കുവൈത്ത് തന്ത്രം മാറ്റി; ഇറാന് മറുപടി, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവരുമായി ചര്‍ച്ച
കുവൈത്ത് സിറ്റി: ഇറാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടം നേരിട്ട ജിസിസി രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. കുവൈത്തിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന് മാത്രമല്ല, ഹോര്‍മുസ് പാത അടച്ചതോടെ എണ്ണ കയറ്റുമതിയും തടയപ്പെട്ടു. മറ്റു കടല്‍പാത ഇല്ലാത്തതും കുവൈത്തിന് തിരിച്ചടിയായി. കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍ കയറ്റുമതി.
അമേരിക്കന്‍ സൈന്യം തമ്പടിക്കുന്ന രാജ്യം കൂടിയാണ് കുവൈത്ത്. ഇതാണ് കുവൈത്തിനെ ഇറാന്‍ ലക്ഷ്യമിടാന്‍ കാരണം. ചര്‍ച്ച നടക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ ശേഷവും കുവൈത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ അയച്ചു. യുഎസ് താവളം ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍. ഈ സാഹചര്യത്തിലാണ് മറ്റൊരു വഴി കുവൈത്ത് തേടിയിരിക്കുന്നത്...

സൗദി അറേബ്യയ്ക്ക് പൈപ്പ് ലൈന്‍ വഴി തുറമുഖത്ത് എണ്ണ എത്തിച്ച് കയറ്റുമതി ചെയ്യാന്‍ സാധിക്കും. യുഎഇക്കും ഈ അവസരമുണ്ട്. ഒമാന് വിപുലമായ തുറമുഖ സൗകര്യമുള്ളതിനാല്‍ തടസങ്ങളില്ല. വ്യാപാരം വെട്ടിലായത് കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കാണ്. കുവൈത്ത് പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച തുടങ്ങി.
സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളുമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന് കുവൈത്ത് എണ്ണ വകുപ്പ് മന്ത്രി താരിഖ് സുലൈമാന്‍ അല്‍ റൂമി പറഞ്ഞു. സൗദിയുടെ തുറമുഖത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ചര്‍ച്ച. അത് വിജയിച്ചാല്‍ ചെങ്കടല്‍ വഴി എണ്ണ കയറ്റുമതി ചെയ്യാം. ഒമാന്‍ തുറമുഖത്തേക്കും പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. കൂടാതെ യുഎഇയിലെ ഫുജൈറ തുറമുഖത്തേക്കും.
ഈ മൂന്ന് ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ എണ്ണ കയറ്റുമതി വീണ്ടും ആരംഭിക്കാന്‍ സാധിക്കും. നിലവില്‍ കുവൈത്തിലെ എണ്ണ കയറ്റുമതി നിലച്ച മട്ടാണ്. പുതിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന കാര്യം കുവൈത്ത് ജപ്പാനെ അറിയിച്ചു. കുവൈത്ത് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.
അതേസമയം, മധ്യസ്ഥ രാജ്യങ്ങള്‍ ഇറാനുമായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹോര്‍മുസ് കടല്‍ പാത തുറക്കാന്‍ വൈകാതെ വഴി ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കരാര്‍ ഒപ്പിട്ടേക്കുമെന്നും കരുതുന്നു. അങ്ങനെ സംഭവിച്ചാല്‍ കുവൈത്തിന് വലിയ ആശ്വാസമാകും. ഹോര്‍മുസ് തുറന്നാല്‍ ആഴ്ചകള്‍ക്കകം എണ്ണ കയറ്റുമതി വീണ്ടും സജീവമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. അതിനിടെ സൗദി അറേബ്യയെയും കുവൈത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാതയുടെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷം എല്ലാം പൂര്‍ത്തിയാക്കി ചരക്കുകള്‍ അതിവേഗം കൈമാറ്റം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.





Click it and Unblock the Notifications