കുവൈത്ത് അത്യുഗ്രന്‍ നീക്കത്തിന്; ഒപ്പം സൗദി അറേബ്യയും... എണ്ണ-വാതകം നിറഞ്ഞൊഴുകും
കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുള്ള രാജ്യമാണ് കുവൈത്ത്. എണ്ണയാണ് കുവൈത്തിനെ സമ്പന്നമാക്കുന്നത്. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ മുഖ്യ ശക്തിയാണ് കുവൈത്ത്. എണ്ണ മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ ജിസിസി രാജ്യം. എല്ലാ രാജ്യങ്ങളും പുനരുപയോഗ ഊര്‍ജത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് കുവൈത്ത് പരമ്പരാഗത മേഖലയില്‍ വന്‍ തുക മുടക്കാന്‍ പോകുന്നത്.
എണ്ണയ്ക്ക് വേണ്ടി ഇന്ത്യ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ലോകത്തെ എണ്ണ സമ്പത്തിന്റെ ആറ് ശതമാനം കുവൈത്തിലാണ്. സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് കുവൈത്തിന്റെ പ്രകൃതി വിഭവം കൂടുതലുള്ളത്. ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം കുവൈത്ത് ആയിരുന്നു. ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

കുവൈത്ത് ചില സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് എന്നതാണ് പുതിയ വാര്‍ത്ത. എണ്ണ ഉല്‍പ്പാദനത്തിന് പുറമെ വാതക ഉല്‍പ്പാദനവും കൂട്ടാന്‍ കുവൈത്ത് തീരുമാനിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനമാണിത്. നിലവില്‍ കുവൈത്ത് പ്രതിദിനം 27 ലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നാല് വര്‍ഷത്തിനികം ഇത് 31.5 ലക്ഷമാക്കി ഉയര്‍ത്താനാണ് കുവൈത്തിന്റെ തീരുമാനം.
നാല് വര്‍ഷത്തിനകം പ്രകൃതി വാതക ഉല്‍പ്പാദനം 70 ശതമാനം വര്‍ധിപ്പിക്കാനും കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്. ഒപെകിലെ അഞ്ചാമത്തെ എണ്ണ ഉല്‍പ്പാദക രാജ്യമാണ് നിലവില്‍ കുവൈത്ത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഇറാന്‍ എന്നിവയാണ് കുവൈത്തിന് മുന്നിലുള്ളത്. ഒപെകിലെ ധാരണ പ്രകാരം അടുത്തിടെ കുവൈത്ത് 1.28 ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറച്ചിരുന്നു. ഇതോടെയാണ് ഇറാന്‍ നാലാം സ്ഥാനത്തെത്തിയത്.
ഒപെകിലെ ഓരോ അംഗരാജ്യങ്ങള്‍ക്കും എണ്ണ ഉല്‍പ്പാദനത്തിന് പ്രത്യേകം ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. വിപണിയിലെ എണ്ണ ലഭ്യതയില്‍ ഒരു കൃത്യത വരുന്നതിന് വേണ്ടിയാണിത്. കുവൈത്തിന് പ്രതിദിനം 26.76 ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാം. സൗദിയുടെ സഹായത്തോടെ ദുര്‍റ എണ്ണപ്പാടത്തെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് എണ്ണ വകുപ്പ് മന്ത്രി സഅദ് അല്‍ ബറാക് പറഞ്ഞു.
2035 ആകുമ്പോഴേക്കും എണ്ണ ഉല്‍പ്പാന ശേഷി പ്രതിദിനം 40 ലക്ഷം ബാരലാക്കി ഉയര്‍ത്താനാണ് കുവൈത്തിന്റെ തീരുമാനം. ഇതിന് വേണ്ടി 41000 കോടി ഡോളറിന്റെ നിക്ഷേപകമാണ് രാജ്യം നടത്തുന്നത്. അടിസ്ഥാന സൗകര്യം വികസിപ്പിക്കലും ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയും വാതകവും കയറ്റുമതി ചെയ്യാനുള്ള സൗകര്യമടക്കം വിപുലീകരിക്കലും പദ്ധതിയുടെ ഭാഗമാണ്.
ഈ തോതിലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ അഞ്ച് വര്‍ഷത്തിനകം 1100 കോടി ഡോളര്‍ ലാഭം കൊയ്യാമെന്ന് കുവൈത്ത് കണക്കുകൂട്ടുന്നു. 2040 ആകുമ്പോഴേക്കും പ്രകൃതി വാതക ഉല്‍പ്പാദനം പ്രതിദിനം 1.5 ലക്ഷം കോടി ക്യുബിക് ഫീറ്റ് ആക്കി ഉയര്‍ത്തണമെന്നാണ് കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ദുര്‍റ വാതക മേഖലയില്‍ ഇറാനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രമ്യതയിലെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.












Click it and Unblock the Notifications