ശമ്പളം കൊടുക്കാൻ പണമില്ലെങ്കിൽ ലോണെടുക്കും, കൊറോണ സമയത്ത് ചെയ്തത് അതാണ്, വെളിപ്പെടുത്തി യൂസഫലി
ദുബായ്: ഇറാന്‍-ഇസ്രായേല്‍ യുദ്ധം ഗള്‍ഫ് മേഖലയില്‍ കൂടാതെ ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് അടക്കം വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രവാസികളെ പശ്ചിമേഷ്യന്‍ സംഘര്‍ഷം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും തന്റെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.
പ്രതിസന്ധി ഘട്ടത്തില്‍ കയ്യില്‍ പണമില്ല എന്നാണെങ്കില്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുമെന്നും കൊറോണ കാലഘട്ടത്തില്‍ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും എംഎ യൂസഫലി വ്യക്തമാക്കി. ഫുജൈറയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഞങ്ങളുടെ കയ്യില്‍ ഈ സമയത്ത് പണമില്ലെങ്കില്‍ ബാങ്കില്‍ നിന്നെടുത്ത് ശമ്പളം കൊടുക്കും. കൊറോണ കാലഘട്ടത്തില്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്താണ് ശമ്പളം കൊടുത്തത്. കാരണം അവരുടെ കുടുംബം അതിന് വേണ്ടി കാത്തിരിക്കുകയാണ്. അവരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി, മാതാപിതാക്കള്‍ക്ക് മരുന്ന് വാങ്ങാന്‍ വേണ്ടി, കുടുംബം പുലര്‍ത്താന്‍ വേണ്ടിയൊക്കെ അവര്‍ ഇവിടെ നിന്ന് പണമയച്ച് കൊടുക്കണം. അവര്‍ ഉറ്റ് നോക്കുന്നത് മാസാമാസമുളള ആ ശമ്പളത്തെ ആണ്. എന്ത് പ്രശ്‌നം ഉണ്ടായാലും ആ ശമ്പളത്തിന് ഒരു കുറവും വരുത്താതെ, ഇപ്പോള്‍ കൊടുക്കുന്ന ശമ്പളം കറക്ട് ആയിട്ട് അവര്‍ക്ക് കൊടുക്കും.
ഈ സമയത്ത് പതറാതെ നില്‍ക്കുന്നതാണ് നമ്മുടെ കടമ.സാധനങ്ങള്‍ കൊണ്ട് വന്ന് കസ്റ്റമേഴ്‌സിന് സമയത്ത് കൊടുക്കുക എന്ന എന്റെ ഉത്തരവാദിത്തം പോലെ തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്ക് ശമ്പളം ശരിയായി കൊടുക്കുക എന്നത്. കൊറോണ ഉണ്ടായപ്പോള്‍ പല കമ്പനികളും ശമ്പളം കുറച്ചു. പക്ഷേ തന്റെ കൂടെയുളള സഹപ്രവര്‍ത്തകര്‍ക്ക് ഒരു പൈസ പോലും കുറച്ചിട്ടില്ല, കുറയ്ക്കുകയുമില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും സമയത്ത് ശമ്പളം കൊടുക്കും. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ല''.












Click it and Unblock the Notifications