ഇത് പൊളിക്കും; യുഎഇക്കാരെ ഞെട്ടിക്കാന്‍ ലുലു: ഇനി സാധനം ഓർഡർ ചെയ്താല്‍ പറന്ന് വരും
ദുബായ്: ദുബായിൽ ഡ്രോൺ മുഖേന ഗ്രോസറി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി ആരംഭിക്കാനുള്ള സാധ്യതകൾ തേടി ലുലു ഗ്രൂപ്പ്. പദ്ധതിയുടെ സാധ്യതാ പഠനം ലുലു ഇതിനോടകം തന്നെ ആരംഭിച്ചതായി വിശ്വസനീയ വൃത്തങ്ങൾ അറിയിച്ചതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലുലുവിനോടൊപ്പം തന്നെ മറ്റ് പ്രമുഖ റീട്ടെയിൽ, ക്വിക്ക് ഡെലിവറി കമ്പനികളും പുതിയ സേവനം ലാഭകരമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.
വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ആരംഭിക്കണമെങ്കിൽ യു എ ഇ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ലുലുവിന് പുറമെ, യു എ ഇയിലെ മറ്റൊരു പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയും സമാനമായ പദ്ധതികൾ ആലോചിക്കുന്നുണ്ട്. എന്നാൽ, പ്രമുഖ ഇ-കൊമേഴ്സ് കമ്പനികൾ ഉൾപ്പെടെയുള്ള മറ്റ് സാധ്യതാ കക്ഷികളിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഗള്‍ഫ് ന്യൂസിന്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

യു എ ഇയിലെ ഡ്രോൺ ഡെലിവറിയുടെ സാധ്യതകൾ
ലുലു അല്ലെങ്കിൽ യു എ ഇയിലെ മറ്റ് പ്രമുഖ റീട്ടെയിൽ ശൃംഖലകൾ ഡ്രോൺ ഡെലിവറി സംവിധാനം ആരംഭിച്ചാല്‍, ഉപഭോക്താക്കൾക്ക് സേവനങ്ങൾ എത്തിക്കുന്നതിന്റെ വേഗതയും രീതിയും വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ഡ്രോൺ ഡെലിവറിയിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ വളരെ വേഗത്തിൽ ലഭിക്കാനാകും.
കഴിഞ്ഞ ഡിസംബറിൽ, ചൈനയിലെ കീറ്റ ഡ്രോണിന് യു എ ഇയിൽ 'ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ്' (BVLOS) ലൈസൻസ് നേടിയ ആദ്യ കമ്പനിയായി മാറിയിരുന്നു. ഇതുവഴി ദുബായ് സിലിക്കൺ ഒയാസിസ് പരിധിയിൽ ഡ്രോൺ ഡെലിവറി സേവനങ്ങൾ നടത്താൻ അനുമതി ലഭിച്ചു. 2.9 കിലോമീറ്റർ വരെയാണ് കീറ്റ ഡ്രോണിന്റെ കവറേജ്. "ഓരോ ഓർഡറിനും 9.5 ദിർഹം ഡെലിവറി ഫീസാണ് ഈടാക്കുന്നത്. പരമ്പരാഗത ഡെലിവറി രീതികളെ അപേക്ഷിച്ച് അധിക ചാർജുകളില്ല. മിനിമം ഓർഡർ തുക വ്യാപാരികൾ നിശ്ചയിക്കുന്നതാണ്. അതും പരമ്പരാഗത ഡെലിവറിയുമായി തുല്യമാണ്. ഭാവിയിലെ വിലനിർണയ പദ്ധതികൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല." കീറ്റ ഡ്രോൺ വക്താവ് പറഞ്ഞു.
നേരത്തെയെത്തി ചൈനീസ് കമ്പനി
ദുബായ് സർക്കാരുമായി സഹകരിച്ച് സേവന വ്യാപനത്തിനുള്ള സാധ്യതകളും കീറ്റ ഡ്രോൺ പരിശോധിക്കുന്നുണ്ട്. ക്വിക്ക്-കൊമേഴ്സ് (Q-commerce) സേവനങ്ങൾ ഇ-കൊമേഴ്സ് മേഖലയിൽ ഇതിനോടകം തന്നെ പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. 15 മുതൽ 30 മിനിറ്റിനുള്ളിൽ ഡെലിവറി ഉറപ്പാക്കുന്ന ഈ സേവനങ്ങളിൽ, പ്രമുഖ ഇ-കൊമേഴ്സ്, ഡെലിവറി കമ്പനികൾ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രോണുകൾ ഈ വേഗത കൂടുതല്‍ ശക്തമാക്കും, എന്നാൽ നിർദ്ദിഷ്ട പ്രദേശങ്ങളിൽ മാത്രമായിരിക്കും പ്രവർത്തനം.
നിരവധി ഉപഭോക്താക്കൾ ഡ്രോൺ ഡെലിവറിയുടെ പുതുമ ആസ്വദിക്കാനും, അതിനായി അധിക തുക നൽകാനും തയ്യാറായേക്കാം. എന്നാൽ, ഓപ്പറേറ്റർമാർക്ക് ഈ സേവനം ലാഭകരമാണോ എന്ന് ഉറപ്പാക്കേണ്ടതുമുണ്ടെന്നും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
ഡ്രോൺ ഡെലിവറി ഗ്രോസറി മാത്രമല്ല. അബുദാബിയിൽ, ഏവിയേഷൻ-ടെക് കമ്പനിയായ LODD, 7X-ന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇം എം എക്സിന്റെ സഹകരണത്തോടെയും അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസിന്റെ (ADIO) പിന്തുണയോടെയും നേരത്തെ ആദ്യ ഓട്ടോണമസ് ഡ്രോൺ പാർസൽ ഡെലിവറി പരീക്ഷണം നടത്തിയിരുന്നു. ഖലീഫ സിറ്റിയിൽ നടന്ന ഈ പരീക്ഷണത്തിൽ, ഒരു ഡ്രോൺ ഒരു സിമുലേറ്റഡ് പാക്കേജ് പോസ്റ്റ് ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഡ്രോപ്പ് സോണിലേക്ക് സുരക്ഷിത വിഞ്ച്-ബേസ്ഡ് സംവിധാനം ഉപയോഗിച്ച് എത്തിച്ചു.












Click it and Unblock the Notifications