കുവൈത്ത് 3 നഗരങ്ങള്‍ ഒരുക്കുന്നു; 300 ഹെക്ടറില്‍ വരുന്നത് വന്‍ പദ്ധതി, 30 വര്‍ഷത്തെ കരാര്‍
കുവൈത്ത് സിറ്റി: എല്ലാവര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് ഭരണകൂടം മൂന്ന് നഗരങ്ങള്‍ കൂടി സ്ഥാപിക്കുന്നു. കുവൈത്ത് തലസ്ഥാനത്തിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായിട്ടാണ് നഗരങ്ങള്‍ ഒരുക്കുന്നത്. ഭവന നിര്‍മാണം, അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയെല്ലാം ഇതില്‍ പെടും. സര്‍ക്കാരിന്റെ ഭവന പദ്ധതി പട്ടികയില്‍ ഒരു ലക്ഷത്തിലധികം പേരാണ് നിലവിലുള്ളത്.
ഭവന നിര്‍മാണ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്ന നിയമം കുവൈത്ത് പാസാക്കിയിരുന്നു. ഇതുപ്രകാരമുള്ള ആദ്യ ഭവന പദ്ധതിയാണ് വരാന്‍ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്. പദ്ധതി നടപ്പാക്കാനായി ഭരണകൂടം ടെന്‍ഡര്‍ ക്ഷണിച്ചു. കുവൈത്തില്‍ വീടുകളുടെ ലഭ്യത വലിയ വെല്ലുവിളിയായി തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ നഗര നിര്‍മാണ പദ്ധതി.

സര്‍ക്കാരിന്റെ ഭവന പദ്ധതിക്ക് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്ന ലക്ഷത്തിലധികം പേരുണ്ട്. ഇതില്‍ ചിലര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരാണ്. വിഷയത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചത്. 300 ഹെക്ടറിലാണ് മൂന്ന് നഗരങ്ങള്‍ വികസിപ്പിക്കുന്നത്. മുത്‌ല സിറ്റി, സഅദ് അബ്ദുല്ല സിറ്റി, വെസ്റ്റ് സഅദ് അല്‍ അബ്ദുല്ല സിറ്റി എന്നിവയാണ് പുതിയ നഗരങ്ങള്‍.
30 വര്‍ഷത്തേക്കുള്ള കരാര്‍ ഇങ്ങനെ
30 വര്‍ഷത്തേക്കാണ് സര്‍ക്കര്‍ ഭവന കരാര്‍ നല്‍കുന്നത്. നിര്‍മാണത്തിന് വേണ്ടി മാത്രം നാല് വര്‍ഷമാണ്. രൂപ കല്‍പ്പന, ധന സഹായം, നിര്‍മാണം, അറ്റക്കുറ്റപ്പണികള്‍, കുവൈത്തിലെ പൗരന്മാര്‍ക്ക് വീട് വില്‍ക്കല്‍, അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയെല്ലാം കരാറിന്റെ ഭാഗമാണ്. സാമൂഹിക-തൊഴില്‍ വകുപ്പ് വിദേശ ജോലിക്കാര്‍ക്കായി റസിഡന്‍ഷ്യല്‍ കോപ്ലക്‌സുകള്‍ ഇതിന് പുറമെ നിര്‍മിക്കുന്നുണ്ട്.
2023 വരെ ഭവന നിര്‍മാണ രംഗത്ത് സര്‍ക്കാരിന് മാത്രമായിരുന്നു പ്രാതിനിധ്യം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് നിയമത്തില്‍ പുതിയ ഭേദഗതി കൊണ്ടുവന്നതോടെ ഈ രംഗത്ത് സ്വകാര്യ കമ്പനികളും എത്തിയിരിക്കുകയാണ്. നിയമ ഭേദഗതി ആദ്യമായി നടപ്പാക്കാന്‍ പോകുകയാണ് പുതിയ മൂന്ന് നഗരങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ. കുവൈത്തില്‍ നേരത്തെയും ഭവന പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഇവ 90 ശതമാനത്തിലധികം പൂര്‍ത്തിയായി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പദ്ധതി തുടങ്ങുന്നത്.
വിദേശത്തുള്ള വന്‍കിട കമ്പനികള്‍ ടെന്‍ഡറിന്റെ ഭാഗമാകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നിര്‍മിക്കുക, പരിപാലിക്കുക, കൈമാറ്റം ചെയ്യുക എന്നീ മൂന്ന് ദൗത്യങ്ങളും കരാര്‍ ലഭിക്കുന്ന കമ്പനികള്‍ക്കായിരിക്കും. വിഷന്‍ 2035 പദ്ധതിയുടെ ഭാഗമായിട്ടാണ് ഭവന പദ്ധതിയും നഗര നിര്‍മാണവും. ജനസംഖ്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടുതല്‍ നഗരങ്ങള്‍ നിര്‍മിക്കുന്നത്.












Click it and Unblock the Notifications