കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ പദ്ധതി: അവിടേക്ക് ആദ്യ വിളി ലുലുവിന്, കരാറായി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവർത്തനങ്ങള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി ബിയൗട്ട് ഹോൾഡിംഗുമായി തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പിട്ട് ലുലു ഗ്രൂപ്പ്. കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ പദ്ധതിയായ അൽ മുത്‌ലാ റെസിഡൻഷ്യൽ സിറ്റിയിൽ വരുന്ന ബിയൗട്ട് പ്ലസ് മാൾ സമുച്ചയത്തിനുള്ളിൽ 6,650 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഹൈപ്പർമാർക്കറ്റ് ലുലു തുറക്കും. ഈ സഹകരണം അൽ മുത്‌ലായുടെ വാണിജ്യവികസനത്തിലെ നാഴികക്കല്ലാണെന്നായിരുന്നു കരാർ ഒപ്പിട്ടതിന് പിന്നാലെ ലുലു ഗ്രൂപ്പ് അറിയിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ബിയൗട്ട് ഹോൾഡിംഗ് ഗ്രൂപ്പ് സിഇഒയും വൈസ് ചെയർമാനുമായ അബ്ദുൾറഹ്മാൻ അൽ ഖന്നയുമാണ് കരാർ ഒപ്പിട്ടത്. ഇതോടെ ബിയൗട്ട് പ്ലസ് പദ്ധതിയിലെ ആദ്യത്തെ തന്ത്രപരമായ കൈവശക്കാരിൽ ഒന്നായും ലുലു മാറി. 2,50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബിയൗട്ട് പ്ലസ് മാൾ, 4 ലക്ഷത്തിലധികം താമസക്കാരെ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്ത അൽ മുത്‌ലാ റെസിഡൻഷ്യൽ സിറ്റിയുടെ പ്രധാന വാണിജ്യകേന്ദ്രമാണ്. റീട്ടെയിൽ, ഷോറൂമുകൾ, വെയർഹൗസുകൾ, ഓഫീസുകൾ എന്നിവ സമന്വയിപ്പിക്കുന്ന ഈ പദ്ധതി 2027-ന്റെ ആദ്യ പാദത്തിൽ പൂർത്തിയാകും.

"ജിസിസിയിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രാൻഡായ ലുലു കുവൈത്തിലെ വിപുലീകരണ പാതയിലാണ്. ബിയൗട്ട് ഹോൾഡിംഗുമായുള്ള ഈ സഹകരണം ഞങ്ങളുടെ റീട്ടെയിൽ സേവനങ്ങൾ വിപുലീകരിക്കാനും ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകാനുമുള്ള പ്രതിബദ്ധതയാണ്. ബിയൗട്ട് ടീമിന്റെ പിന്തുണയ്ക്ക് നന്ദി." ലുലു ഗ്രൂപ്പ് ചെയർമാന്‍ പറഞ്ഞു.
ലുലു ഗ്രൂപ്പുമായുള്ള കരാർ ഒപ്പിട്ടത് പ്രധാന നാഴികക്കല്ലാണെന്നായിരുന്നു ബിയൗട്ട് ഹോൾഡിംഗ് സിഇഒ അബ്ദുൾറഹ്മാൻ അൽ ഖന്നയുടെ പ്രതികരണം. "പദ്ധതിയുടെ ലീസിംഗ് പ്രവർത്തനങ്ങൾ തന്ത്രപരമായ കൈവശക്കാരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലോഞ്ച് സമയത്ത് പ്രഖ്യാപിച്ചതുപോലെ പദ്ധതിയുടെ യഥാർത്ഥ സ്വഭാവം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ലുലു ഗ്രൂപ്പുമായുള്ള കരാർ ഒപ്പിട്ടത് പ്രധാന നാഴികക്കല്ലാണ്." അബ്ദുൾറഹ്മാൻ അൽ ഖന്ന പറഞ്ഞു.
ആഗോള മാനദണ്ഡങ്ങൾ പാലിച്ച്, കുവൈത്തിന്റെ സാംസ്കാരിക-സാമൂഹിക സംവേദനക്ഷമതയെ മാനിക്കുന്ന രീതിയിലാണ് ബിയൗട്ട് പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫർണിച്ചർ, നിർമാണ സാമഗ്രികൾ എന്നിവയ്ക്ക് സമഗ്രമായ ഹോം സൊല്യൂഷനുകൾ നൽകുന്ന ഈ മാൾ, പ്രാദേശിക-അന്താരാഷ്ട്ര ബ്രാൻഡുകളുടെ തിരഞ്ഞെടുക്കപ്പെട്ട ശ്രേണി വാഗ്ദാനം ചെയ്യും. നൂതന വാസ്തുവിദ്യയും സുഗമമായ ഷോപ്പിംഗ് അനുഭവവും ഇതിന്റെ പ്രത്യേകതയാണ്.
അൽ മുത്‌ലാ നഗരത്തിന്റെ വാണിജ്യ-സാമൂഹിക ജീവിതത്തിന് പുതിയ മാനം നൽകുന്ന ഈ പദ്ധതി, കുവൈത്തിലെ റീട്ടെയിൽ മേഖലയിലെ ലുലുവിന്റെ വളർച്ചയുടെ തുടർച്ച കൂടിയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സെപ്തംബറില്‍ ഹവലിയില്‍ പുതിയ ഔട്ട്ലെറ്റ് കൂടി തുറന്നതോടെ രാജ്യത്തെ ലുലു ഗ്രൂപ്പിന്റെ സ്റ്റോറുകളുടെ എണ്ണം 17 ലേക്ക് ഉയർന്നിരുന്നു. ഹവലിയിലെ അൽ ബഹർ സെന്ററിലെ തുണിസ് സ്ട്രീറ്റിലാണ് ലുലുവിന്റെ പുതിയ ഡെയ്ലി ഫ്രഷ് സ്റ്റോർ തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 4700 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ സ്റ്റോറില്‍, നിത്യോപയോഗ സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ശീതീകരിച്ച ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടക്കമുള്ള സജ്ജീകരിച്ചുകൊണ്ട് പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി.
കുവൈത്തിന് പുറമെ സൗദി അറേബ്യയിലും നിരവധി പുതിയ സ്റ്റോറുകളാണ് ലുലു അടുത്തിടെ തുറന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 20 ശതമാനവും ഇപ്പോള്‍ ലഭിക്കുന്നത് സൗദി അറേബ്യയിൽ നിന്നാണ്. ജിദ്ദയിലെ അൽ-ബാഗ്ദാദിയ ജില്ലയിലാണ് രാജ്യത്തെ ഏറ്റവും പുതിയ സ്റ്റോർ ലുലു അടുത്തിടെ തുറന്നിരിക്കുന്നത്. ഇതോടെ സൗദി അറേബ്യയിൽ ലുലുവിന് ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളുടെ എണ്ണം 68 ആയി ഉയരുന്നു, ഇതിൽ അരാംകോ നിയോമിലെ ഔട്ട്‌ലെറ്റും ഉൾപ്പെടുന്നു.












Click it and Unblock the Notifications