയിലെ ഇസ്രായേല്‍ അംബാസഡര്‍ യോസി ഷെല്ലിയുടെ പ്രസ്താവനയാണ് ഈ ചോദ്യത്തിന് കാരണം. ആറ് മാസത്തിനകം കുവൈത്ത് അബ്രഹാം കരാറില്‍ ഒപ്പുവെക്കും എന്നാണ് ഷെല്ലി പറഞ്ഞത്. യുഎഇയുമായി ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ ആറാം വാര്‍ഷികത്തിലാണ് ഷെല്ലിയുടെ പ്രസ്താവന.

1948ല്‍ പലസ്തീന്‍ ഭൂമി വിഭജിച്ചാണ് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിച്ചത്. നിരവധി പലസ്തീന്‍കാരുടെ കൂട്ടക്കൊലയ്ക്കും പലായനത്തിനും കാരണമായ സംഭവമായിരുന്നു ഇത്. ഇതിനെതിരെ ആഗോള സമൂഹം ഒന്നിച്ച് രംഗത്തുവന്നെങ്കിലും അമേരിക്കയും ബ്രിട്ടനും യൂറോപ്പും ഇസ്രായേല്‍ രൂപീകരണത്തെ അനുകൂലിച്ചു. അറബ് രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കില്ല എന്ന നിലപാടാണ് മുസ്ലിം രാജ്യങ്ങള്‍ തുടക്കത്തില്‍ സ്വീകരിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇസ്രായേലുമായി ചില മുസ്ലിം രാജ്യങ്ങള്‍ അടുക്കാന്‍ തുടങ്ങി. ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. ആറു വര്‍ഷം മുമ്പ് യുഎഇയും ബഹ്‌റൈനും അബ്രഹാം കരാറില്‍ ഒപ്പിട്ടു. മൊറോക്കോയും സുഡാനും സമാന വഴിയിലെത്തി.
അബ്രഹാം കരാറില്‍ കൂടുതല്‍ മുസ്ലിം രാജ്യങ്ങളെ ഭാഗമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ചുക്കാന്‍ പിടിക്കുന്നത്. സൗദി അറേബ്യയെ കരാറിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് 2023ല്‍ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചിത്രം മാറിയതും. ഇതോടെ സൗദി-ഇസ്രായേല്‍ ചര്‍ച്ച നിലച്ചു.
എന്നാല്‍ ഇസ്രായേല്‍ ഇപ്പോള്‍ പറയുന്നത് കുവൈത്ത് ആറ് മാസത്തിനകം കരാറിന്റെ ഭാഗമാകും എന്നാണ്. ഇക്കാര്യത്തില്‍ കുവൈത്തിന്റെ ഭാഗത്ത് നിന്ന് സ്ഥീകരണം വന്നിട്ടില്ല. മാത്രമല്ല, ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് കുവൈത്ത്. മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ സ്വരം ഉയരുന്ന രാജ്യം കൂടിയാണിത്. അതുകൊണ്ടുതന്നെ യുഎഇയിലെ ഇസ്രായേല്‍ അംബാസഡറുടെ വാക്കുകളുടെ സത്യാവസ്ഥ അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications
