കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ് അന്തരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ് അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 86 കാരനായ അമീറിനെ കുവൈത്തിലെ സബാഹ് ആശുപത്രിയില്‍ നവംബര്‍ അവസാനവാരമാണ് പ്രവേശിപ്പിച്ചത്.
അമീറിന്റെ മരണകാരണം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍-അഹമ്മദ് അല്‍-സബാഹിന്റെ നിര്യാണത്തില്‍ തങ്ങള്‍ വിലപിക്കുന്നു എന്നാണ് കുവൈത്ത് സ്റ്റേറ്റ് ടെലിവിഷന്‍ പ്രസ്താവനയില്‍ അറിയിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

നേരത്തെ അദ്ദേഹം ആശുപത്രിയിലാണ് എന്ന വാര്‍ത്ത കൊട്ടാരം അധികൃതര്‍ നിഷേധിച്ചിരുന്നു. 2020 ല്‍ ആണ് ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ് കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റത്. ഇതിന് ശേഷം പല തവണ ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു.
ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ സബാഹിന്റെ മരണ ശേഷമാണ് ശൈഖ് നവാഫ് കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റത്. കുവൈത്തിലെ ശാന്തനായ ഭരണാധികാരി എന്നായിരുന്നു ശൈഖ് നവാഫ് അറിയപ്പെടുന്നത്. പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള പോരിനിടയിലും അദ്ദേഹം സമചിത്തതയോടെ തീരുമാനം എടുക്കാറുണ്ടായിരുന്നു.
2021 ല്‍ ശൈഖ് നവാഫ് വിമത സ്വരം ഉയര്‍ത്തിയ നേതാക്കള്‍ക്ക് പൊതുമാപ്പ് നല്‍കുകയും ജയില്‍ ശിക്ഷ കുറച്ചുകൊടുക്കുകയും ചെയ്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. വിമതരെ അനുനയിപ്പിക്കുക എന്നതായിരുന്നു തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. 42 ലക്ഷം ജനസംഖ്യയുടെ കുവൈത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള ആറാമത്തെ രാജ്യം കൂടിയാണ്. ഇറാഖുമായും സൗദി അറേബ്യയുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്.
ഇപ്പോള്‍ 83 വയസ്സുള്ള ശൈഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ്. ഇദ്ദേഹമായിരിക്കും കുവൈത്തിന്റെ അടുത്ത ഭരണാധികാരിയായി ചുമതലയേല്‍ക്കുക എന്നാണ് വിവരം.












Click it and Unblock the Notifications