ലുലു നിക്ഷേപകർക്ക് നല്‍കിയത് 867 കോടിയുടെ ലാഭം: പിന്നാലെ ഇതാ ദുബായില്‍ സാന്നിധ്യം ശക്തമാക്കുന്നു
ദുബായ്: ജി സി സിയിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ലുലു ഗ്രൂപ്പ്. ദുബായ് നാദ് അൽ ഹമറിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറുന്നുകൊണ്ടാണ് ലുലു യു എ ഇയിലെ സാന്നിധ്യം വിപുലമാക്കിയത്. ജി സി സിയിലെ ലുലുവിന്റെ 260-ാമത്തേതും യു എ ഇ യിലെ 112-ാമത്തേയും സ്റ്റോറാണ് ദുബായ് നാദ് അൽ ഹമറിലേതെന്ന പ്രത്യേകതകയുമുണ്ട്.
22000 ചതുരശ്ര അടി വിസ്തീർണമുള്ള ലുലു എക്സ്പ്രസ് നാദ് അൽ ഹമറിലെയും സമീപപ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കിപ്പെടുന്നത്. പഴം, പച്ചക്കറി, ഗ്രോസറി, ബേക്കറി, സീഫുഡ്, മാംസം, ഡയറി ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.

എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം എ സലിമിന്റെ സാന്നിധ്യത്തിൽ നടന്നു. ദുബൈ ഔഖാഫ് ഗവൺമെന്റ് പാർട്ണർഷിപ്സ് അഡ്വൈസർ നാസർ താനി അൽ മദ്രൂസിയും ഔഖാഫ് കൊമേഴ്സ്യൽ ബിസിനസ് ഡെവലപ്മെന്റ് പ്രതിനിധി ഗാലിബ് ബിൻ ഖർബാഷും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. മികച്ച ഇ-കൊമേഴ്സ് സേവനവും ലുലു എക്സ്പ്രസ് ഉറപ്പാക്കുന്നുണ്ടെന്ന് എം എ സലിം അറിയിച്ചു. യു എ ഇയിൽ കൂടുതൽ സ്റ്റോറുകൾ ഉടൻ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് റീജിയണൽ ഡയറക്ടർ ജെയിംസ് കെ. വർഗീസ്, ദുബൈ റീജിയൺ ഡയറക്ടർ കെ പി തമ്പാൻ എന്നിവരും പങ്കെടുത്തു.

അതേസമയം, അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ലുലു 36,000 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. 9.9% വളർച്ചയോടെ 1,200 കോടി രൂപയോളം ആകെ ലാഭവും ലുലു റീട്ടെയ്ൽ സ്വന്തമാക്കി. ഇതോടൊപ്പം തന്നെ നിക്ഷേപകർക്കായി 867 കോടി രൂപ (98.4 മില്യൺ ഡോളർ) ലാഭവിഹിതവും പ്രഖ്യാപിച്ചു. അതായത് 78%ത്തിലേറെ ലാഭവിഹിതം നിക്ഷേപകർക്ക് നൽകുന്നു.
രണ്ടാം പാദത്തിൽ കമ്പനി 4.6% അധിക വളർച്ച കൈവരിച്ചു. പ്രൈവറ്റ് ലേബൽ, ഇ-കൊമേഴ്സ് മേഖലകളിലെ ശക്തമായ വളർച്ചയാണ് ഈ നേട്ടത്തിന് കാരണം. പ്രൈവറ്റ് ലേബൽ (ലുലു പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങൾ) 5,037 കോടി രൂപയുടെ വരുമാനത്തോടെ 3.5% വളർച്ച നേടി. മൊത്തം റീട്ടെയ്ൽ വരുമാനത്തിന്റെ 29.7% പ്രൈവറ്റ് ലേബലിൽ നിന്നാണ്. ഇ-കൊമേഴ്സ് മേഖല 952 കോടി രൂപയുടെ വരുമാനത്തോടെ 43.4% വളർച്ചയും കൈവരിച്ചു.
യു എ ഇ യിൽ 9.4%, സൗദി അറേബ്യയിൽ 3.8%, കുവൈത്തിൽ 4.9% എന്നിങ്ങനെയാണ് വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. ഈ വർഷം 11 പുതിയ സ്റ്റോറുകൾ ലുലു ഗ്രൂപ്പ് തുറന്നു. ഒമ്പത് പുതിയ സ്റ്റോറുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് നിക്ഷേപകർക്ക് മികച്ച നേട്ടങ്ങൾ ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. സുസ്ഥിര വളർച്ചയും ദീർഘവീക്ഷണ പദ്ധതികളുമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദുബായില്‍ പുതിയ ഒരു സ്റ്റോർ കൂടി ലുലു തുറന്നിരിക്കുന്നത്.












Click it and Unblock the Notifications