വീണതല്ല, ലുലു ഗ്രൂപ്പ് പുതിയ ഉയരങ്ങളിലേക്ക്: യുഎഇയില്‍ അടുത്ത ടാർഗറ്റ് നിശ്ചയിച്ച് എംഎ യൂസഫലി
ലുലു ഗ്രൂപ്പ് മലേഷ്യയിലെ തങ്ങളുടെ എല്ലാ സ്റ്റോറുകളും അടച്ച് പൂട്ടുന്നതായുള്ള വാർത്തയ്ക്ക് വലിയ പ്രാധാന്യമായിരുന്നു ലഭിച്ചത്. എന്നാല്‍ ലാഭകരമാല്ലാത്ത മേഖലകളിലെ ബിസിനസ് അവസാനിപ്പിച്ച് ലാഭം നല്‍കുന്ന ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. ഈ നയത്തിന് കൂടുതല്‍ അടിവരയിട്ടുകൊണ്ട് യു എ ഇയില്‍ ഇതാ പുതിയ ഒരു സ്റ്റോർ കൂടി തുറന്നിരിക്കുകയാണ് ലുലു ഗ്രൂപ്പ്.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് (MBZ) സിറ്റിയിൽ പുതിയ അത്യാധുനിക ഫ്ലാഗ്ഷിപ് ഹൈപ്പർമാർക്കറ്റാണ് ലുലു തുറന്നിരിക്കുന്നത്. എംബിഇസഡ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിലെ ഏറെ തിരക്കറേയി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ഹൈപ്പർമാർക്കറ്റ് മേഖലയിലെ വളർന്നുവരുന്ന റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയെയും സമീപ പ്രദേശങ്ങളിലേയും ആളുകളേയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അബുദാബിയിലെ മുസഫ ഏരിയയിലെ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെന്റർ ഡയറക്ടർ എഞ്ചിനീയർ മുഹമ്മദ് അബ്ദുള്ള അൽ ഹൊസാനിയാണ് ഹൈപ്പർമാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ യൂസഫലി എം എ. മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
1,25,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഹൈപ്പർമാർക്കറ്റ്, ആധുനിക സൗകര്യങ്ങളോട് കൂടിയ സമഗ്രമായ ഷോപ്പിംഗ് അനുഭവം നൽകുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയുൾപ്പെടെ പ്രത്യേക വിഭാഗങ്ങൾ ഇവിടേയും ഒരുക്കിയിട്ടുണ്ട്. യു എ ഇയില്‍ 18 പുതിയ സ്റ്റോറുകള്‍ കൂടി ഉടന്‍ തുറക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി വ്യക്തമാക്കി.
"എംബിഇസഡ് സിറ്റിയിലെ ഈ ഊർജസ്വലമായ കമ്മ്യൂണിറ്റിയുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ ലോകോത്തര ഷോപ്പിംഗ് അനുഭവം നൽകുന്നതിന് ഞങ്ങൾ സന്തുഷ്ടരാണ്. ഇത് ജിസിസിയിലെ ഞങ്ങളുടെ 256-ാമത്തെ സ്റ്റോറാണ്. അബുദാബിയിൽ 18 പുതിയ സ്റ്റോറുകൾ തുറക്കാനുള്ള ഞങ്ങളുടെ പദ്ധതി യുഎഇ വിഷൻ 2030-നോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നു," യൂസഫലി എം.എ. പറഞ്ഞു.
പ്രാദേശിക വ്യവസായങ്ങള്‍ക്ക് ശക്തി പകരുക എന്ന നയത്തിന്റെ ഭാഗമായി ഈ ഹൈപ്പർമാർക്കറ്റിൽ യു എ ഇയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം ലഭ്യമാണ്. പുറമെ ഇന്ത്യയില്‍ നിന്നടക്കമുള്ള 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളും ഇവിടെ തയ്യാറാണ്. ഫാഷൻ വസ്ത്രങ്ങൾ, ആക്സസറികൾ, ഗൃഹോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശ്രേണിയും ഇവിടെ തയ്യാർ.
ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പിന്റെ സി ഇ ഒ സൈഫി രൂപാവാല, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം എ, ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി ഐ , സി എഫ് ഒ പ്രസാദ് കെ കെ , അബുദാബി റീജിയൻ ഡയറക്ടർ അബൂബക്കർ ടി തുടങ്ങിയ മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.
അതേസമയം, കശ്മീരില്‍ നിന്നും ആദ്യമായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചെറി കയറ്റുമതിക്കും ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരിന്നു. കശ്മീരിൽ നിന്നുള്ള ചെറികൾ ആദ്യമായി ലുലു സൗദി അറേബ്യയിലേക്കും യു എ ഇയിലേക്കും എത്തിച്ചു. റിയാദിലെ ലുലു സൂപ്പർമാർക്കറ്റിൽ വെച്ച് ഇറക്കുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കൃഷി ചെയ്യാത്ത തരത്തിലുള്ള വൈവിധ്യമാർന്ന പഴങ്ങൾ ഉത്പാദിപ്പിക്കുന്ന കശ്മീരിലെ കാർഷിക മേഖലയ്ക്ക് ഈ കയറ്റുമതി ഒരു വലിയ ഉത്തേജനമാകുമെന്നും വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications