കുവൈത്ത് മുതല്‍ ഒമാന്‍ വരെ 2117 കി.മീ റെയില്‍വെ; ബഹ്‌റൈനില്‍ ഒപ്പുവെച്ച കരാര്‍ ജിസിസിയെ മാറ്റിമറിക്കും
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍വെ ശൃംഖല ഒരുക്കുന്നതിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് പുതിയ കരാര്‍. ബഹ്‌റൈനിലെ മനാമയില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. ആറ് രാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാരും സന്നിഹിതരായിരുന്നു.
കുവൈത്തില്‍ നിന്ന് ആരംഭിച്ച ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍വെ വരുന്നത്. പദ്ധതിയുടെ 56 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലും സ്വന്തമായി സ്ഥാപിച്ച റെയില്‍വെ ബന്ധിപ്പിക്കുന്ന കരാറാണ് ബഹ്‌റൈനില്‍ ഒപ്പുവെച്ചത്. ജിസിസിയിലെ ആറ് രാജ്യങ്ങളുടെയും ബന്ധവും വ്യാപാരവും യാത്രകളും എളുപ്പമാക്കുന്നതാണ് റെയില്‍വെ പദ്ധതി.

നിലവില്‍ 56 ശതമാനം റെയില്‍വെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സമ്പൂര്‍ണമായ തോതില്‍ യാത്ര ആരംഭിക്കുക 2030 ഡിസംബറില്‍ ആയിരിക്കും. വ്യാപാരം വേഗത്തിലാകുമെന്നതാണ് ഗുണം. ജിസിസി രാജ്യങ്ങളിലെ മൊത്തം വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. ഏതെങ്കിലും ഒരു രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തു അതിവേഗം ആറ് രാജ്യങ്ങളിലും എത്തിക്കാന്‍ സാധിക്കും. കയറ്റുമതിയും അതുപോലെ വിപുലമാകും.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത
കുവൈത്തില്‍ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് ഒമാനില്‍ പാത അവസാനിക്കുക. 2117 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍പാളം വരിക. യാത്രാ ട്രെയിനുകളും ചരക്കു വണ്ടികളും ഇതുവഴി കടന്നുപോകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ചരക്കുവണ്ടികള്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലും.
2045 ആകുമ്പോഴേക്കും 80 ലക്ഷം യാത്രക്കാരെയും 95 ദശലക്ഷം ടണ്‍ ചരക്കുകളും വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചരക്കു കടത്തിന്റെ ചെലവ് ഗണ്യമായി കുറയുമെന്നതാണ് മറ്റൊരു നേട്ടം. വിമാനത്തിനും കപ്പലിനും പുറമെ മറ്റൊരു യാത്രാ മാര്‍ഗം കൂടി ജിസിസി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മുന്നിലെത്തുകയാണ്. ഗതാഗതം, സംഭരണം എന്നീ മേഖലയില്‍ കോടികളുടെ നിക്ഷേപം ഇതുമൂലം എത്തുമെന്നാണ് പ്രതീക്ഷ.
ഖത്തര്‍-സൗദി അറേബ്യ റെയില്‍പാത
എല്ലാ രാജ്യങ്ങളിലും റെയില്‍പാത നിര്‍മാണം സജീവമാണ്. ഒമാന്‍ മുതല്‍ യുഎഇ വരെയുള്ള റെയില്‍പാതയിലെ സര്‍വീസ് പരീക്ഷണം അടുത്ത വര്‍ഷം നടക്കും. സുഹാറിനും അബുദാബിക്കുമിടയില്‍ 238 കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍പാത. ഒരു മണിക്കൂര്‍ 40 മിനുട്ടില്‍ ഈ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. സുഹാറിനും അല്‍ ഐനിനുമിടയില്‍ 47 മിനുട്ട് മതിയാകും. ചരക്കു വണ്ടികള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാകും സഞ്ചരിക്കുക.
650 കിലോമീറ്റര്‍ ദൂരത്തിലുള്ള സൗദി-കുവൈത്ത് റെയില്‍ ഇടനാഴി 2028ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. റിയാദില്‍ നിന്ന് ദോഹയിലേക്കുള്ള റെയില്‍ ലിങ്കിന്റെ ചര്‍ച്ചകളും നടക്കുകയാണ്. യുഎഇയില്‍ പാസഞ്ചര്‍ റെയില്‍ സര്‍വീസ് കഴിഞ്ഞ ജൂണില്‍ ആരംഭിച്ചു. അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് 1 മണിക്കൂര്‍ 45 മിനുട്ടില്‍ എത്താന്‍ സാധിക്കുന്നതാണ് പാത. ദൂബായിലേക്കും പാത നീട്ടിയിട്ടുണ്ട്.


Click it and Unblock the Notifications
