ലുലു ഗ്രൂപ്പിന്റെ തന്ത്രപരമായ നീക്കം; യൂറോപ്പും ആഫ്രിക്കയും പിടിക്കാം, സംഭരണ കേന്ദ്രം ഈ രാജ്യത്ത്
ദുബായ്: ഡസനില്‍ അധികം രാജ്യങ്ങൡ സൂപ്പര്‍ മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പ് പുതിയ മേഖലകള്‍ താണ്ടി പോകുന്നു. നിലവിലുള്ള സാന്നിധ്യം വിപുലമാക്കുകയും കൂടുതല്‍ മാര്‍ക്കറ്റുകള്‍ പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. അറബ് ലോകത്തെ പ്രധാന രാജ്യമായ ഈജിപ്തില്‍ ശീതീകരണ സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.
വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന രാജ്യമാണ് ഈജിപ്ത്. ഗള്‍ഫ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നീ മേഖലകളില്‍ നിര്‍ണായക സ്വാധീനവും ഈജിപ്തിനുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ സാന്നിധ്യം ശക്തമാക്കുന്നത് ലുലു ഗ്രൂപ്പിന് മുമ്പില്‍ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ സഹായിച്ചേക്കും. നിലവില്‍ ഒമ്പത് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ലുലിവിന് ഈജിപ്തിലുണ്ട്.

ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വാതില്‍ ആയിട്ടാണ് ഈജിപ്തിനെ വ്യവസായികള്‍ കാണുന്നത്. രണ്ട് മേഖലയിലേക്കും ചരക്കുകള്‍ എത്തിക്കുന്നതിന് ഈജിപ്തിന് വേഗത്തില്‍ സാധിക്കും. ഈ മാര്‍ക്കറ്റില്‍ സാന്നിധ്യം ശക്തമാക്കിയാല്‍ ലുലു ഗ്രൂപ്പിന് വന്‍ നേട്ടങ്ങള്‍ കൊയ്യാം. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ഈജിപ്ത് എന്നതും ലുലു ഗ്രൂപ്പിന് നേട്ടമാകും.
യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. അതിന് പുറമെയാണ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും സാന്നിധ്യം. ഈജിപ്തിലെ ഒമ്പത് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഫയര്‍ എക്‌സ്‌പോര്‍ട്ട് സിഇഒ നജ്മുദ്ദീന്‍ ഇബ്രാഹീം കുട്ടി സൂചന നല്‍കി. ഇതുവഴി കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
ലുലു ഗ്രൂപ്പ് പ്രതിനിധികളും ഈജിപ്ത് മന്ത്രിയും ചര്‍ച്ച നടത്തി
ഈജിപ്തില്‍ ശീതീകരണ സംഭരണ കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ലുലു ഗ്രൂപ്പിന് മുമ്പില്‍ അടുത്തതായുള്ളത്. ഇതുവഴി കയറ്റുമതി വിപുലമാക്കാമെന്നും കരുതുന്നു. ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലേക്കും ചരക്കുകള്‍ എത്തിക്കുന്നത് എളുപ്പമാകാനുള്ള വഴിയാണ് ഒരുക്കുന്നത്. ലുലു ഗ്രൂപ്പ് പ്രതിനിധികളും ഈജിപ്ത് വിദേശ വ്യാപാര മന്ത്രി ഹസന്‍ അല്‍ ഖാത്തിബും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിഷയമായി.
ഈജിപ്തില്‍ വ്യവസായം തുടങ്ങുമ്പോഴുള്ള നേട്ടങ്ങള്‍ മന്ത്രി ചര്‍ച്ചയില്‍ വിശദീകരിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഈജിപ്ത് നടപ്പാക്കുന്ന പദ്ധതികളും താല്‍പ്പര്യവും മന്ത്രി പറഞ്ഞു. മാത്രമല്ല, ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തമാക്കാനും ഈജിപ്തിന് താല്‍പ്പര്യമുണ്ട്. വിദേശ നിക്ഷേപം ആകര്‍ഷിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഈജിപ്തിന്റെ ലക്ഷ്യം.
ലുലു ഗ്രൂപ്പ് ശീതീകരണ സംഭരണ കേന്ദ്രം ഈജിപ്തില്‍ സ്ഥാപിക്കുന്നതിലൂടെ ഈജിപ്തിലെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്താനുള്ള വഴിയാണ് ഒരുങ്ങുന്നത്. ഈജിപ്തില്‍ നിന്ന് ശേഖരിക്കുന്ന പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ ലുലു ഗ്രൂപ്പിന്റെ വിവിധ ഔട്ട്‌ലെറ്റുകളിലേക്ക് എത്തിക്കും. ലുലുവിനെ ഈജിപ്ത് സ്വാഗതം ചെയ്തതോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം കൂട്ടാനും കമ്പനി ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications