യൂസഫലിക്ക് അമൂല്യ സമ്മാനം നൽകി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, സന്തോഷം പങ്കിട്ട് ലുലു ചെയർമാൻ
ദുബായ്: എംഎ യൂസഫലിക്ക് മലയാളികള്‍ക്കിടയില്‍ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. അത് പോലെ തന്നെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദില്‍ നിന്നും ഒരു അമൂല്യ സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.
സോഷ്യല്‍ മീഡിയയിലാണ് യൂസഫലി തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് താന്‍ അങ്ങേയറ്റം നന്ദിയുളളവനാണ് എന്ന് യൂസഫലി കുറിക്കുന്നു. തന്നെ ഇക്കാര്യത്തിന് പരിഗണിച്ചതിനും യൂസഫലി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നന്ദി പറയുന്നു.

ഇനി എന്താണ് എം എ യൂസഫലിക്ക് ലഭിച്ച ആ സമ്മാനം എന്നല്ലേ, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഴുതിയ ലെസണ്‍സ് ഫ്രം ലൈഫ് എന്ന പുസ്തകമാണ് അദ്ദേഹം കയ്യൊപ്പോട് കൂടി എംഎ യൂസഫലിക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന്റെ ആദ്യ ഭാഗം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പും യൂസഫലിക്ക് സമ്മാനിച്ച പുസ്തകത്തിലുണ്ട്.
പ്രിയപ്പെട്ട യൂസഫ് അലി എംഎ, വിജ്ഞാനം മാത്രമാണ് പങ്കുവെയ്ക്കും തോറും അധികരിക്കുന്ന സമ്പത്ത് എന്നും നല്ലൊരു വായന ആശംസിക്കുന്നു എന്നുമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുറിച്ചിരിക്കുന്നത്. അതേസമയം അദ്ദേഹത്തിൽ നിന്ന് ഇന്നത്തേയും ഭാവിയിലേയും തലമുറകൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് യൂസഫലി കുറിച്ചു.
എംഎ യൂസഫലിയുടെ വാക്കുകൾ ഇങ്ങനെ: ''യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ എച്ച്.എച്ച്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ "ലെസ്സൺസ് ഫ്രം ലൈഫ്: പാർട്ട്-1ന്റെ ഒപ്പിട്ട ഒരു കോപ്പി എനിക്ക് അയച്ചുതന്നതിന് ഞാൻ അത്യന്തം കടപ്പെട്ടിരിക്കുന്നു,. മഹത്തായ ദർശനവും ജ്ഞാനവും അറിവും ഉള്ള ഒരു ദീർഘദർശിയായ നേതാവെന്ന നിലയിൽ, അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്ക് ഏറെ പഠിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു. ഈ പുസ്തകം സ്വീകരിക്കുന്നതിന് എന്നെ പരിഗണിച്ചതിന് അദ്ദേഹത്തോട് ഞാൻ നന്ദിയുള്ളവനാണ്''.












Click it and Unblock the Notifications