ലുലു ഗ്രൂപ്പില്‍ നിന്നും ഇത് ആദ്യം: തുടക്കം സൗദി അറേബ്യയില്‍: എംബിഎസിന്റെ ലക്ഷ്യത്തോടൊപ്പം ചേർന്ന്
സൗദി അറേബ്യയിലെ തങ്ങളുടെ ആദ്യ സോളാർ പദ്ധതിയുമായി റീട്ടെയിൽ ബിസിനസ് രംഗത്തെ കരുത്തരായ ലുലു ഗ്രൂപ്പ്. റിയാദ് സെൻട്രൽ വെയർഹൗസിലാണ് ലുലു സോളാർ പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ 'വിഷൻ 2030' ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ക്ലീന്‍ എനർജി നയങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഞങ്ങളും പങ്കുചേരുകയാണെന്ന് പദ്ധതി നടപ്പിലാക്കിക്കൊണ്ട് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
കാനൂ-ക്ലീൻമാക്സ് സംയുക്ത സംരംഭവുമായി സഹകരിച്ച് നടപ്പിലാക്കുന്ന 502.7 kWp റൂഫ്‌ടോപ്പ് സോളാർ പ്ലാന്റ്, പ്രതിവർഷം 846 MWh ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിലൂടെ ലുലു ഗ്രൂപ്പിന്റെ കാർബൺ ഫൂട്ട്പ്രിന്റ് പ്രതിവർഷം ഏകദേശം 382 മെട്രിക് ടണ്ണോളം കുറയ്ക്കുകയും ചെയ്യും. അടുത്ത പത്ത് വർഷത്തില്‍ ഏകദേശം 9000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹൈപ്പർമാർക്കറ്റ് മേഖലയിലെ ഊർജ്ജ സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിലും ഈ പദ്ധതി ഒരു മാതൃകയായി മാറുമെന്ന് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ്‌സിന്റെ ഡയറക്ടർ ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു. 'സൗദി അറേബ്യയിൽ ആദ്യമായി, അതും റിയാദിൽ ഈ സുപ്രധാന പദ്ധതി പ്രാവർത്തികമാക്കാന്‍ കഴിഞ്ഞതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്' പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
'സുസ്ഥിരത ലുലു മുറുകെ പിടിക്കുന്ന ഒരു പ്രധാന മൂല്യമാണ്, പുനരുപയോഗിക്കാനാവാത്ത ഊർജ്ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഈ നടപടിയുടെ ഭാഗമാകുന്നതില്‍ ഞങ്ങൾക്ക് സന്തോഷമുണ്ട്. സൗദി അറേബ്യയുടെ ക്ലീന്‍ എനർജി പരിവർത്തനത്തെ പിന്തുണയ്ക്കുക മാത്രമല്ല, കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിലും, രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നു. കൂടുതൽ ഹരിതാഭവും സുസ്ഥിരവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിൽ ബിസിനസുകൾക്ക് എന്തെല്ലാം സ്വാധീനം ചെലുത്താന്‍ കഴിയും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ പദ്ധതി' അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു പോലുള്ള ഒരു ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് കാനൂ ഹോൾഡിംഗിന്റെ ഡയറക്ടർ ഡോ. ഫൈസൽ ഖാലിദ് കാനൂവും അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികളോടുള്ള ലുലു ഗ്രൂപ്പിന്റെ അനുകൂലമായ സമീപനം അഭിനന്ദനാർഹമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി വൈദ്യുതി കമ്പനിയുടെ ഗ്രിഡുമായി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ആദ്യത്തെ സോളാർ പ്ലാന്റുകളിലൊന്ന് കൂടിയാണ് ലുലുവിന്റെ സോളാർ പ്ലാന്റ്. 2030 ആകുമ്പോഴേക്കും 130 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി എന്നതാണ് സൗദി അറേബ്യയുടെ ലക്ഷ്യം. അതായത് വൈദ്യുതിയുടെ 50 ശതമാനവും പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ശ്രമം.












Click it and Unblock the Notifications