'യൂസഫലിയ്ക്ക് മാത്രം സാധിക്കുന്നത്..'; ജീവനക്കാരന്റെ ശവമഞ്ചം ചുമന്ന് യൂസഫലി, കൈയടിച്ച് സോഷ്യല്‍ മീഡിയ
ലോകത്ത് നിരവധി ശതകോടീശ്വരന്‍മാരുണ്ടെങ്കിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അതില്‍ നിന്നും വ്യത്യസ്തനാണ്. സമ്പത്തിന്റെ അത്യുന്നതിയില്‍ വിരാജിക്കുമ്പോഴും സഹജീവികളോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ യൂസഫലിയുടെ മറ്റൊരു പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രശംസ ഏറ്റുവാങ്ങുന്നത്.
തന്റെ ജീവനക്കാരന്റെ ശവമഞ്ചം ചുമക്കുന്നതും അദ്ദേഹത്തിന്റെ അന്ത്യശുശ്രൂഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും യൂസഫലി നേതത്വം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എം എ യൂസഫലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഒരു ലക്ഷത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്. അബുദാബിയിലെ അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്റെ മരണാനന്തര ചടങ്ങിലാണ് യൂസഫലി സജീവമായി പങ്കെടുത്തത്.

അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ തിരൂര്‍ കന്മനം സ്വദേശിയായ ഷിഹാബുദ്ദീന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷിഹാബുദ്ദീന്‍ മരിച്ചത്. ''ഹൃദയാഘാതം മൂലം മരിച്ച അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍വൈസറും തിരൂര്‍ കന്മനം സ്വദേശിയുമായ ഷിഹാബുദ്ദീന്റെ മയ്യിത്ത് നമസ്‌കാരം. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമേന്‍'' എന്നാണ് വീഡിയോ പങ്ക് വെച്ച് യൂസഫലി കുറിച്ചത്.
യൂസഫലിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ''ഒരു മനുഷ്യന്‍ മരിച്ചു... അവന്റെ മൃതദേഹത്തില്‍ പ്രാര്‍ത്ഥന നയിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനും മരിച്ചയാളുടെ കമ്പനി ഉടമയുമാണ്... ഇതാണ് മനുഷ്യത്വം,'' ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇതാണ് തൊഴിലുടമ എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
യൂസഫലിക്ക് മാത്രം കഴിയുന്നത് എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മലയാളി എന്ന വിശേഷണമുള്ള യൂസഫലി രാജ്യത്തെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരിലൊരാളാണ്. യൂസഫ് അലിയുടെ ലുലു ഗ്രൂപ്പിന് നിരവധി ഇന്ത്യന്‍ നഗരങ്ങളിലും യുഎഇയിലുമായി 240 ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഉണ്ട്. ഫോര്‍ബ്സ് പറയുന്നതനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളര്‍ ആണ്.
അതായത് ഏകദേശം 55,000 കോടി രൂപ! ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നതിനൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് യൂസഫലി. തന്റെ ആരാധകന് 2 ലക്ഷം രൂപയുടെ ആഡംബര റാഡോ വാച്ച് സമ്മാനിച്ച് കൊണ്ടും യൂസഫലി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.












Click it and Unblock the Notifications