ലുലു മറ്റാരും തരാത്ത വിലക്കുറവ് തരും; ഉറപ്പുമായി യൂസഫലി: മറ്റൊരു രാജ്യത്തും പ്രവർത്തനം വ്യാപിപ്പിക്കുന്നു
സമീപകാലത്ത് തങ്ങളുടെ സാന്നിധ്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുകയാണ് ലുലു ഗ്രൂപ്പ്. ഇതിനോടകം പ്രവർത്തനം നടക്കുന്ന രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപവും ലുലു നടത്തുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഇന്തോനേഷ്യയില്‍ വമ്പന്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു. ഇന്തോനേഷ്യയുടെ സാമ്പത്തിക കാര്യ ഏകോപന മന്ത്രി എയർലാംഗ ഹർത്താർട്ടോ തന്നെയാണ് ലുലുവിന്റെ നിക്ഷേപം സംബന്ധിച്ച വാർത്തകള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
"ലുലു ഗ്രൂപ്പ് രാജ്യത്ത് വന്‍ നിക്ഷേപമാണ് നടത്താന്‍ പോകുന്നത്. പ്രത്യേകിച്ച് ലുലു ഇന്തോനേഷ്യയിൽ ഒരു മാംസ സംസ്കരണ ഫാക്ടറിയുടെ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങളെ സർക്കാർ സ്വാഗതം ചെയ്യുന്നു," ബുധനാഴ്ച ദുബായിൽ ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.

ഇതിനോടകം തന്നെ ഇന്തോനേഷ്യയിലെ റീടെയില്‍ വ്യവസായ രംഗത്ത് ചുവട് ഉറപ്പിച്ച് കഴിഞ്ഞ ലുലു കകുങ്, തൻഗെരാങ്, സവാംഗൻ, ബെകാസി എന്നിവിടങ്ങളിലായി നാല് ലുലു ഹൈപ്പർമാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്നു. വരും കാലയളവില്‍ ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം വലിയ തോതില്‍ ഉയർത്താനും കമ്പനിക്ക് പദ്ധതികളുണ്ട്.
യു എ ഇ അടക്കമുള്ള രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് വിതരണം ചെയ്യാന്‍ കൂടി കണക്കാക്കിക്കൊണ്ടായിരിക്കും ഇന്ത്യോനേഷ്യയില്‍ പുതിയ മാംസ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നത്. സോസേജ്, മീറ്റ്ബോൾ ഉൽപ്പന്നങ്ങൾ എന്നിവയുടെ അസംസ്കൃത വസ്തുക്കൾ തയ്യാറാക്കൽ പാക്കേജിങ് എന്നിവയയായിരിക്കും ഇവിടെ നടക്കുകു.
വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുമെന്ന ഉറപ്പും ഇന്തോനേഷ്യന്‍ ജനതക്കായി എം എ യൂസഫലി നല്‍കുന്നു. "ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കുമെന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളേക്കാൾ വില കുറവായിരിക്കുമെന്നും ഞങ്ങൾ ഉറപ്പ് നൽകുന്നു," എംഎ യൂസഫലി പറഞ്ഞു.
ഇന്തോനേഷ്യ അവരുടെ പ്രത്യേക സാമ്പത്തിക മേഖലകളിലാണ് (SEZ) മാംസ സംസ്കരണ പ്ലാറ്റിന് ഭൂമി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നികുതി ആനുകൂല്യങ്ങൾ, മത്സരാധിഷ്ഠിത ലേബർ സംവിധാനം, സംയോജിത അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ കാര്യക്ഷമമായ കസ്റ്റംസ് നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ നിക്ഷേപകർക്ക് വിവിധ ആനുകൂല്യങ്ങളാണ് സെസ് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം, ലുലു ഗ്രൂപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തില്‍ വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. 2024 സാമ്പത്തിക വർഷത്തിൽ 12.4 ശതമാനം ലാഭ വളർച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. മുൻവർഷത്തെ 221.7 മില്യൻ ഡോളറിൽ നിന്ന് 249.2 മില്യൻ ഡോളറായാണ് ലാഭം കുതിച്ചുയർന്നു.
ഇതേകാലയളില്‍ ലുലുവിന്റെ വരുമാനം 4.2 ശതമാനത്തോളം വർധിച്ച് 762 കോടി ഡോളർ അഥവാ 66500 കോടി രൂപയുമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 16,600 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.8 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications