ലുലു ഗ്രൂപ്പില്‍ ജോലിക്ക് കയറിയത് സെക്യുരിറ്റി വിഭാഗത്തില്‍; ഇന്ന് മാനേജർ, ഒപ്പം അഭിമാനമായി മറ്റൊരു നേട്ടവും
കമ്പനിയുടെ ഏത് തലത്തിലുള്ള ജീവനക്കാരോടും ഒരേ കരുതലോടെയും സ്നേഹത്തോടെയും പെരുമാറുന്നതിന് പേരുകേട്ട വ്യക്തിയാണ് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി. ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നല്‍കുകയും മയ്യിത്ത് നിസ്കാരത്തിന് യൂസഫലി തന്നെ നേതൃത്വം നല്‍കുന്നതും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചർച്ചയായിരുന്നു.
ഇപ്പോഴിതാ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച തന്റെ ജീവനക്കാരനെ അഭിനന്ദിക്കാനും യൂസഫലി തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. 2009 ലാണ് സൗദി പൌരനായ സൈദ് ബത്താൽ അൽ സുബൈ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലിക്കായി എത്തുന്നത്. സെക്യുരിറ്റി സൂപ്പർവൈസറായി ലുലുവിന്റെ ഭാഗമായ സൈദ് 17 വർഷത്തെ കരിയറിൽ പടിപടിയായി ഉയർന്ന് ഇപ്പോൾ റീജിയണൽ അഡ്മിനിസ്ട്രേഷൻ മാനേജർ സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

പൂർണ്ണ സമയ ജോലിക്കാരനായ അദ്ദേഹം ഇതിനിടയില്‍ തന്നെ തന്റെ പഠനത്തിനായുള്ള സമയം കണ്ടെത്തിയിരുന്നു. അങ്ങനെ പഠിച്ച് പഠിച്ച് അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടി. ഇത് അറിഞ്ഞ എംഎ യൂസഫലി ദമ്മാമിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേളയിലാണ് സൈദിന്റെ നേട്ടത്തെ പ്രശംസിക്കുകയായിരുന്നു.
"സൈദിന്റെ ഈ നേട്ടം ദൃഢനിശ്ചയത്തിന്റെയും അച്ചടക്കത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും മാതൃകയാണ്. ഞങ്ങളുടെ സ്ഥാപനത്തിന് മുഴുവൻ അഭിമാനമാണ് ഈ നേട്ടം," യൂസഫലി പറഞ്ഞു. സൗദി മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ, തൊഴിൽ ചെയ്യുന്നവർക്ക് അക്കാദമിക് പുരോഗതി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലൂടെയാണ് സൈദ് അൽ അഹ്സയിലെ കിംഗ് ഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയത്. സ്വന്തം സ്ഥാപനമായ ലുലുവിന്റെ പ്രോത്സാഹനവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നായിരുന്നു സൈദിന്റെ പ്രതികരണം.
അതേസമയം, സൗദി അറേബ്യയിലെ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ ദിവസമാണ് തുറന്നത്. എം എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.
81268 സ്ക്വയർഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, സ്റ്റേഷനറി, ടോയ്സ് തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്ല ഓഫറുകളുമുണ്ട്. ഉപഭോക്താകൾക്കായി മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ സുസ്ഥിരതയുടേയും ഊർജ്ജസംരക്ഷണത്തിന്റെയും പ്രധാന്യം ഉയർത്തികാട്ടി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ പ്രവർത്തനവും ആരംഭിച്ചു. കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി. കാനൂ ഡയറക്ടർ അഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് കാനൂ, പ്രസിഡന്റ് തലാൽ ഫൗസി അഹമ്മദ് അലി കാനൂ, കാനൂ ഇൻഡസ്ട്രിയൽ ആൻഡ് എനർജി സിഇഒ മനോജ് കെ ത്രിപാഠി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, 707.7 കിലോവാൾട്ടിലുള്ള റൂഫ്ടോപ്പ് സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവ്വഹിച്ചു.












Click it and Unblock the Notifications